ലോകമെമ്പാടും കോവിഡ് രോഗവ്യാപനം വര്‍ധിപ്പിച്ച പുതിയ വകഭേദത്തെക്കുറിച്ചും ആരോഗ്യവിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പുകളെക്കുറിച്ചും അറിയാം.
1. സെപ്റ്റബറില്‍ യുഎസിലാണ് ആദ്യമായി കോവിഡ് ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചത്. ഇതേ വകഭേദത്തിന്റെ ഏഴ് സാംപിളുകള്‍ ഡിസംബര്‍ 15-ന് ചൈനയില്‍ സ്ഥിരീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ടിരിക്കുന്ന രീതി കാരണം ബിഎ.2.86, ജെഎന്‍.1 എന്ന വളരെ വ്യത്യസ്തമായി തോന്നുമെങ്കിലും സ്‌പൈക്ക് പ്രോട്ടീനാണ് ഇവയ്ക്കിടയിലെ ഒരേയൊരുമാറ്റം, യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറഞ്ഞു.
advertisement
2. വൈറസിന്റെ ഉപരിതലത്തിലുള്ള മുള്ളുപോലെ നീണ്ടിരിക്കുന്ന ഭാഗമാണ് സ്‌പൈക്ക് എന്ന് അറിയപ്പെടുന്നത്. മനുഷ്യനില്‍ വൈറസ് വ്യാപനമുണ്ടാക്കുന്നതില്‍ ഈ സ്‌പൈക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ട്.
3. കോവിഡ് വകഭേദമായ ജെഎന്‍.1ന്റെ ഏഴ് കേസുകളാണ് ഡിസംബര്‍ 15ന് ചൈനയില്‍ സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. യുഎസിലെ ആകെ കോവിഡ് കേസുകളില്‍ ഏകദേശം 15 മുതല്‍ 29 ശതമാനം വരെ ഈ വകഭേദമാണ്. വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെങ്കിലും ജെഎന്‍.1ന്റെ ലക്ഷണങ്ങള്‍ താരതമ്യേന ചെറുതാണ്. കൂടാതെ, രോഗികള്‍ ആശുപത്രിയില്‍ തങ്ങുന്ന കേസുകള്‍ കുറവാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
4. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ചുമ എന്നിവയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ലക്ഷണങ്ങള്‍. വയറിനുള്ളില്‍ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളും ചിലര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. വേഗത്തില്‍ പടരുന്നതിനാല്‍ നിലവിലെ കോവിഡ് വൈറസ് കേസുകളില്‍ ജെഎന്‍.1 ആകാന്‍ സാധ്യതയുണ്ടെന്ന് ഗുരുഗ്രാമിലെ സികെ ബിര്‍ള ഹോസ്പിറ്റലിലെ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. തുഷാര്‍ തായല്‍ പറഞ്ഞു.
5. അതേസമയം, കേസുകള്‍ വര്‍ധിക്കുന്നതില്‍ പേടിക്കേണ്ടതില്ലെന്നും ആളുകള്‍ ജാഗ്രതയോടെ തുടരണമെന്നും ന്യൂഡല്‍ഹിയിലെ ഗംഗാ രാം ഹോസ്പിറ്റലിലെ ഡോ. ഉജ്ജ്വല്‍ പ്രകാശ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
6. പുതിയ വകഭേദത്തിനെതിരേ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വൈറസ് മനുഷ്യരില്‍ ബാധിക്കുന്നതില്‍ സ്‌പൈക്കുകള്‍ പ്രധാന പങ്കുവഹിക്കുന്നു. വാക്‌സിനുകള്‍ ലക്ഷ്യമിടുന്ന വൈറസിന്റെ ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീന്‍. അതിനാല്‍ വാക്‌സിനുകള്‍ ജെഎന്‍.1-ന് എതിരായി പ്രവര്‍ത്തിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് ഡോ. തുഷാര്‍ തായല്‍ പറഞ്ഞു.
7. മറ്റൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത ഉണ്ടാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഏതൊരു വൈറല്‍ അണുബാധയെയും പോലെ ഇതും കടന്നുപോകുമെന്ന് ഡോ. പ്രകാശ് പറഞ്ഞു.
8. മുമ്പ് കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ പ്രതിരോധശേഷിയുണ്ടാകുമെന്നും കൂടാതെ, വാക്‌സിനുകളും രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
9. മാസ്‌ക് ധരിക്കുക, വൈറസ് ബാധയുണ്ടെന്ന് സംശയമുണ്ടെങ്കില്‍ പരിശോധന നടത്തുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വിദഗ്ധര്‍ പറയുന്നു.
10. ലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ പൊതു ഇടങ്ങളില്‍ നിന്ന് സ്വയം മാറിനില്‍ക്കണമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.