സിക്കിൾ സെൽ അനീമിയക്ക് ( Sickle Cell Anaemia ) എതിരെയും ഹീമോഫീലിയയ്ക്ക് (Haemophilia ) എതിരെയുമുള്ള മരുന്നുകളെയും നാഷണൽ ഹെൽത്ത് മിഷൻ ആവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിലൂടെ ഈ അസുഖങ്ങൾക്കുള്ള മരുന്നുകൾ ആയുഷ്മാൻ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയും, ജില്ലാ - ഉപജില്ലാ ആശുപത്രികൾ വഴിയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ വഴിയും ലഭ്യമാകും. കൂടാതെ സിക്കിൾ സെൽ അനീമിയ, റാബിസ്, ഹീമോഫീലിയ എന്നീ രോഗങ്ങൾക്കുള്ള മരുന്നിന്റെ ചെലവ് കുറക്കുന്നതിന്റെ ഭാഗമായി മരുന്നുകളുടെ സംഭരണത്തിന് ദേശീയ ആരോഗ്യ മിഷൻ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. ഇതിനായി ആവശ്യമായ മരുന്നുകളുടെ കണക്കുകൾ ശേഖരിച്ച് തുക നിർദ്ദേശിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
അടുത്ത മൂന്നര വർഷത്തിനുള്ളിൽ രാജ്യത്തെ ഏഴ് കോടി ജനങ്ങളെ പരിശോധിക്കുവാനും ജനിതക തകരാറുകളായ സിക്കിൾ സെൽ അനീമിയയെയും, ഹീമോഫീലിയയെയും ഇല്ലാതാക്കുവാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗയമാണ് ഈ നടപടി. തിരഞ്ഞെടുത്ത 17 സംസ്ഥാനങ്ങളിലെ 40 വയസ്സു വരെയുള്ള ആളുകളെ കേന്ദ്രീകരിച്ചാകും ദേശീയ ആരോഗ്യ മിഷൻ പദ്ധതി നടപ്പിലാക്കുക. സിക്കിൾ സെൽ അനീമിയ, ഹീമോഫീലിയ എന്നീ അസുഖങ്ങൾ ആളുകൾക്ക് മാനസികമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി ഉണ്ടാക്കുന്നുവെന്ന് ദേശീയ ആരോഗ്യ മിഷന്റെ അഡീഷണൽ സെക്രട്ടറിയും ഡയറക്ടറുമായ എൽഎസ് ചങ്സൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആളുകൾക്ക് ആവശ്യമായ കൗൺസിലിങും, നേരുത്തെയുള്ള രോഗ നിർണ്ണയവും, ആവശ്യ മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഷ്കരിച്ച ആവശ്യ മരുന്നുകളുടെ പട്ടിക പ്രകാരം സിക്കിൾ സെൽ അനീമിയയ്ക്കുള്ള ഹൈഡ്രോക്സീയൂററിയ (Hydroxyurea), ആന്റി റാബിസ് സെറം (Anti rabies serum), ആന്റി ഹീമോഫീലിയ ഫാക്ടറായ VII, VIII, IX ഉം APCC (Activated Prothrombin Complex Concentrates) ഇൻഹിബിറ്ററുകളും ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സബ് സെന്ററുകളിലും, അർബൻ പ്രൈമറി ഹെൽത്ത് (UPHCs) സെന്ററുകളിലും ഹൈഡ്രോക്സീയൂറിയ, ആന്റി റാബിസ് സെറം എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൽഎസ് ചങ്സൻ സംസ്ഥാനങ്ങളിലെ എല്ലാ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ജനുവരി 16 ന് കത്തയച്ചിരുന്നു. കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ജില്ലാ, ഉപജില്ലാ ആശുപത്രികളിൽ ആന്റി ഹീമോഫീലിയ ഫാക്ടറായ VII, VIII, IX ന്റെയും APCC യുടെയും ലഭ്യത ഉണ്ടാകണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. കൂടാതെ ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിന് വിവര ശേഖരണം നടത്തുവാനും തുക നിർദ്ദേശിക്കുവാനും കത്തിൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.