സിയറ നെവാഡ താഴ്‌വരയിലെ നോര്‍ത്ത് ഫോര്‍ക്കില്‍ മകനോടൊപ്പമാണ് ഷാര്‍ഫെന്‍ബര്‍ഗ് ഇപ്പോൾ താമസിക്കുന്നത്. ഇപ്പോഴും അദ്ദേഹം യാത്രകള്‍ പതിവായി നടത്താറുണ്ട്. ലോമ ലിന്‍ഡ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രൊഫസറായും സേവനം അനുഷ്ഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മഡഗാസ്‌കറിലും യൂറോപ്പിലും പ്രഭാഷണങ്ങള്‍ നടത്തി. ഈ വര്‍ഷം ലാസ് വെഗാസില്‍ പ്രഭാഷണം നടത്താന്‍ അദ്ദേഹം പദ്ധതിയിടുന്നു. ആരോഗ്യത്തോടെയിരിക്കാനും ദീര്‍ഘായുസ്സു നേടുന്നതിനുമായി ഏഴ് ടിപ്‌സുകള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. താന്‍ ഈ ടിപ്‌സുകള്‍ കര്‍ശനമായി പാലിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
advertisement
വ്യായാമം
ഷാര്‍ഫെന്‍ബര്‍ഗിന്റെ ദിനചര്യയിലെ ഒരു പ്രധാനപ്പെട്ട കാര്യമാണ് വ്യായാമം. കാലിഫോര്‍ണിയയിലെ സാന്‍ ജോക്വിന്‍ വാലിയില്‍ വാങ്ങിയ ഒരു പ്ലോട്ടാണ് തന്റെ ദീര്‍ഘായുസ്സിന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുന്നു. ഇവിടെ റോഡിനായി താൻ ഒറ്റയ്ക്ക് സ്ഥലം വെട്ടിത്തെളിക്കുകയും എണ്‍പതോളം മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും 3000 സ്‌ട്രോബറി ചെടികള്‍ നടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ കഠിനാധ്വാനം തന്റെ ആരോഗ്യത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
''നിങ്ങള്‍ക്ക് ലഭിക്കുന്ന ജീവിതം വളരെ പ്രധാനപ്പെട്ടതാണ്. 40 മുതല്‍ 70 വയസ്സുവരെയുള്ള കാലം വളരെ പ്രധാനപ്പെട്ടതാണ്. അപ്പോഴാണ് നിങ്ങള്‍ക്ക് ആരോഗ്യം ആവശ്യമുള്ളത്. കാരണം ആളുകള്‍ സാധാരണായി വിശ്രമിക്കുന്ന, കൂടുതല്‍ പണം ആവശ്യമുള്ള കൂടുതല്‍ ഭക്ഷണം കഴിക്കുന്ന, കൂടുതല്‍ ഇരിക്കുന്ന സമയമാണിത്. എന്നാല്‍, അത് തെറ്റായ കാര്യമാണ്. ഈ പ്രായത്തില്‍ ഞാന്‍ എല്ലാം സ്വയം ചെയ്തു. കൂടുതലായി വ്യായാമം ചെയ്തു. ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തു. ഒരു ന്യൂട്രീഷനിസ്റ്റ് ആണെങ്കിലും അതിനേക്കാള്‍ വ്യായാമം പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കി,'' ഷാര്‍ഫെന്‍ബര്‍ഗ് പറഞ്ഞു.
പുകയില വേണ്ട
ഷാര്‍ഫെന്‍ബര്‍ഗ് കര്‍ശനമായി പിന്തുടരുന്ന മറ്റൊരു കാര്യം പുകവലി പൂർണമായും ഒഴിവാക്കുക എന്നതാണ്. ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗവും അദ്ദേഹം പൂര്‍ണമായും ഒഴിവാക്കി. പുകയില ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യവെല്ലുവിളികള്‍, പ്രധാനപ്പെട്ട അവയവങ്ങളിലെ കേടുപാടുകള്‍, കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് ബോധവാനായ ഡോ. ഷാര്‍ഫെന്‍ബര്‍ഗ് അത് ഒരിക്കിലും തന്റെ ശരീരത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
മദ്യപാനം ഒഴിവാക്കുക
മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്ന പൊതു ധാരണയും ഷാര്‍ഫെന്‍ബര്‍ഗ് തിരുത്തി. ഒരു ചെറിയ ഗ്ലാസ് വീഞ്ഞ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും അവകാശപ്പെടുന്നുണ്ടെങ്കിലും ഷാര്‍ഫെന്‍ബര്‍ഗ് അതും തള്ളിക്കളഞ്ഞു. തന്റെ ജീവിതകാലത്ത് ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക, ഭാരം ക്രമീകരിക്കുക
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റി നിറുത്താനുള്ള മാര്‍ഗം ശരീരത്തിലെ കൊഴുപ്പിന് ക്രമീകരിക്കുന്നതാണെന്ന് ഷാര്‍ഫെന്‍ബര്‍ഗ് പറയുന്നു. ഇതിനായി ഇടയ്ക്കിടെ അദ്ദേഹം ഉപവസിക്കും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കുകയും അത്താഴം ഒഴിവാക്കുകയും ചെയ്യുന്നു. പിറ്റേന്ന് രാവിലെ 6.30ന് ഉറക്കമുണരുന്നത് വരെ ഷാര്‍ഫെന്‍ബര്‍ഗ് ഒന്നും കഴിക്കാറില്ല.
മാംസത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കുന്നതിന് ആഹാരക്രമത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തണമെന്ന ധാരണയും അദ്ദേഹം തിരുത്തി. 20 വയസ്സുമുതല്‍ താന്‍ മാംസാഹാരം തൊട്ടിട്ടില്ലെന്ന് ഡോ.ഷാര്‍ഫെന്‍ബര്‍ഗ് പറഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ മാംസാഹാരം കഴിക്കുന്നത് പൂര്‍ണമായും നിറുത്തിയ അദ്ദേഹം തന്റെ വിശ്വാസം അനുസരിച്ച് സസ്യാഹാരമാണ് പിന്തുടരുന്നതെന്ന് പറഞ്ഞു.
പഞ്ചസാര പടിക്ക് പുറത്ത്
ഭാരം കുറയ്ക്കാന്‍ ദിവസേന കഴിക്കുന്ന കലോറിയില്‍ കുറവ് വരുത്തണം. ഇത് ഉറപ്പാക്കാന്‍ അദ്ദേഹം തന്റെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി. ഈ ലക്ഷ്യം കൈവരിക്കാന്‍ ബെറികളും കശുവണ്ടി ക്രീമും വാഴപ്പഴവും ചേര്‍ത്ത് തയ്യാറാക്കിയ ഓട്‌സ് വാഫിളുകള്‍ കഴിക്കുന്നു. പഞ്ചസാര സിറപ്പുകള്‍ ഉപയോഗിക്കുന്നേയില്ല. സുരക്ഷിതമായ പഞ്ചസാര ശരീരത്തില്‍ എത്തുന്നതിനായി പഴങ്ങളും പോഷകങ്ങള്‍ അടങ്ങിയ ആഹാരവും കഴിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു.
പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കല്‍
ശരീരത്തിന് ഹാനികരമാകുന്ന പൂരിത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വെണ്ണ, പാം ഓയില്‍, വെളിച്ചെണ്ണ, ചീസ്, മാംസം തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് പ്രൊഫസര്‍ ഊന്നിപ്പറഞ്ഞു. ''സസ്യാഹാരമാണ് ഏറ്റവും നല്ല ആഹാരക്രമം. നിങ്ങളെല്ലാവരും ശരിയായ ജീവിതശൈലി പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു.