സ്തനാർബുദത്തിൻെറ കാര്യത്തിൽ ഈസ്ട്രജൻ ഒരു നിർണായക ഘടകമാണ്. പ്രത്യേകിച്ച് ഹോർമോൺ റിസപ്റ്റർ പോസിറ്റീവ് സ്തനാർബുദത്തിലാണ് ഈസ്ട്രജൻെറ അളവ് നിർണായകമാവുന്നത്. ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻെറ അളവ് കുറയുന്നതിനാൽ സ്തനകലകളുടെ ഉത്തേജനം കുറയുന്നു. അതിനാൽ ആർത്തവ വിരാമത്തിന് ശേഷം ഹോർമോൺ റിസപ്റ്റർ പോസിറ്റീവ് അർബുദം ഉണ്ടാവാനുള്ള സാധ്യതയും കുറയുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും ആർത്തവവിരാമത്തിന് ശേഷം സ്തനാർബുദം ഒട്ടും ഉണ്ടാവുകയില്ലെന്ന് പറയാൻ സാധിക്കില്ല.
ജനിതകഘടന, ജീവിത ശൈലി, പരിസ്ഥിതി ഘടകങ്ങളുമായുള്ള സമ്പർക്കം എന്നിവയെല്ലാം അർബുദ സാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആർത്തവവിരാമ സമയത്ത് ശരീരത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളും നിർണായകമാണ്. ശരീരഭാരം, സ്തന സാന്ദ്രതയിലെ മാറ്റങ്ങൾ എന്നിവ സ്തനാർബുദ സാധ്യതയെ സ്വാധീനിച്ചേക്കാം. ആർത്തവവിരാമത്തിന് ശേഷം ഹോർമോൺ റിസപ്റ്റർ പോസിറ്റീവ് സ്തനാർബുദത്തിനുള്ള സാധ്യത കുറയുന്നുവെന്നത് യാഥാർഥ്യമാണ്.
advertisement
അതേസമയം ഈസ്ട്രജൻ്റെ അളവുമായി ബന്ധമില്ലാത്ത ഹോർമോൺ റിസപ്റ്റർ നെഗറ്റീവ് സ്തനാർബുദത്തിനുള്ള സാധ്യത അപ്പോഴും തുടരുന്നുണ്ട്. അതിനാൽ ആർത്തവ വിരാമത്തോടെ സ്തനാർബുദത്തിൽ നിന്ന് പൂർണമായും ഒഴിവാകാൻ സാധിക്കുമെന്ന് കരുതുന്നതിൽ കാര്യമില്ല. ആർത്തവവിരാമം നേരിട്ട് സ്തനാർബുദത്തിന് കാരണമാകില്ലെങ്കിലും പ്രായമാകുന്നതോടെ ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾക്ക് അർബുദത്തെ സ്വാധീനിക്കാനാവും.
അതിനാൽ തന്നെ സ്ത്രീകൾ പ്രായം വർധിക്കുന്നതിന് അനുസരിച്ച് സ്തനത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളെ ഗൗരവത്തോടെ കണക്കിലെടുക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും വേണം. ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും ശ്രദ്ധിക്കണം. ചുരുക്കി പറഞ്ഞാൽ ആർത്തവവിരാമം നേരിട്ട് സ്തനാർബുദത്തിന് കാരണമാവുന്നില്ല. എന്നാൽ ജീവിതത്തിൻെറ ഈ ഘട്ടത്തിലുണ്ടാവുന്ന ഹോർമോൺ മാറ്റങ്ങൾ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കും.
സ്തനാർബുദം വരാതെ നോക്കാം
ചിട്ടയായ ജീവിതശൈലിയിലൂടെയും നല്ല ആരോഗ്യശീലങ്ങളിലൂടെയുമൊക്കെ സ്തനാർബുദത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനും സാധിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന ഒന്നാണ് സ്തനാർബുദം. പുകവലിയും മദ്യപാനവും ഒഴിവാക്കുക. ഇത്തരം ശീലങ്ങൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും. ചിട്ടയായ വ്യായാമവും പ്രധാനമാണ്. നിങ്ങളുടെ ദിനചര്യയിൽ പതിവായി വ്യായാമം ഉൾപ്പെടുത്തുകയും, അമിത വണ്ണം ഉണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യുക. 30 വയസിന് മുൻപ് ആദ്യത്തെ കുഞ്ഞിന് ജൻമം നൽകുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു. ദീർഘകാലം ഹോർമോൺ തെറാപ്പി ചെയ്യുന്നത് സ്താനോരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതിനു പകരം മറ്റെന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ എന്ന കാര്യം വിദഗ്ധരുമായി കൂടിയാലോചിക്കുക.