1. പ്രോസ്റ്റാറ്റിറ്റിസ് (Prostatitis): പ്രോസ്റ്റേറ്റ് ഗ്രന്ധിയിലുണ്ടാകുന്ന അണുബാധ അല്ലെങ്കിൽ വീക്കം ആണ് പ്രോസ്റ്റാറ്റിറ്റിസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പ്രധാനമായും രണ്ട് തരത്തിലുണ്ട്. അക്യൂട്ട് പ്രോസ്റ്റാറ്റിറ്റിസ്, ക്രോണിക് പ്രോസ്റ്റാറ്റിറ്റിസ് എന്നിവയാണവ. അക്യൂട്ട് പ്രോസ്റ്റാറ്റിറ്റിസ് അണുബാധ മൂലമാണ് ഉണ്ടാകുന്നത്. സാധാരണയായി ബാക്ടീരിയകൾ ആണ് ഇതിന് കാരണമാകുന്നത്. മൂത്രമൊഴിക്കുമ്പോളുള്ള വേദന, പനി, വിറയൽ എന്നിവയെല്ലാം ഇതു മൂലം ഉണ്ടാകുന്നു. ക്രോണിക് പ്രോസ്റ്റാറ്റിറ്റിസ് എന്താണെന്ന് ഇതുവരെ കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല.
പെൽവിക് അസ്ഥിയിൽ സ്ഥിരമായതോ ആവർത്തിച്ചുള്ളതോ ആയ വേദന, മൂത്രമൊഴിക്കുമ്പോൾ വേദനയോ നീറ്റലോ തോന്നുത്, സാധാരണയിലും അധികമായി മൂത്രമൊഴിക്കണമെന്ന തോന്നൽ, മുഴുവനായും മൂത്രമൊഴിക്കാൻ കഴിയാതെ വരിക, സ്ഖലനം നടക്കുമ്പോളുള്ള വേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ആൻറിബയോട്ടിക്കുകളാണ് പ്രധാനമായും ഇതിന്റെ ചികിൽക്കായി ഡോക്ടർമാർ നിർദേശിക്കുന്നത്.
advertisement
2. ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (Benign prostatic hyperplasia (BPH)): പ്രായം കൂടുമ്പോൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടുന്ന അവസ്ഥയാണിത്. പ്രോസ്റ്റേറ്റ് ഗ്രന്ധി കൂടുതൽ വലുപ്പത്തിൽ വികസിക്കുമ്പോൾ, അത് മൂത്രനാളിയലും മർദം ഉണ്ടാക്കുന്നു. ഇതു മൂലം മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രാത്രിയിൽ കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിച്ചതിന് ശേഷവും വീണ്ടും അറിയാതെ മൂത്രം പോകുന്നത്, പൂർണമായും മൂത്രം ഒഴിക്കാൻ കഴിയാതെ വരിക, തുടങ്ങയവയെല്ലാം ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയയുടെ ലക്ഷണങ്ങളാണ്. മൂത്രത്തിലെ പഴുപ്പ്, കല്ലുകൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഇവ മൂലം ഉണ്ടാകും. മരുന്നുകൾ, ശസ്ത്രക്രിയ എന്നിവയിലൂടയെല്ലാം ഈ അവസ്ഥക്ക് പരിഹാരം കാണാനാകും.
3. പ്രോസ്റ്റേറ്റ് കാൻസർ: പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ കാൻസർ കോശങ്ങൾ വളരുന്ന അവസ്ഥയാണിത്. ഇത് സാവധാനം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിച്ചേക്കാം. 2020 വരെയുള്ള കണക്കനുസരിച്ച് ലോകമെമ്പാടുനുള്ള 14 ലക്ഷം പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണിത്. പ്രായമായ പുരുഷൻമാരിലാണ് പ്രധാനമായും പ്രോസ്റ്റേറ്റ് കാൻസർ കാണപ്പെടുന്നത്. നേരത്തെ കണ്ടെത്തിയാൽ, ചികിൽസയിലൂടെ ഭേദമാക്കാമെങ്കിലും, പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ പലരിലും നേരത്തെ പ്രകടമാകണം എന്നില്ല. 50 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് പ്രധാനമായും പ്രോസ്റ്റേറ്റ് കാൻസർ കണ്ടുവരുന്നത്.
അതിനാൽ, 50 വയസിനു ശേഷം പതിവായി സ്ക്രീനിംഗ് ചെയ്യുന്നത് നല്ലതാണ്. കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ വന്ന ചരിത്രം ഉള്ളവരും ആഫ്രിക്കൻ-അമേരിക്കൻ പുരുഷന്മാരും 40 വയസിനു ശേഷം സ്ക്രീനിംഗ് ആരംഭിക്കണം. അർബുദത്തെ പ്രതിരോധിക്കാൻ സസ്യാഹാരവും വ്യായാമവും പതിവാക്കേണ്ടതുണ്ട്. സംസ്കരിച്ച ഭക്ഷണം, പുകവലി, മദ്യം, റെഡ് മീറ്റ് എന്നിവയും ഒഴിവാക്കണം.
(ഡോ. നാഗറെഡ്ഡി.എസ്, കൺസൾട്ടന്റ് യൂറോളജിസ്റ്റ്, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ)