ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇന്ന് തുറന്ന് ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇതോടൊപ്പം പുരുഷന്മാരുടെ ആരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ട്.
ആന്‍ഡ്രോപോസ് സംഭവിക്കുമ്പോള്‍ ചില പുരുഷന്മാര്‍ക്ക്, എല്ലാവര്‍ക്കുമല്ലെങ്കില്‍ പോലും, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം സ്ത്രീകളില്‍ ആര്‍ത്തവവിരാമ സമയത്ത് അനുഭവപ്പെടുന്നതിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. പ്രായം കൂടുമ്പോള്‍ അവരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നു.
പുരുഷന്മാരിലെ ആര്‍ത്തവവിരാമം സത്യമോ?
പ്രായമാകുമ്പോള്‍ പുരുഷന്മാരില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതോടൊപ്പം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നു. ക്ഷീണം, മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍, ലൈംഗിക താത്പര്യമില്ലായ്മ, പേശികളുടെ ബലം കുറയല്‍ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഈ സമയം ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതുമാണ്.
advertisement
എന്താണ് ആന്‍ഡ്രോപോസ്? ഇത് സംഭവിക്കുന്നത് എപ്പോള്‍?
പ്രായമാകുന്തോറും പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുകയും ഇതുമായി ആന്‍ഡ്രോപോസ് ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. ഏകദേശം 40കളുടെ അവസാനത്തിലാണ് ഇത് സംഭവിക്കുന്നത്.
ലക്ഷണങ്ങള്‍
കുറഞ്ഞ ഊര്‍ജ്ജ നിലയിലേക്കും പേശി ബലം കുറയുന്നതിലേക്കും ഇത് നയിക്കുന്നു. ഇവയ്ക്കൊപ്പം ദേഷ്യം, വിഷാദം, ഉത്കണ്ഠ, നിരാശ, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍, ക്ഷീണം എന്നിവയും അനുഭവപ്പെടും. ഇവ പുരുഷന്റെ ജീവിത നിലവാരത്തെയും ബാധിച്ചേക്കാം. എന്നാല്‍ ലക്ഷണങ്ങള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിൽ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്..
ഈ ഘട്ടത്തില്‍ പുരുഷന്മാര്‍ തങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തണം. പോഷകങ്ങള്‍ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കണം. മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം എന്നിവ ഉപേക്ഷിക്കണം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കണം. യോഗം, ധ്യാനം എന്നിവ ശീലമാക്കുന്നത് മാനസിക സമ്മര്‍ദം ഒരു പരിധിവരെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. പതിവായി ആരോഗ്യവിദഗ്ധനുമായി കൂടിക്കാഴ്ച നടത്തുകയും വേണ്ട പരിശോധനകള്‍ നടത്തുകയും വേണം.