ലോകാരോഗ്യ സംഘടനയുടെ ഉപവിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC) അസ്പാര്‍ടേത്തിന്റെ ഉപയോഗം കാന്‍സറിലേക്ക് നയിക്കുമോ എന്നതിനെപ്പറ്റി പഠനം നടത്തിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും യുഎൻ ഗ്രൂപ്പും നിലവിൽ ഇതിന്റെ അപകടസാധ്യത വിലയിരുത്തുന്നുണ്ട്. എന്നാൽ ഇതുവരെ അന്തിമഫലത്തിൽ എത്തിയിട്ടില്ല. ജൂലൈ 14ഓടെ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടുമെന്നാണ് വിവരം.
എന്താണ് അസ്പാര്‍ടേം?
യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോ-കലോറിഫിക് ആയ കൃത്രിമ പഞ്ചസാരയാണ് അസ്പാര്‍ടേം. ഇവയ്ക്ക് സാധാരണ പഞ്ചസാരയെക്കാള്‍ (സൂക്രോസ്) 200 മടങ്ങ് മധുരമുണ്ടായിരിക്കും. എന്നാല്‍ ഉയര്‍ന്ന ഊഷ്മാവില്‍ ഇവയ്ക്ക് മധുരം കുറയാനുള്ള സാധ്യതയുള്ളതിനാല്‍ ഇവ ചൂടാക്കാനോ, ഭക്ഷണം വറുത്തെടുക്കുമ്പോള്‍ ചേര്‍ക്കാനോ കഴിയില്ല. റെഡി ടു ഡ്രിങ്കുകളിലും കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകളിലുമാണ് (ശീതളപാനീയങ്ങൾ) ഇവ ധാരാളമായി ഉപയോഗിക്കുന്നത്. മൗണ്ടന്‍ ഡ്യൂ സീറോ ഷുഗര്‍, ഡയറ്റ് മൗണ്ടന്‍ ഡ്യൂ, സ്‌പ്രൈറ്റ് സീറോ, കോക്ക് സീറോ ഷുഗര്‍, ഡയറ്റ് കോക്ക് തുടങ്ങിയ ശീതള പാനീയങ്ങളില്‍ ഇവ ചേര്‍ക്കാറുണ്ട്. കൂടാതെ ടൂത്ത് പേസ്റ്റ്, കഫ് ഡ്രോപ്പ്, ച്യൂയിംഗം എന്നിവയിലും അസ്പാര്‍ടേം ചേര്‍ക്കാറുണ്ട്.
advertisement
നിരവധി അവലോകനങ്ങള്‍ക്ക് ശേഷമാണ് യുഎസില്‍ അസ്പാര്‍ടേത്തിന് ഉപയോഗ അനുമതി നല്‍കിയത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അസ്പാര്‍ടേത്തിന്റെ ഗുണനിലവാര പരിശോധന നടത്തിയത്. ശേഷം തെരഞ്ഞെടുത്ത ചില ഡ്രൈ ഫുഡുകളില്‍ അസ്പാര്‍ടേത്തിന് ഉപയോഗ അനുമതി നല്‍കി. 1981ലായിരുന്നു ഇത്. പിന്നീട് 1983ല്‍ ചില ഫിസി ഡ്രിങ്കുകളിലും അസ്പാര്‍ടേം ഉപയോഗിക്കാമെന്ന് സമിതി പ്രഖ്യാപിച്ചു.യുകെ, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഡെന്‍മാര്‍ക്ക് തുടങ്ങി 99 രാജ്യങ്ങളില്‍ അസ്പാര്‍ടേം ഉപയോഗിക്കുന്നുണ്ട്.
കാന്‍സറിന് കാരണമാകുമോ?
ന്യൂസ് മെഡിക്കല്‍ വെബ്‌സൈറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം അസ്പാര്‍ടേം ശരീരത്തിനുള്ളില്‍ എത്തിയതിന് ശേഷം ജല വിശ്ലേഷണത്തിന് വിധേയമാകുന്നു. പിന്നീട് ഗ്യാസ്‌ട്രോഇന്റെസ്റ്റിനിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഈ പ്രക്രിയയുടെ ഫലമായി ഫെനിലാനൈന്‍, അസ്പാര്‍ട്ടിക് ആസിഡ്, മെഥനോള്‍ എന്നിവയുണ്ടാകും. തുടര്‍ന്ന് കരളിലെത്തുന്ന മെഥനോള്‍ അവിടെവെച്ച് ഫോര്‍മാല്‍ഡിഹൈഡായി മാറും. പിന്നീട് ചില രാസപ്രവര്‍ത്തന ഫലമായി ഫോര്‍മിക് ആസിഡായി മാറും.
കരളിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന പദാര്‍ഥമാണ് മെഥനോള്‍. മെഥനോള്‍ വിഘടിച്ചുണ്ടാകുന്ന ഫോര്‍മാര്‍ഡിഹൈഡ് കരള്‍ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഇത് കാന്‍സറിലേക്ക് നയിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള തലത്തില്‍ നടന്ന മറ്റ് ചില പഠനങ്ങളും അസ്പാര്‍ടേമിന്റെ അമിത ഉപയോഗം കാന്‍സറിലേക്ക് നയിക്കുമെന്ന് തന്നെയാണ് പറയുന്നത്.
മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍
അസ്പാര്‍ടേമിന്റെ അമിത ഉപയോഗം മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. തലവേദന, വയറിനുണ്ടാകുന്ന അസ്വസ്ഥത, എന്നിവയ്ക്കും ഇവ കാരണമാകുന്നു. പൊണ്ണത്തടി, കുടല്‍ സംബന്ധമായ രോഗങ്ങള്‍ , വിഷാദം എന്നിവയ്ക്കും അസ്പാര്‍ടേം കാരണമാകുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.