TRENDING:

Health Tips | എച്ച്‌ഐവി എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Last Updated:

വൈറസ് പകരുന്നത് എങ്ങനെ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തെ ഭീതിയിലാഴ്ത്തിയ എച്ച്‌ഐവി (HIV) അഥവാ ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് രോഗം പശ്ചിമ ആഫ്രിക്കയിലെ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരിലേക്കെത്തിയത്. 1930കളിലായിരുന്നു ഇത്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. എന്നാല്‍ 1981ലാണ് രോഗം യുഎസിലും മറ്റും എത്തുന്നത്. അന്ന് യുഎസ്എയിലെ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാർക്കിടയിൽ ന്യൂമോണിയയും കാന്‍സറും വർദ്ധിച്ചതായി കണ്ടെത്തി. ഗേ റിലേറ്റഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി അഥവാ GRID എന്നായിരുന്നു അന്ന് ഇതിന് നല്‍കിയ പേര്.
advertisement

1982ലാണ് ഈ രോഗത്തിന് എയ്ഡ്‌സ് എന്ന് പേര് നല്‍കിയത്. നിരവധി സ്ത്രീകളിലും ഈ രോഗം പകര്‍ന്നിരുന്നു. അവരിലൂടെ ഗര്‍ഭസ്ഥശിശുവിലേക്കും രോഗം പടര്‍ന്നായി അന്ന് കണ്ടെത്തിയിരുന്നു. 2020ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ എയ്ഡ്‌സ് രോഗികളുടെ എണ്ണം 37.7 മില്യണ്‍ ആണ്. അതില്‍ പുരുഷന്‍മാരുടെ എണ്ണം 16.7 മില്യണ്‍ ആണ്. 19.3 മില്യണ്‍ സ്ത്രീകളാണ് എയ്ഡ്‌സ് രോഗത്തോട് മല്ലിട്ട് ജീവിക്കുന്നത്. അതില്‍ തന്നെ 1.3 മില്യണ്‍ പേര്‍ ഗര്‍ഭിണികളായ സ്ത്രീകളാണ്. പതിനഞ്ച് വയസ്സിന് താഴെയുള്ള 1.7 മില്യണ്‍ കുട്ടികളാണ് എയ്ഡ്‌സിനോട് പടവെട്ടി ജീവിക്കുന്നത്.

advertisement

വൈറസ് പകരുന്നത് എങ്ങനെ?

രക്തം, ശരീരദ്രവങ്ങൾ, യോനിദ്രവം, ശുക്ലം എന്നിവയില്‍ കൂടിയാണ് വൈറസ് മറ്റൊരാളിലേക്ക് പകരുന്നത്. രോഗം ബാധിച്ചയൊരാളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെയും രോഗം പകരാം. സുരക്ഷിതമല്ലാത്ത ഓറല്‍, എനല്‍ സെക്‌സ് എന്നിവയും രോഗം പകരാന്‍ കാരണമാകുന്നു. ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കുന്നതും എയ്ഡ്‌സ് രോഗം പകരുന്നതിന് കാരണമാകാം. അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ടാറ്റുചെയ്യുന്നതും കാത് കുത്തുന്നതുമെല്ലാം രോഗം പകരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ എല്ലാവരും കരുതുന്നത് പോലെ എയ്ഡ്‌സ് രോഗിയുമായി ഹസ്തദാനം ചെയ്യുന്നതോ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതോ രോഗം പകരാന്‍ കാരണമാകാറില്ല. അത് വെറും തെറ്റിദ്ധാരണയാണ്.

advertisement

ശരീരത്തിൽ പ്രവേശിക്കുന്ന എച്ച്‌ഐവി വൈറസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയാണ് ഇല്ലാതാക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ കോശങ്ങളായ ടി-സെല്ലുകളെയാണ് വൈറസ് ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നത്. ശേഷം വൈറസ് എല്ലാ കോശങ്ങളിലേക്കും വ്യാപിച്ച് ഇരട്ടിയായി വര്‍ധിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തച്ചുടയ്ക്കും. അതോടെ രോഗപ്രതിരോധ ശേഷി ആ വ്യക്തിയില്‍ ഇല്ലാതാകും. പ്രാരംഭഘട്ടത്തില്‍ രോഗിയില്‍ ചെറിയ പനിയാണ് ഉണ്ടാകുന്നത്. ഒന്നു മുതല്‍ ആറ് ആഴ്ച വരെ നീണ്ട് നില്‍ക്കുന്ന പനിയാണ് അനുഭവപ്പെടുക. പനി, തൊണ്ടവേദന, പേശികളിലുണ്ടാകുന്ന വേദന, സന്ധി വേദന, ചര്‍മ്മത്തിലുണ്ടാകുന്ന ചുണങ്ങ്, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വായിലെ അള്‍സര്‍, ക്ഷീണം, ജനനേന്ദ്രിയത്തിലെ അള്‍സര്‍, എന്നിവയാണ് ഈ രോഗത്തിന്റെ മറ്റ് പ്രധാന ലക്ഷണങ്ങള്‍.

advertisement

ചിലരില്‍ ഇതൊക്കെ ആഴ്ചകള്‍ കൊണ്ട് ഭേദമായേക്കാം. എന്നാല്‍ ചിലര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനം തകരാറിലാകുന്നതോടെ മറ്റ് ഗുരുതര രോഗങ്ങളെ ചെറുക്കാന്‍ ശരീരത്തിന് കെല്‍പ്പില്ലാതാകുന്നു. എയ്ഡ്‌സ് ബാധിച്ച ചിലരില്‍ ക്ഷീണം, തലവേദന, വരണ്ട ചുമ, ഭാരക്കുറവ്, വയറിളക്കം, പേശിബലം കുറയുക എന്നീ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. കോവിഡ്, ഹെപ്പറ്റൈറ്റിസ് ബി, സി, ക്ഷയം, ഫംഗല്‍ അണുബാധകള്‍ എന്നിവ എച്ച്‌ഐവി രോഗികളില്‍ അതിവേഗം ബാധിക്കാന്‍ സാധ്യതയുണ്ട്.

1980കളില്‍ എയ്ഡ്‌സ് രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വളരെ കുറവായിരുന്നു. രോഗനിര്‍ണയം നടത്തി ഏകദേശം ഒരുവര്‍ഷം മാത്രമാണ് അവര്‍ ജീവിച്ചിരുന്നത്. ആന്റി റിട്രോ വൈറല്‍ തെറാപ്പിയിലൂടെ ഈ സ്ഥിതിയ്ക്ക് മാറ്റം വരുത്താന്‍ ആധുനിക ശാസ്ത്രത്തിന് കഴിഞ്ഞു. അതിലൂടെ പെട്ടെന്ന് മരണകാരണമായേക്കാവുന്ന അവസ്ഥയില്‍ നിന്നും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിട്ടുമാറാത്ത അണുബാധ എന്ന നിലയിലേക്ക് രോഗത്തെ എത്തിക്കാന്‍ സാധിച്ചു. ഇന്ന് എച്ച്‌ഐവി ബാധിതരായവര്‍ക്ക് ആന്റി റിട്രോ വൈറല്‍ തെറാപ്പി നല്‍കുന്നുണ്ട്. അതിലൂടെ സാധാരണ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്.

advertisement

രോഗപ്രതിരോധം എങ്ങനെ?

എയ്ഡ്‌സ് രോഗം ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ട പ്രധാന മുന്‍കരുതലുകളെപ്പറ്റിയാണ് ഇനി പറയുന്നത്.

1. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധം ഉപേക്ഷിക്കുക. കൂടാതെ കോണ്ടം ഉപയോഗിക്കുക.

2. രോഗം ബാധിച്ചവരുടെ രക്തം കലര്‍ന്ന സിറിഞ്ചുകളും ബ്ലേഡുകളും ഉപയോഗിക്കരുത്.

3. സുരക്ഷിതമല്ലാത്ത ടാറ്റു ചെയ്യല്‍ ഒഴിവാക്കണം. എച്ച്‌ഐവി, മറ്റ് ലൈംഗിക രോഗങ്ങള്‍ എന്നിവയുടെ പരിശോധനകള്‍ നടത്തുക.

4. എച്ച്‌ഐവി ബാധിച്ചവര്‍ ആന്റി റിട്രോ വൈറല്‍ തെറാപ്പി ചികിത്സാ രീതി സ്വീകരിക്കണം.

5. എച്ച്‌ഐവി ബാധിതര്‍ക്കിടയില്‍ സമ്മര്‍ദ്ദവും, ആത്മഹത്യപ്രവണതയും കൂടുതലാണ്. അതിനാല്‍ രോഗം ബാധിച്ചവര്‍ക്കായി നിരവധി സന്നദ്ധ സംഘടന പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അവയില്‍ പങ്കെടുക്കുക. യോഗ, മെഡിറ്റേഷന്‍, എന്നിവ ശീലമാക്കണം. നല്ല ഭക്ഷണം കഴിക്കുകയും നല്ലതുപോലെ ഉറങ്ങുകയും വേണം.

(തയ്യാറാക്കിയത്: ഡോ. ജയശ്രീ നാഗരാജ് ബാസ്ഗി, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒബ്‌സറ്റിസ്ട്രിക്‌സ്, ഗൈനക്കോളജി, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, റിച്ച്മൗണ്ട് റോഡ്, ബംഗളൂരു)

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Health Tips | എച്ച്‌ഐവി എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories