ആർത്രൈറ്റിസിന്റെ പ്രധാന വിഭാഗങ്ങൾ
1. ഓസ്റ്റിയോ ആർത്രൈറ്റിസ്.
2. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
3. ട്രോമാറ്റിക് ആർത്രൈറ്റിസ്.
4. സോറിയാട്രിക് ആർത്രൈറ്റിസ്.
പ്രധാന ലക്ഷണങ്ങൾ
സന്ധികളിലെ വേദന, കാഠിന്യം അനുഭവപ്പെടൽ, അസ്ഥി വേദന തുടങ്ങിയ നിരവധി ലക്ഷണങ്ങളാണ് ഈ രോഗത്തിന്റെ ഭാഗമായി ഉണ്ടാകുക. നടക്കുമ്പോൾ സന്ധികളിൽ വേദന അനുഭവപ്പെടുകയും ചെയ്യും. ഉറങ്ങുമ്പോഴും ഈ വേദന തുടരും. ഇതിലൂടെ ശരിയായ ഉറക്കം ലഭിക്കാതെ വരും. ഇത് രോഗിയുടെ ജീവിതശൈലിയെ തന്നെ ഇല്ലാതാക്കും. ദൈനംദിനം ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് ലക്ഷണങ്ങൾ ചിലപ്പോൾ മൂർച്ഛിച്ചേക്കാം.
advertisement
കാരണങ്ങൾ
സന്ധികളിലെ തരുണാസ്ഥികൾക്കുണ്ടാകുന്ന (cartilage) തേയ്മാനമാണ് ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. സന്ധികളുടെ സുഗമമായ ചലനം സാധ്യമാക്കുന്നയൊന്നാണ് തരുണാസ്ഥികൾ. അതേസമയം വർഷങ്ങൾ പിന്നിടുന്തോറും കാർട്ടിലേജിന് തേയ്മാനം സംഭവിക്കുന്നു. ഏകദേശം 60 വയസ്സാകുമ്പോൾ തന്നെ ഈ അവസ്ഥയുടെ ലക്ഷണങ്ങൾ രോഗികളിൽ കണ്ടുതുടങ്ങുകയും ചെയ്യും. കാൽമുട്ടിലെ സന്ധികളുടെ തേയ്മാനമാണ് ഇന്ത്യയിൽ സാധാരണയായി കണ്ടുവരുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ ഇടുപ്പെല്ലിനാണ് തേയ്മാനം ആദ്യം സംഭവിച്ച് തുടങ്ങുക. പ്രായമായവരിൽ ഈ ലക്ഷണങ്ങൾ കൂടുതൽ പ്രകടമായി കണ്ടുതുടങ്ങും.
പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തേയ്മാന രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. പൊണ്ണത്തടി, മെറ്റാബോളിക് രോഗങ്ങൾ, അസ്ഥിയുടെ ഒടിവ് മൂലമുണ്ടാകുന്ന രോഗങ്ങളും ഓസ്റ്റിയോ ആർത്രൈറ്റിസിന് കാരണമാകും. സ്റ്റിറോയ്ഡുകളുടെ അമിതോപയോഗവും ആരോഗ്യത്തെ വഷളാക്കിയേക്കാം. ഇന്ത്യയിലെ ജനസംഖ്യയിൽ ചില പ്രത്യേക വിഭാഗത്തിനിടയിൽ ഇത്തരം രോഗങ്ങൾ സാധാരണമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പാരിസ്ഥിതിക, ജനിതക, കാരണങ്ങളും ജീവിതശൈലിയുമാണ് ഇതിന് കാരണം.
ഓസ്റ്റിയോ ആർത്രൈറ്റിസിനെ എങ്ങനെ പ്രതിരോധിക്കാം?
എല്ലാവരുടെയും ജീവിതത്തിൽ സുനിശ്ചിതമായി സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. അതിനാൽ അവയെ പൂർണ്ണമായി ചികിത്സിച്ച് മാറ്റുകയെന്നത് സാധ്യമല്ല. ഇവ ശരീരത്തെ ബാധിക്കുന്നത് വൈകിപ്പിക്കാനുള്ള വഴികളാണ് ആകെ നമുക്ക് ചെയ്യാനാകുക. ജീവിതശൈലിയിലെ മാറ്റത്തിലൂടെ ഇത് സാധ്യമാകും. അതിനായി ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നടക്കുന്നത് ഉത്തമമാണ്. ആഴ്ചയിൽ അഞ്ച് ദിവസവും കൃത്യമായ വ്യായാമം ചെയ്യണം.
യോഗ ചെയ്യുന്നതും നല്ലതാണ്. നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കി നിർത്താൻ യോഗ സഹായിക്കും. പോഷകപ്രദാനമായ ഭക്ഷണം ശീലമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ രോഗത്തിനെതിരെയുള്ള പ്രതിരോധ ശക്തി വികസിപ്പിക്കാനാകും.കടൽ വിഭവങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഇത് സന്ധികളിലെ കാർട്ടിലേജിന്റെ ആരോഗ്യം വർധിപ്പിക്കും.
(തയ്യാറാക്കിയത്: ഡോ. സായ്കൃഷ്ണ ബി നായിഡു. എംബിബിഎസ്, എംആർസിഎസ്, ഡിപ് എസ്‌ഐസിഒടി, എഫ്ആർസിഎസ് , എംസിഎച്ച് ഓർത്തോ എച്ച്ഒഡി- ട്രോമ ആൻഡ് ഓർത്തോപീഡിക്‌സ്, ബോൺ ആൻഡ് ജോയിന്റ് സർജറി, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മൗണ്ട് റോഡ്,ബംഗളുരു)