റെറ്റിനയിലുള്ള രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹം ചികിൽസിച്ച് മാറ്റാനാകാതെ ദീർഘകാലം തുടരുമ്പോഴാണ് ഡയബറ്റിക് റെറ്റിനോപ്പതി കണ്ണുകളെ ബാധിക്കുന്നത്.
2014ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഡയബറ്റിക് റെറ്റിനോപ്പതി പാരമ്പര്യമായി മക്കൾക്ക് ഉണ്ടായേക്കാമെന്ന് പറയുന്നു. ഡയബെറ്റിക്ക് റെറ്റിനോപ്പതി ഉണ്ടാകുന്നതിൽ ജനിതക ഘടകങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്ന് ദക്ഷിണ കൊറിയയിലെ ഹന്യാങ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ, മസാച്യുസെറ്റ്സ് ഐ ആൻഡ് ഇയർ ഇൻഫർമറി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് മെഡിക്കൽ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ പറയുന്നു. കുടുംബങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഈ രോഗാവസ്ഥ പാരമ്പര്യമായും ഉണ്ടാകാമെന്ന് ഗവേഷകർ കണ്ടെത്തി.
advertisement
അതുപോലെ ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും ഉള്ള ഇരട്ട കുട്ടികൾക്കിടയിൽ ഡയബെറ്റിക്ക് റെറ്റിനോപ്പതിയുടെ സാധ്യത വളരെ കൂടുതലാണ്. പാരമ്പര്യമായി ഈ കുട്ടികളിൽ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യത 27 ശതമാനം വരെ ആണെന്നും കണക്കാക്കപ്പെടുന്നു. ഡയബറ്റിക് റെറ്റിനോപ്പതിയുടെ ഏറ്റവും തീവ്രമായ അവസ്ഥയായ പ്രൊലിഫറൈവേറ്റീവ് ഡയബെറ്റിക്ക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യതയാവട്ടെ 52 ശതമാനമാണെന്നും പഠനത്തിൽ കണ്ടെത്തി.
2019ൽ ഫ്രോണ്ടിയേഴ്സ് ഇൻ എൻഡോക്രിനോളജി ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം അനുസരിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഡയബെറ്റിക്ക് റെറ്റിനോപ്പതിയും കൊറോണറി ആർട്ടറി രോഗവും വരാനുള്ള സാധ്യതയും അതിന്റെ സങ്കീർണ്ണതയും വളരെ കൂടുതലാണെന്ന് കണ്ടെത്തി.
ഇത്തരം രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ ജനിതക ഘടകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഡയബെറ്റിക്ക് റെറ്റിനോപ്പതിക്ക് 25 മുതൽ 50 ശതമാനം വരെ ജനിതക സാധ്യതയും കൊറോണറി ആർട്ടറി രോഗത്തിന് 40 മുതൽ 60 ശതമാനം വരെ സാധ്യതയും മുമ്പത്തെ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ജനിതക ഘടകങ്ങൾ ഒറ്റയ്‌ക്കോ അല്ലെങ്കിൽ ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ തുടങ്ങിയ മറ്റ് അവസ്ഥകളുമായോ സംയോജിച്ച് പ്രവർത്തിച്ചേക്കാമെന്നും പഠനത്തിൽ കണ്ടെത്തി. ഇതും പ്രമേഹത്തിന്റെ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാമെന്നും പഠനത്തിൽ കണ്ടെത്തി.