ഹൊറർ സിനിമകൾ കാണുമ്പോൾ റിലീസാവുന്ന എൻഡോർഫിൻ (endorphin) എന്ന ഹോർമോൺ വേദന സഹിക്കാനുള്ള കഴിവ് വർധിപ്പിക്കുമെന്ന് എഡിൻബർ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ന്യൂറോസൈക്കോളജിസ്റ്റ് ഡോ. ക്രിസ്റ്റൻ നോൾസ് പറയുന്നു. നമ്മുടെ ശ്രദ്ധയും മനസും പൂർണമായും മറ്റൊരു കാര്യത്തിലേക്ക് തിരിയുന്നതാണ് ഇതിനു കാരണമെന്നും അതുവഴി വേദന മറക്കുമെന്നും ക്രിസ്റ്റൻ നോൾസ് പറയുന്നു. “ഇത് ഒരു റോളർകോസ്റ്റർ പോലെയാണ്. ആദ്യം നമ്മെ ഭയപ്പെടുത്തിയേക്കാം. പിന്നീട് സസ്പെൻസ് അവസാനിക്കുമ്പോൾ വലിയ സന്തോഷമാണ് നമുക്കു ലഭിക്കുന്നത്. ചില ടിവി സീരിയലുകളും വീഡിയോ ഗെയിമുകളും പോലും സമാനമായ അനുഭവം നൽകുന്നതാണ്”, ക്രിസ്റ്റൻ നോൾസ് കൂട്ടിച്ചേർത്തു.
advertisement
Also read-World Mental Health Day | നമ്മുടെ മാനസികാരോഗ്യം ഇപ്പോഴുള്ളതുപോലെ ആയാൽ മതിയോ ?
ഹൊറർ സിനിമകൾ കാണുന്നത് സമ്മർദം കുറയ്ക്കാനും റിയാലിറ്റിയിൽ നിന്ന് രക്ഷപ്പെടാനും തന്നെ സഹായിക്കുന്നുണ്ടെന്നും താൻ സമ്മർദം അനുഭവിക്കുന്ന സമയങ്ങളിൽ ഒരു ഹൊറർ സിനിമയാവും കാണുകയെന്നും മിനിയാപൊളിസിലെ ഡേറ്റ അനലിസ്റ്റ് ബ്രയാൻ ബിസേരി പറയുന്നു. ”ഇതിനു പിന്നിലുള്ള കൃത്യമായ കാരണമെന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ, ഹൊറർ സിനിമകൾ കാണുന്നത് സമ്മർദ്ദം കുറയ്ക്കും. ആ സമയത്ത് ശരിക്കുമുള്ള ജീവിതത്തിലെ സമ്മർദങ്ങൾ അനുഭവിക്കാൻ എനിക്ക് താത്പര്യം ഉണ്ടാകില്ല. ഉദാഹരണത്തിന്, പേരൻ്റിങ് വല്ലാതെ സമ്മർദമുണ്ടാക്കുന്ന ഒരു കാര്യമാണ്. ഈ സമയത്ത് ഞാൻ ഹൊറർ സിനിമകൾ കാണും. അപ്പോൾ ഓ, എന്നെ ഇന്ന് ആരും കൊന്നില്ലല്ലോ എന്നോ പ്രേതം എന്നെ പിടിച്ചില്ലല്ലോ എന്നോ ഒക്കെയോർത്ത് ആശ്വസിക്കാൻ എനിക്ക് കഴിയും. അതുകൊണ്ട് തന്നെ ഒരു ഹൊറർ സിനിമ കാണുമ്പോൾ എൻ്റെ ജീവിതം ഏറെ മെച്ചപ്പെട്ടതാണല്ലോ എന്ന് തോന്നാറുണ്ട്”, ബ്രയാൻ ബിസേരി കൂട്ടിച്ചേർത്തു.
കൊറോണക്കാലത്ത് ഹൊറർ സിനിമകൾ കണ്ടവരിൽ മാനസികാരോഗ്യം മെച്ചപ്പെട്ടതായും ക്രിസ്റ്റൻ നോൾസ് പറഞ്ഞു. ”ഭയത്തോട് ശരീരം പ്രതികരിക്കുന്നത് അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിച്ചാണ്. ഇതിനൊപ്പം ഹൃദയമിടിപ്പും ഏകാഗ്രതയും വർധിക്കും. സിനിമ അവസാനിക്കുമ്പോൾ ഇതൊക്കെ അവസാനിച്ച് മനസ് വളരെ ശാന്തമാവുകയും ചെയ്യും. ഭയപ്പെടുത്തുന്നതാണെങ്കിലും ത്രില്ലിങായ അനുഭവമാണിത്. പ്രശ്നങ്ങളുണ്ടാവുമെങ്കിലും അവസാനത്തിൽ നായകൻ രക്ഷപ്പെടുമെന്നത് സന്തോഷം നൽകുന്ന കാര്യമാണല്ലോ”, ക്രിസ്റ്റൻ നോൾസ് പറഞ്ഞു. സ്കൈഡൈവിംഗ് പോലെയുള്ള ആക്ടിവിറ്റികൾക്ക് സമാനമാണ് ഇതെന്നും ആദ്യം പേടി ഉണ്ടാകുമെങ്കിലും പിന്നീട് നമുക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുമെന്നും ക്രിസ്റ്റൻ നോൾസ് കൂട്ടിച്ചേർത്തു.