നമുക്കറിയാം ഒരു സാധാരണക്കാരന് താങ്ങാവുന്നതിൽ അപ്പുറം വിലയാണ് ഐഫോണുകൾക്കുള്ളത് എന്ന്. അതുകൊണ്ട് തന്നെ ഒരു ആപ്പിൾ ഐ ഫോൺ സ്വന്തമാക്കുക എന്നത് ഇന്നും പലരുടെയും സ്വപ്നം മാത്രമായി തുടരുകയാണ്. ഇത്രയും വില മതിക്കപ്പെടുന്ന ഫോൺ ആയതുകൊണ്ട് തന്നെ ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളിൽ മോഷണം പോകാതിരിക്കാൻ സ്റ്റാൻഡുകളിലും കെയ്‌സുകളിലും ഒക്കെയാണ് ഇത് സൂക്ഷിക്കാറുള്ളത്. എന്നാൽ ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് ജപ്പാൻകാർ പിന്തുടരുന്നത്. ജപ്പാനിലെ ഒരു ആപ്പിൾ സ്റ്റോറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഹർഷ് ഗോയങ്ക ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.
advertisement
ഇവിടെ ഐഫോണുകൾ നിരനിരയായി ഒരു സ്റ്റാൻഡിൽ ഡിസ്പ്ലേ ചെയ്തു വച്ചിരിക്കുകയാണ്. സ്റ്റോറിൽ വരുന്ന ഏതു ഉപഭോക്താക്കൾക്ക് വേണമെങ്കിലും ഫോണുകൾ എളുപ്പത്തിൽ എടുക്കാനും അവയുടെ സവിശേഷതകൾ പരിശോധിക്കാനും സാധിക്കും. "ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പോലെ, ജപ്പാനിലെ ആപ്പിൾ സ്റ്റോറുകളിലെ ഐഫോണുകൾ ആളുകൾക്ക് എടുക്കാനാകാത്ത രീതിയിൽ വയ്ക്കാറില്ല. കാരണം ആരും മോഷ്ടിക്കില്ലെന്ന് അവർക്കറിയാം. സംസ്കാരത്തിന്റെ ഏറ്റവും മികച്ച പ്രതിഫലനമല്ലേ ഇത്?" അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
വെറും 24 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം തന്നെ 75,000ത്തിൽ അധികം ആളുകൾ കണ്ടു. 1,000- ലധികം ലൈക്കുകളും ഇതിന് ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആളുകൾ തങ്ങളുടെ പ്രതികരണങ്ങളും ഈ വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുണ്ട്. ആളുകൾ സത്യസന്ധരായിരിക്കുമ്പോൾ, അത് ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും വിശ്വാസ്യത സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാണ് ഇത് കണ്ട ഒരാളുടെ പ്രതികരണം. " താൻ ജപ്പാനിൽ പോയപ്പോഴും ഇത് തന്നെയാണ് കണ്ടതെന്നും ആളുകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിന്റെ കാര്യത്തിൽ ഇത്രയധികം വിശ്വാസവും സത്യസന്ധതയും എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതിൽ അത്ഭുതപ്പെടുന്നു എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
മറ്റ് വിദേശരാജ്യങ്ങളിലെ മൊബൈൽ സ്റ്റോറുകളിലും സമാനമായ രീതിയാണ് പിന്തുടരുന്നത് എന്നും ചിലർ പറഞ്ഞു. അതേസമയം ആർപിജി എന്റർപ്രൈസസിന്റെ നിലവിലെ ചെയർമാനായ ഹർഷ് ഗോയങ്ക ഫോബ്‌സ് ശതകോടീശ്വര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Summary: Harsh Goenka lauds the Japanese culture of storing iPhone in Apple Stores