ദീര്‍ഘനേരം ഇരുന്നുള്ള ജോലിയും ഇരിക്കുന്നതിലെ അപാകതയും വ്യായാമക്കുറവുമാണ് ഇതിന് പിന്നിലെ പ്രധാനകാരണം. രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുക, പ്രത്യേകിച്ച് കുട്ടികളില്‍, നടുവിന് താങ്ങുനല്‍കുന്ന വിധത്തില്‍ ഇരിക്കുക, ജോലി സ്ഥലത്തിന് ഇണങ്ങുന്ന വിധത്തില്‍ ഇരിപ്പിടം തയ്യാറാക്കുക എന്നിവയെല്ലാമാണ് ഇത് തടയുന്നതിന് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. നടുവേദനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന കേസുകള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് ഇതിന് പ്രധാന കാരണം, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സ്‌പൈനല്‍ ഇഞ്ചുറീസ് സെന്ററിലെ സ്‌പൈന്‍ സര്‍വീസ് വിഭാഗം മേധാവി വികാസ് ടണ്‍ഡണ്‍ പറഞ്ഞു.
advertisement
കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷത്തിനിടെ നടുവേദനയുമായെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായതായി അദ്ദേഹം നിരീക്ഷിച്ചു. അനാരോഗ്യകരമായ ജീവിതശൈലി, ശരിയായ രീതിയില്‍ ഇരിക്കാതെ മണിക്കൂറുകളോളം ജോലി ചെയ്യുന്നത്, സമ്മര്‍ദം, കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാണെന്ന് അദ്ദേഹം പറയുന്നു. നട്ടെല്ല് സംബന്ധമായ പ്രശ്‌നങ്ങളുമായി അടുത്തകാലത്ത് സമീപിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ശ്രീ ബാലാജി ആക്ഷന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌പൈന്‍ സര്‍ജറി റീഹാബിലിറ്റേഷന്‍ മേധാവി ഡോ. എച്ച്എസ് ചബ്ര പറഞ്ഞു.
ജീവിതശൈലി ആരോഗ്യപരമായി മുന്നോട്ടു കൊണ്ടുപോയാല്‍ മാത്രമേ ഇതില്‍ മാറ്റം വരികയുള്ളൂവന്ന് അദ്ദേഹം പറഞ്ഞു. പുറം വേദനയുമായി എത്തുന്ന രോഗികളില്‍ 50 മുതല്‍ 60 ശതമാനം വരെ രോഗികള്‍ക്കും നടുവിനും കഴുത്തിനുമാണ് പ്രശ്‌നമെന്ന് ഒഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ടിലെ ഓര്‍ത്തോപീഡിയ വിഭാഗം ഡയറക്ടര്‍ ഡോ. അമന്‍ ദുവ പറഞ്ഞു. നടുവേദനയ്ക്ക് വൈദ്യസഹായം തേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്ന് ദ ലാന്‍സെറ്റ് റൂമാറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം 2020-ല്‍ 619 മില്ല്യണ്‍ ആളുകൾക്ക് നടുവേദന ഉണ്ടായിട്ടുണ്ട്. ലോക ജനസംഖ്യയുടെ 10 ശതമാനത്തോളം വരുമിത്.
2050 ആകുമ്പോഴേക്കും ഇത് 843 മില്ല്യണിന് അടുത്തെത്തുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലായിരിക്കും നട്ടെല്ല് സംബന്ധമായ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യുകയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നടുവേദന ചികിത്സിച്ച് സുഖപ്പെടുത്തുകയെന്നത് അല്‍പം പ്രയാസം നേരിടുന്ന കാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമുള്ള ജീവിതശൈലി പിന്തുടരാനാണ് അവര്‍ നിര്‍ദേശിക്കുന്നത്. ശരിയായ രീതിയിലുള്ള ഇരിപ്പ് ഏറെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ദുവ പറഞ്ഞു. വ്യായാമം മുടക്കരുതെന്നും അദ്ദേഹം പറഞ്ഞു. വ്യായാമം ചെയ്താല്‍ നട്ടെല്ലു സംബന്ധിയായ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്നും ഡോ. ടാണ്‍ഡന്‍ പറഞ്ഞു. കാല്‍സ്യം അടങ്ങിയ ആഹാരം ശീലമാക്കുന്നതും ശരീരഭാരം നിയന്ത്രിക്കേണ്ടതും മാറുന്ന ജീവിതശൈലിയില്‍ ഏറെ പ്രധാനപ്പെട്ടതാണെന്നും ഡോകര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.