ഇതുവരെ 19 കുട്ടികളാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ചിലർ ഐസിയുകളിൽ ചികിൽസയിലാണ്. ഇതിനെല്ലാം പുറമേ പുതിയ 524 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഊർജിത പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
അഡെനോവൈറസ്, എച്ച്3എൻ2, കോവിഡ് എന്നിവയെ എങ്ങനെ തിരിച്ചറിയാം?
പനി, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയെല്ലാം ഈ മൂന്നു വൈറസ് കേസുകളിലും സാധാരണയായി കാണപ്പടുന്ന ലക്ഷണങ്ങളാണ്. അഡിനോവൈറസ് ബാധിച്ചവർക്ക് ചെങ്കണ്ണ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പി ഡി ഹിന്ദുജ ഹോസ്പിറ്റലിലെ കൺസൾട്ടന്റായ ഡോ ഉമംഗ് അഗർവാൾ പറയുന്നു. ഈ വൈറസ് ബാധിച്ചവരിൽ കണ്ണുകൾ ചുവക്കുകയും കണ്ണ് നനഞ്ഞിരിക്കുന്നതായും കാണാം.
advertisement
”രോഗിക്ക് നീണ്ട നാളത്തേക്ക് കഠിനമായ പനി, ചെങ്കണ്ണ് എന്നിവയുണ്ടെങ്കിൽ, അത് അഡിനോവൈറസ് ആയിരിക്കാൻ സാധ്യതയുണ്ട്. രോഗം നിർണിക്കാൻ സഹായിക്കുന്ന മറ്റൊരു ലക്ഷണമാണ് ലിംഫ് നോഡുകളുടെ സാന്നിധ്യം”, ഡോ. ഉമംഗ് അഗർവാൾ കൂട്ടിച്ചേർത്തു. എച്ച് 3 എൻ 2 ന്റെ ലക്ഷണം കടുത്ത പനിയാണ്. ഇതിനൊപ്പം കടുത്ത ചുമയും ഉണ്ടാകും.
ചുമ ക്രമേണ ബ്രോങ്കൈറ്റിസായി മാറുന്നു. ”H3N2 ന്റെ കാര്യത്തിൽ, പനി കുറഞ്ഞാലും രോഗികളിൽ ചുമ മാറാത്തതായാണ് കണ്ടുവരുന്നത്. കോവിഡ് ഉള്ളവരിൽ, മൂക്കൊലിപ്പ്, രുചിയും മണവും നഷ്ടപ്പെടൽ എന്നിവ സാധാരണമാണ്”, സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡോ. വസന്ത് നാഗ്വേകർ പറഞ്ഞു.
ചുരുക്കത്തിൽ ഈ മൂന്ന് വൈറസുകളുടെയും ലക്ഷണങ്ങൾ താഴെ പറയുന്ന വിധത്തിൽ സംഗ്രഹിക്കാം.
കൊവിഡ്: മൂക്കൊലിപ്പ്, രുചിയും മണവും നഷ്‌ടപ്പെടൽ, കുറച്ചു ദിവസം മാത്രം നീണ്ടുനിൽക്കുന്ന നേരിയ പനി
എച്ച്3എൻ2: ആദ്യം കഠിനമായ പനി, പനി മാറിയാലും ആഴ്ചകൾ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമ. ഈ ചുമ ക്രമേണ ബ്രോങ്കൈറ്റിസ് ആയി മാറുകയും ചെയ്യുന്നു.
അഡെനോവൈറസ്: ഏഴു ദിവസത്തോളം നീണ്ടുനിൽക്കുന്ന കഠിനമായ പനി. ഈ പനി ചിലപ്പോൾ പത്തോ പതിനാലോ ദിവസം വരെ നീണ്ടുനിൽക്കാം. ചിലപ്പോൾ ഇതിനൊപ്പം ചെങ്കണ്ണും ഉണ്ടാകും.
ചികിത്സ
ഈ മൂന്നു വൈറസുകളും ബാധിച്ചാൽ ധാരാളം വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണമെന്ന് ഡോക്ടർമാർ പറയുന്നു. ആവി പിടിക്കുക, പനി നിരീക്ഷിക്കുക, ജലാംശം നിലനിർത്തുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ വഷളായി ഒരാളെ ആശുപത്രിയിൽ പ്രവേശിച്ചാലും ഇതിന് പ്രത്യേക ചികിത്സകളൊന്നുമില്ല. ”ഈ മൂന്നു വൈറസുകളും വ്യത്യസ്തമാണ്. പക്ഷേ അവയ്ക്കുള്ള അടിസ്ഥാന ചികിത്സ ഒന്നു തന്നെയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് പ്രത്യേക ആൻറി-വൈറൽ മരുന്നുകൾ ഡോക്ടർമാർ നിർദേശിക്കും”, ഡോ ഉമംഗ് അഗർവാൾ പറഞ്ഞു.