പുകവലിയും കേള്‍വിക്കുറവും തമ്മിലുള്ള ബന്ധം
പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിക്കുന്നവരില്‍ പ്രായവുമായി ബന്ധപ്പെട്ട കേള്‍വിക്കുറവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലി ശീലമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 1.69 തവണ കേള്‍വി നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്ന് 2018ല്‍ ജേണല്‍ ഓഫ് ദ അസോസിയേഷന്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ ഒട്ടോലാറിങ്ങോളജി(ജെഎആര്‍ഒ) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഒരു ദിവസം വലിക്കുന്ന സിഗരറ്റിന്റെ എണ്ണം, പുകവലിയുടെ അളവ്, ആവൃത്തി എന്നിവ കൂടുന്നതിന് അനുസരിച്ച് കേള്‍വി നഷ്ടമാകാനുള്ള സാധ്യത വര്‍ധിക്കുന്നതായും പഠനം ചൂണ്ടിക്കാന്നു.
advertisement
പുകവലി കേള്‍വി നഷ്ടമാക്കുന്നത് എങ്ങനെ?
പുകവലി മൂലമോ പാസീവ് സ്‌മോകിങ് (പുകവലിക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്നത്) മൂലമോ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കേള്‍വി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പുകവലി തൊണ്ടയിലെയും മൂക്കിലെയും കോശങ്ങളെ ബാധിക്കുന്നു. ഇത് കൂടാതെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കുന്നു. ഇത് ചെവിയെ ബാധിക്കുന്ന രോഗങ്ങള്‍ വേഗത്തില്‍ പിടിപെടുന്നതിന് കാരണമായേക്കാം. പക്ഷേ, പാസീവ് സ്‌മോക്കിങ്ങിന്റെ ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണ്. കുട്ടികളിലും മുതിര്‍ന്നവരിലും അണുബാധയുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ചെവിക്കുള്ളിലെ ചെറിയ രോമങ്ങള്‍ നഷ്ടപ്പെട്ടുണ്ടാകുന്ന കേള്‍വി നഷ്ടമാകല്‍ പുകവലി ശീലമുള്ളവരില്‍(77.4 ശതമാനം) കൂടുതലാണ്.
പുകവലി രക്തചംക്രമണത്തെ ബാധിക്കുമെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിനാല്‍, കോക്ലിയയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുന്നതും കേള്‍വി നഷ്ടമാകാന്‍ ഇടയാക്കുമെന്നത് മറ്റൊരു കാര്യമാണ്. കേള്‍വി സാധ്യമാക്കുന്ന ചെവിക്കുള്ളിലെ അവയവമാണ് കോക്ലിയ. സിഗരറ്റിലുള്ള വിഷപദാര്‍ത്ഥങ്ങളായ നിക്കോട്ടിന്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയെല്ലാം ചെവിക്കുള്ളിലെ രോമകോശങ്ങളെ താറുമാറാക്കുന്നു. ഇവയെല്ലാം പ്രായമാകുമ്പോള്‍ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ പുകവലിക്കാരില്‍ ചെറുപ്രായത്തില്‍ തന്നെ ഇവ ബാധിക്കാനുള്ള സാധ്യതയുണ്ട്.
എങ്ങനെ പ്രതിരോധിക്കാം
പുകവലി ശീലം ഉപേക്ഷിക്കുകയെന്നതാണ് മികച്ച വഴിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഡോക്ടർമാരടെ സഹായത്തോടെ പുകവലി ശീല ഒഴിവാക്കാനോ കുറയ്ക്കാനോ കഴിയും. തുടര്‍ച്ചയായുള്ള പുകവലി കേള്‍വി നഷ്ടമാകാനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ഇടനല്‍കിയേക്കും. പുകവലി നിര്‍ത്തുന്നത് ചെവിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവരില്‍ കേള്‍വിക്കുറവ് സംബന്ധിച്ച പ്രശ്‌നം 40 ശതമാനത്തോളം കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.
പുകവലി ഉപേക്ഷിക്കുന്നതിനൊപ്പം വലിയ ശബ്ദങ്ങള്‍ ഉണ്ടാകുന്ന അന്തരീക്ഷത്തില്‍ നിന്ന് മാറി നില്‍ക്കുന്നതും പതിവായി കേള്‍വി പരിശോധനകള്‍ നടത്തുന്നതും കേള്‍വി നഷ്ടമാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ഇഎന്‍ഡി ഡോക്ടറെ ഇടയ്ക്കിടയ്ക്ക് കാണുന്നത് എപ്പോഴും പ്രധാനപ്പെട്ട കാര്യമാണ്. അവര്‍ ചെവികളുടെ സമഗ്രമായ വിലയിരുത്തല്‍ നടത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. ശ്രവണ വൈകല്യം പരിഹരിക്കുന്നതിനും പുകവലി നിര്‍ത്തുന്നതിനുള്ള ഉപദേശങ്ങളും സ്വീകരിക്കുകയും ചെയ്യാം.
(തയ്യാറാക്കിയത് : ഡോ.ഗിരീഷ് റായ്, മണിപ്പാല്‍ ഹോസ്പിറ്റലിലെ ഇന്‍എന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)