ഡിമെൻഷ്യ ബാധിച്ചവരിൽ ഉറക്കക്കുറവ് ഉണ്ടാകുമെന്നത് എല്ലാവർക്കും അറിയാം. രോഗമുണ്ടാകാനുള്ള കാരണം തിരിച്ചറിയുന്നതിന് പകരം രോഗത്തിന്റെ അനന്തര ഫലത്തെക്കുറിച്ചാണ് കൂടുതൽ പഠനങ്ങളും ഊന്നൽ നൽകുന്നത്. എന്നാൽ, ഉറക്കക്കുറവും ഡിമെൻഷ്യയും തമ്മിൽബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
സ്ത്രീകളിൽ കണ്ടു വരുന്ന ഉറക്കക്കുറവ് ഡിമെൻഷ്യയുടെ കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഉറക്കം ഡിമെൻഷ്യക്ക് എങ്ങനെ കാരണമാകുന്നുവെന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ സ്ക്രിപ്സ് റിസർച്ച് ഡിജിറ്റൽ ട്രയൽസ് സെന്ററിലെ ശാസ്ത്രജ്ഞർ നടത്തുന്നുണ്ട്. ആക്ടിവിറ്റി ട്രാക്കറുകൾ വഴിയും, സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ വഴിയും 55 വയസ്സോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകളുടെ ഉറക്കത്തിന്റെ ദൈർഘ്യവും അതിലെ പ്രശ്നങ്ങളും കണ്ടെത്താൻ പഠനം ലക്ഷ്യമിടുന്നു. ഗവേഷണ രംഗത്തെ വിദഗ്ധനായ സ്തുതി ജെയ്സ്വാളാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന പോളിസോമ്നോഗ്രഫി ( Polysomnophy) വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു പ്രധാന മാർഗ്ഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഉറക്കത്തിലെ ചില സമയങ്ങളുടെ മാത്രം വിവര ശേഖരണമേ ഇതുവഴി സാധ്യമാകൂ എന്നും അതേസമയം ആക്ടിവിറ്റി ട്രാക്കറുകൾ വഴി മുഴുവൻ ഡേറ്റയും ശേഖരിക്കാൻ കഴിയുമെന്ന് ജെയ്സ്വാൾ പറഞ്ഞു.
advertisement
കൂടാതെ ഒരു ലബോറട്ടറി അന്തരീക്ഷത്തിൽ ശരീരത്തിൽ മുഴുവൻ സെൻസറുകൾ ഘടിപ്പിച്ച ശേഷം ഒരാളുടെ ഉറക്കത്തെക്കുറിച്ച് പഠിക്കുമ്പോൾ അതൊരിക്കലും അയാളുടെ സ്വാഭാവിക ചുറ്റുപാട് അല്ലാത്തതും ഒരു പ്രശ്നമായി ജെയ്സ്വാൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ട്രാക്കറുകൾ ഘടിപ്പിക്കുന്ന അവസരത്തിൽ ഒരാൾക്ക് അയാളുടെ വീട് ഉൾപ്പെടെ ഇഷ്ടമുള്ളിടത്ത് കിടന്ന് ഉറങ്ങാൻ സാധിക്കുമെന്നും ഇതിലൂടെ മാസങ്ങളോളവും വർഷങ്ങളോളവുമുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നും ജെയ്സ്വാൾ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ ഉറക്കത്തെയും, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും വിശദമായി പഠിക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.