TRENDING:

അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ജലാശയങ്ങളില്‍ കുളിച്ചവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Last Updated:

97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

advertisement

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളില്‍ അമീബ കാണാം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ജലാശയങ്ങളില്‍ കുളിച്ചവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം
Open in App
Home
Video
Impact Shorts
Web Stories