വിളവെടുത്ത ശേഷം ഒട്ടനവധി പ്രക്രിയകളിലൂടെ കടന്നു പോയി ഒടുക്കം നമ്മുടെ കൈകളിൽ എത്തുന്ന ഭക്ഷണ സാധനങ്ങളാണ് അൾട്രാ പ്രോസസ്ഡ് ഫുഡ്സ്. ഉദാഹരണമായി പാടത്ത് നിന്നും വിളവെടുക്കുന്ന ചോളം നമ്മുടെ പ്ലേറ്റിലേക്ക് എത്തും മുൻപ് വൃത്തിയാക്കുകയും പാക്കറ്റുകളിലാക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതേസമയം നമ്മൾ കഴിക്കുന്ന പൊട്ടറ്റോ ചിപ്സ് നമ്മുടെ കൈകളിൽ എത്തും മുൻപ് വിളവെടുക്കുകയും ശേഷം തൊലി കളയുക, മുറിക്കുക, ബ്ലാഞ്ചിങ് (Blanching), ഉണക്കുക, വറുക്കുക, എണ്ണ മയം കുറയ്ക്കുക, പാക്കറ്റുകളിലാക്കുക എന്നീ ഘട്ടങ്ങളിലൂടെ എല്ലാം കടന്നു പോകുന്നു. ഇത്രയധികം ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതുകൊണ്ട് തന്നെ ചിപ്സ് ഒരു അൾട്രാ പ്രോസസ്ഡ് ഫുഡ് ആണ്. ഇത്തരം ഭക്ഷണം നിരന്തരം കഴിക്കുന്നവരിൽ ഹൃദ്രോഗവും, പ്രമേഹവും ഉണ്ടാകാമെന്ന് മുമ്പ് ചില പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. പഠനത്തിന് വിധേയമായ 16 ശതമാനം ആളുകളും സ്ഥിരമായി അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കാറുണ്ടെന്നും ഇവരിൽ 19.4 ശതമാനം പേർ ഉറക്കമില്ലായ്മ അനുഭവിക്കാറുണ്ടെന്നും ഗവേഷകർ പറയുന്നു.
advertisement
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറി കൂടുതലായതിനാൽ ശരീരഭാരം വർധിക്കുന്നു. ഇത് ബോഡി മാസ് ഇൻഡക്സ് തകരാറിലാക്കുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യും. എന്നിരുന്നാലും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ഇതെങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്. അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണം പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും അവ ശരീരത്തിന് ഏൽപ്പിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കണം. ദൈനം ദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഭക്ഷണ ക്രമങ്ങളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അടുത്തിടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ആരോഗ്യകരമായ ജീവിതത്തിനായി അർദ്ധ രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു.