ഇന്ദിര ഐവിഎഫിന്റെ സിഇഒയും സഹസ്ഥാപകനുമായ ഡോ ക്ഷിതിസ് മുർദിയ അടുത്തിടെ ഒരു അഭിമുഖത്തിൽ വന്ധ്യത സ്ത്രീകളുടെ കുറ്റമായി അടിച്ചേൽപ്പിക്കുന്ന പ്രവണതയെ കുറിച്ച് പരാമർശിച്ചിരുന്നു. ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടാകാതെ വരുമ്പോൾ സ്വന്തം പ്രത്യുല്പാദന പ്രശ്നം പുരുഷൻ സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്നു. ഇത് തികച്ചും അന്യായമാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതുവരെയുള്ള ഏറ്റവും വ്യാപകമായ തെറ്റിദ്ധാരണകളിലൊന്നാണ് ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടാകാതെ വരുമ്പോൾ അതിന്റെ പൂർണ ഉത്തരവാദി സ്ത്രീകളാണ് എന്നുള്ളത്.
പ്രത്യുത്പാദന പ്രക്രിയയുടെ കേന്ദ്രബിന്ദു സ്ത്രീകളാണ് എന്ന വസ്തുതയിൽ നിന്നാണ് ഈ തെറ്റിദ്ധാരണ ഉടലെടുത്തത്. ഗർഭധാരണം മുതൽ പ്രസവം, മുലയൂട്ടൽ, കുട്ടികളെ പരിപാലിക്കൽ എന്നിവയിൽ സ്ത്രീകൾ പ്രധാന പങ്കു വഹിക്കുന്നു. അതിനാൽ തന്നെ കാലങ്ങളായി അത് സ്ത്രീയുടെ മാത്രം ചുമതലയായി മാറി. ഇതേ വസ്തുതയാണ് വന്ധ്യതയിലും പ്രതിഫലിക്കുന്നത്.
advertisement
Also Read-കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
പിഡി ഹിന്ദുജ ഹോസ്പിറ്റലിലെ യൂറോളജി കൺസൾട്ടന്റായ ഡോ.അഭിനന്ദൻ സദാൽഗെയും ഖാറിലെ മെഡിക്കൽ റിസർച്ച് സെന്ററും ഇതേ അഭിപ്രായങ്ങൾ പങ്കു വെക്കുന്നു. രണ്ട് ലിംഗങ്ങളിലുമുള്ളവരിൽ അന്തർലീനമായ തകരാറുകൾ മൂലമാണ് വന്ധ്യത ഉണ്ടാകുന്നതെന്ന് വൈദ്യശാസ്ത്രപരമായി സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണെന്നും അത് സ്ത്രീയുടെ മാത്രം പ്രശ്‌നമല്ലെന്നും ഊന്നി പറഞ്ഞുകൊണ്ട് പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട നിരവധി മിഥ്യാധാരണകളെ വിദഗ്ധർ തള്ളിക്കളഞ്ഞു. പ്രധാനമായും പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള മിഥ്യധാരണകളും അവയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങളും പരിശോധിക്കാം.
മിഥ്യാധാരണ 1: ബീജത്തിന്റെ ഗുണ നിലവാരം കുറയുന്നത് മാത്രമാണ് പുരുഷ വന്ധ്യതയുടെ ഒരേയൊരു കാരണം
വസ്തുത: പുരുഷന്റെ മൊത്തത്തിലുള്ള ശാരീരിരിക ആരോഗ്യം പ്രത്യത്പാദനത്തെ സ്വാധീനിക്കുന്നുണ്ട് . ശുക്ലത്തിന്റെ ഗുണനിലവാരം പുരുഷ പ്രത്യുൽപ്പാദനത്തിന്റെ നിർണായക ഘടകമാണെങ്കിലും, അത് മാത്രമല്ല പുരുഷ്യ വന്ധ്യത എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. പുരുഷ ശരീരത്തിലെ ഹോർമോണുകളുടെ അളവ്, പുകവലി, അമിതവണ്ണം, മദ്യം, ചില മരുന്നുകളുടെ ഉപയോഗം എന്നിവ അവരുടെ പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
മിഥ്യാധാരണ 2: വന്ധ്യത പ്രത്യുൽപാദന ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഇത് മറ്റു പ്രശ്ങ്ങൾ ഉണ്ടാക്കുന്നില്ല
Also Read-ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ ?ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വസ്‌തുത: മനുഷ്യശരീരം സങ്കീർണ്ണമായ ഒരു സംവിധാനമാണ്. ഓരോ പ്രവർത്തനവും ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിയുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പല കാരണങ്ങൾ കൊണ്ടുണ്ടാകാം. മാനസിക സമ്മർദ്ദം, അപകടകരമായ ഭക്ഷണങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വന്ധ്യതയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. സമ്മർദ്ദം പുരുഷന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് കൂടുതൽ ഹോർമോണുകൾ പുറത്തുവിടുന്നു. ഇത് ബീജത്തിന്റെ അളവ് കുറയാൻ കാരണമാകുന്നു.
മിഥ്യധാരണ 3: പുരുഷ വന്ധ്യതയ്ക്ക് പ്രായം ഒരു ഘടകമല്ല
വസ്‌തുത: പുരുഷന്മാർക്ക് ഏത് പ്രായത്തിലും കുട്ടികളെ ജനിപ്പിക്കാൻ കഴിയുമെന്ന മിഥ്യ ധാരണ ആളുകൾക്കിടയിലുണ്ട്. എന്നാൽ പ്രായം കൂടുന്തോറും പുരുഷന്മാരുടെ പ്രത്യുത്പാദനശേഷി കുറയുന്നു. സ്ത്രീകളുടെ വന്ധ്യത പോലെ തന്നെ പുരുഷന്റെ പ്രത്യുൽപാദനക്ഷമതയെ പ്രായം ബാധിക്കുന്നില്ലെങ്കിലും പ്രായമാകുന്തോറും ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും ക്രമേണ കുറയും. ഉദ്ധാരണക്കുറവും ധാരാളം ആരോഗ്യപ്രശ്നങ്ങളും പ്രായമായ പുരുഷന്മാരിൽ സാധാരണമാണ്. ഇത് നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.
മിഥ്യാധാരണ 4: എസ്ടിഐകളും എസ്ടിഡികളും ഒരു കാരണമല്ല
വസ്‌തുത: ലൈംഗികമായി പകരുന്ന രോഗങ്ങളോ അണുബാധകളോ കാരണവും പുരുഷ വന്ധ്യത ഉണ്ടാകാം. ഉയർന്ന ശതമാനം കൗമാരക്കാരെയും യുവാക്കളെയും ഏതെങ്കിലും തരത്തിലുള്ള എസ്ടിഐ/ എസ്ടിഡികൾ (STI/STD ) ബാധിച്ചേക്കാം. ഇത് ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യും. കൃത്യമായ രോഗനിർണയം നടത്താത്തതിനാൽ പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നില്ല. ഈ STI/STD-കൾ ബീജത്തിന്റെ ഗുണത്തെയും അളവിനെയും കാര്യമായി തന്നെ സ്വാധീനീക്കുകയും ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും പുരുഷന്മാരിൽ വന്ധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.
STI/STDs പകരുന്നത് എങ്ങനെ ഒഴിവാക്കാം?
ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുക, ലൈംഗിക ബന്ധത്തിൽ സുരക്ഷിത മാർഗങ്ങൾ അതായത് കോണ്ടം മുതലായവ ഉപയോഗിക്കുക, പതിവായി STI/STDs പരിശോധനകൾ നടത്തുക. ഇത് ലൈംഗിക രോഗം പകരുന്നത് ഒഴിവാക്കാനുള്ള പ്രധാന വഴികളാണ്.
മിഥ്യാധാരണ 5: പുരുഷന്മാരിൽ വന്ധ്യത ഉണ്ടാകില്ല
സ്ത്രീ ശരീരത്തിൽ ഗർഭധാരണവും പ്രസവവും നടക്കുന്നതിനാൽ വന്ധ്യത സ്ത്രീകളുടെ പ്രശ്നമായി മാത്രം ആരോപിക്കപ്പെടുന്നു. ഭൂരിഭാഗം സ്ത്രീകളും വന്ധ്യത തങ്ങളുടെ പ്രശ്നമാണെന്ന് ധരിക്കുന്നു.
വസ്തുത: വന്ധ്യത പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നു എന്നതാണ് വസ്തുത. വിദഗ്ധരുടെ അഭിപ്രായത്തിൽ, 25 പുരുഷന്മാരിൽ ഒരാൾക്ക് പ്രത്യുത്പാദനക്ഷമത കുറയുകയും വന്ധ്യത ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാമെന്നും പറയുന്നു. കൂടാതെ ലോകത്തുള്ളതിൽ 30% വന്ധ്യതാ കേസുകളും പുരുഷന്റെ പ്രത്യുല്പാദന പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. അടുത്ത 30% കേസുകളും സ്ത്രീയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടുള്ളതാണ്.. ബാക്കിയുള്ള 30 - 40% വന്ധ്യതാ കേസുകൾ പലതും വ്യക്തമായ കാരണങ്ങൾ ഉള്ളവയല്ല അല്ലെങ്കിൽ അവ സ്ത്രീ-പുരുഷ വന്ധ്യതയുടെ സംയോജനമായാണ് വിദഗ്ധർ കണക്കാക്കുന്നത്.
പുരുഷന്റെ വന്ധ്യത ഇനിയും ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. ഗർഭം ധരിക്കുന്നതുകൊണ്ടും പ്രസവിക്കുന്നത്കൊണ്ടും കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് കൊണ്ടും പ്രത്യത്പാദനം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാകുകയില്ല. പുരുഷനും അതിൽ തുല്യ പ്രാധാന്യമാണുള്ളത്. കുഞ്ഞുങ്ങളുണ്ടായില്ലെങ്കിൽ സ്ത്രീയെ പഴിക്കുന്ന മിഥ്യ ധാരണകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സ്ത്രീയുടെ മാത്രം പ്രശ്ങ്ങൾ കൊണ്ടല്ല പ്രത്യത്പാദനം നടക്കാതെ വരുന്നത് എന്നും പുരുഷന് വന്ധ്യത ഉണ്ടാകുമെന്നുള്ളതും മറ നീക്കി ചർച്ച ചെയ്യപ്പെടേണ്ട വസ്തുതയാണ്. പുരുഷന്മാരുടെ വന്ധ്യത ഡോക്ടറുടെ സഹായത്തോടെ നിര്ണയിക്കേണ്ടതാണ്. അതിൽ കുറെയൊക്കെ ചികിത്സിച്ച് മാറ്റാവുന്നതുമാണ്. പുരുഷന്മാർക്ക് വന്ധ്യത ഉണ്ടാകാതിരിക്കാനായി ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:
- ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക
 - ശരീര ഭാരം കുറയ്ക്കുക
 - നിരോധിത മരുന്നുകൾ, പ്രത്യേകിച്ച് അനാബോളിക്സ്റ്റി റോയിഡുകൾ കഴിക്കാതിരിക്കുക
 - മദ്യ ഉപഭോഗം നിയന്ത്രിക്കുക
 - സമ്മർദ്ദം കുറയ്ക്കുക
 - കീടനാശിനികൾ, ലോഹങ്ങൾ തടങ്ങിയ വിഷവസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുക
 - വൃഷണങ്ങൾക്ക് അധികം ചൂടേൽക്കാതെ ശ്രദ്ധിക്കുക
 - അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കരുത്
 - ഇറുകിയ പാന്റ് ധരിക്കുന്നത് ഒഴിവാക്കുക
 - മിതമായ വ്യായാമം മാത്രം ചെയ്യുക, കാരണം അമിതമായ വ്യായാമം നിങ്ങളുടെ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയ്ക്കുകയും ഇത് ബീജങ്ങളുടെ എണ്ണത്തെ ബാധിക്കുകയും ചെയ്യും.
 
