പൊണ്ണത്തടിയുടെ കാരണം?
കുട്ടികളുടെ അസന്തുലിതമായ ഭക്ഷണക്രമമാണ് പൊണ്ണത്തടിയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അമിത കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വ്യായാമമില്ലാത്തതും പൊണ്ണത്തടി വര്‍ധിക്കാന്‍ കാരണമാകും. ജനിതകമായി അമിത വണ്ണത്തോട് ആഭിമുഖ്യം കൂടുതലാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക്. സാമ്പത്തിക സ്ഥിതി ഉയരുന്നതോടെ ജനങ്ങളുടെ ആഹാരശീലങ്ങളിലും വ്യത്യാസം ഉണ്ടാകും. പരമ്പരാഗത ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് അവര്‍ ഫാസ്റ്റ് ഫുഡിന് പിന്നാലെ പായും. പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണിവ.
സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കൂടി വർധിച്ചതോടെ ലോകത്തിന്റെ ഏത് മൂലയിരുന്നും ഇത്തരം ഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാമെന്ന സ്ഥിതിയും സംജാതമായിക്കഴിഞ്ഞു. ഇത്തരം ഭക്ഷണങ്ങള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുകയും ചെയ്യും. നഗരവത്കരണം കൂടിയതോടെ ജനങ്ങളുടെ ആരോഗ്യ ശീലങ്ങളിലും മാറ്റം വന്നു. വ്യായാമം ചെയ്യാനും അവര്‍ മറന്നിരിക്കുന്നു. വളരെ അലസമായ ജീവിതരീതിയാണ് നമ്മളില്‍ പലരും പിന്തുടരുന്നത്. കോവിഡ്-19 വ്യാപനത്തോടെ കുട്ടികളെല്ലാം വീടിനുള്ളിലേക്ക് ചുരുങ്ങി. ഇത് അവരുടെ കായികശേഷിയെക്കൂടിയാണ് ബാധിച്ചത്.
advertisement
കുട്ടികളിലെ അമിതവണ്ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍?
കുട്ടികളിലെ അമിതവണ്ണം വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിലൂടെ അവര്‍ക്കുണ്ടാകും. ടൈപ്പ്-1 ഡയബറ്റിസ്, കൊളസ്‌ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, എന്നിവ വരെ പൊണ്ണത്തടിയുടെ ഭാഗമായി കുട്ടികളിലുണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളിലെ പൊണ്ണത്തടി അവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ പരിഹരിക്കപ്പെടുമെന്നാണ് പല മാതാപിതാക്കളുടെയും വിചാരം. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണ്. കുട്ടിക്കാലത്ത് നിയന്ത്രിക്കാത്ത ശരീരഭാരം വളരുമ്പോഴും അവരെ പിന്തുടരും. ഇതിലൂടെ നിരവധി ജീവിതശൈലി രോഗങ്ങളും അവരെ ബാധിക്കും.
പൊണ്ണത്തടി എങ്ങനെ നിയന്ത്രിക്കാം ?
കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാകാതിരിക്കാന്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വളര്‍ന്നു വലുതായ ശേഷം ഇവ ചികിത്സിച്ച് മാറ്റാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനായി സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളെപ്പറ്റിയാണ് ഇനി പറയുന്നത്.
1. ഫാസ്റ്റ് ഫുഡിന് പകരം കുട്ടികള്‍ക്ക് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നല്‍കുക.
2. ധാരാളം വെള്ളം കുടിക്കുക.
3. കുട്ടികള്‍ മൊബൈല്‍ സ്‌ക്രീന് മുന്നിലിരിക്കുന്നത് നിയന്ത്രിക്കണം. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കുക.
4. പഞ്ചസാര ഉപയോഗം പരമാവധി കുറയ്ക്കുക.
5. കുട്ടികളെ വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.
6. നടത്തം, ട്രക്കിംഗ്, സൈക്ലിംഗ്, ഔട്ട് ഡോര്‍ ഗെയിംസ് എന്നിവ ഉള്‍പ്പെടുന്ന വീക്കെന്‍ഡ് പ്ലാനുകള്‍ ആസൂത്രണം ചെയ്യണം. ഇതിലൂടെ കുട്ടികളിലെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയും.
മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം:
1. മാതാപിതാക്കള്‍ എന്താണ് കഴിക്കുന്നത് അത് കണ്ടാണ് കുട്ടികള്‍ വളരുന്നത്. അതിനാല്‍ കുട്ടികളുള്ളവര്‍ ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരണം. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, നട്‌സ് എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കണം. ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. വല്ലപ്പോഴും ഒരിക്കല്‍ എന്ന നിലയില്‍ അവ കഴിക്കുന്നതില്‍ തെറ്റില്ല. ആരോഗ്യകരമായ സ്‌നാക്കുകള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അച്ഛനമ്മമാര്‍ ശ്രദ്ധിക്കണം. അമിത അളവില്‍ പഞ്ചസാര, ഉപ്പ് എന്നില അടങ്ങിയ ഭക്ഷണം സ്ഥിരമായി അവര്‍ക്ക് നല്‍കരുത്.
2. കുട്ടികള്‍ക്ക് വിശക്കുന്ന സമയത്താണ് അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടത്. അവര്‍ തളര്‍ന്നിരിക്കുകയോ ബോറടിച്ചിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഭക്ഷണം നിര്‍ബന്ധിച്ച് കൊടുക്കുന്ന രീതി ഒഴിവാക്കണം.
3. 6-12 മാസം വരെയുള്ള കാലയളവിലാണ് കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണം ശീലം വളര്‍ത്തിയെടുക്കാന്‍ അടിത്തറ പാകേണ്ടത്. വിവിധ തരത്തിലുള്ള ഭക്ഷണം ഈ സമയം അവരിലേക്ക് എത്തിക്കുക. അവ ആരോഗ്യകരമാണ് എന്നും ഉറപ്പുവരുത്തേണ്ടതാണ്.
(തയ്യാറാക്കിയത്: ഡോ. ശ്രീനാഥ് മണികാന്തി, സീനിയര്‍ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ്, കാവേരി ഹോസ്പിറ്റല്‍, ഇലക്ട്രോണിക് സിറ്റി, ബംഗളൂരു)