ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകള്‍ കുറയുന്ന സമയത്താണ് ഈ കണ്ടെത്തലുകള്‍ പുറത്തുവരുന്നത്. എന്നിട്ടും, കാന്‍സര്‍ രോഗികളും കോവിഡ് സാധ്യത കൂടുതലുള്ളവരുമായ പലരും അണുബാധയുടെ ഭീഷണി കാരണം അവരുടെ വീടുകളില്‍ തന്നെ തുടരുകയാണ്.
ലാന്‍സെറ്റ് ഓങ്കോളജിയിൽ യുകെ കൊറോണ വൈറസ് കാന്‍സര്‍ ഇവാലുവേഷന്‍ പ്രോജക്ട് തിങ്കളാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്. ഈ പഠനം കാന്‍സര്‍ ബാധിതരില്‍ കോവിഡ് -19 വാക്‌സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ പരിശോധനയായി കണക്കാക്കപ്പെടുന്നു. ഓക്സ്ഫോര്‍ഡ്, ബര്‍മിംഗ്ഹാം, സൌത്താംപ്ടണ്‍ സര്‍വകലാശാലകളും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും (യുകെഎച്ച്എസ്എ) ചേര്‍ന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
advertisement
18 വയസ്സിനു മുകളില്‍ പ്രായമുള്ള 3.77 ലക്ഷം കാന്‍സര്‍ രോഗികളെ സംഘം നിരീക്ഷിച്ചു. 2018 ജനുവരിക്കും 2021 ഏപ്രിലിനും ഇടയില്‍ രോഗനിര്‍ണയം നടത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇവരില്‍ എല്ലാവരും രണ്ട് ഡോസ് കോവിഡ്-19 വാക്സിന്‍ എടുക്കുകയും 2020 ഡിസംബറിനും 2021 ഒക്ടോബറിനും ഇടയില്‍ ഇംഗ്ലണ്ടില്‍ SARS-CoV-2 PCR ടെസ്റ്റിന് വിധേയരാകുകയും ചെയ്തിട്ടുണ്ട്.
ഈ കാന്‍സര്‍ രോഗികളുടെ കൂട്ടത്തില്‍ കോവിഡ് ബാധിച്ചവരുടെയും കോവിഡുമായി ബന്ധപ്പെട്ട ആശുപത്രിവാസങ്ങളുടെയും മരണങ്ങളുടെയും എണ്ണം കാന്‍സര്‍ ബാധിതരല്ലാത്ത ജനസംഖ്യയുമായി ഗവേഷകര്‍ താരതമ്യം ചെയ്തു. പഠന കാലയളവില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത സാധാരണ ജനങ്ങളില്‍ വാക്സിന്‍ ഫലപ്രാപ്തി 69.8% ആണെന്ന് വിശകലനം കാണിക്കുന്നു. അതേസമയം കാന്‍സര്‍ രോഗികളുടെ മൊത്തത്തിലുള്ള വാക്സിന്‍ ഫലപ്രാപ്തി 65.5% ല്‍ കുറവാണ്.
കാന്‍സര്‍ രോഗികളില്‍ ഈ ഫലപ്രാപ്തി വളരെ വേഗത്തില്‍ കുറയുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ''രണ്ടാമത്തെ വാക്സിന്‍ എടുത്ത് 3-6 മാസങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ ഫലപ്രാപ്തി സാധാരണ ജനസംഖ്യയിലെ 61.4% ല്‍ നിന്ന് കാന്‍സര്‍ രോഗികളില്‍ 47.0% ആയി കുറഞ്ഞുവെന്നും'' സംഘം കണ്ടെത്തി.
കാന്‍സര്‍ രോഗികളില്‍ ബൂസ്റ്റര്‍ പ്രോഗ്രാമുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ കണ്ടെത്തലുകള്‍ ഉയര്‍ത്തിക്കാട്ടുന്നതായി സൌത്താംപ്ടൺ സര്‍വകലാശാലയിലെ മെഡിക്കല്‍ ഓങ്കോളജി പ്രൊഫസര്‍ പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ റിസര്‍ച്ച് ഓക്‌സ്‌ഫോര്‍ഡ് ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, യൂണിവേഴ്‌സിറ്റി ഓഫ് സൌത്താംപ്ടൺ, യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിംഗ്ഹാം, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി, ബ്ലഡ് ക്യാന്‍സര്‍ യുകെ എന്നിവയും പഠനത്തെ പിന്തുണച്ചു.
