വടക്കൻ ജർമനിയിലെ വവ്വാലുകളുടെ വാസസ്ഥലമായ രണ്ടിടങ്ങളിൽ രാത്രിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽ, എലികൾ പറക്കുന്ന വവ്വാലുകളെ അന്തരീക്ഷത്തിൽ വെച്ച് ചാടിപ്പിടിക്കുകയും അവയെ ഭക്ഷിക്കുകയും ചെയ്യുന്നതായി കാണാം. ഇത് മുമ്പ് രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു രീതിയാണ്. വൈറൽ ആയ ഈ വീഡിയോ, പകർച്ചവ്യാധികൾ പടർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജീവിവർഗ്ഗങ്ങൾക്കിടയിൽ രോഗാണുക്കൾ പടർന്നുപിടിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഗവേഷകർക്കിടയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
‘ഗ്ലോബൽ ഇക്കോളജി ആൻഡ് കൺസർവേഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും ഈ വീഡിയോയെക്കുറിച്ച് വിവരിക്കുന്നുണ്ട്.
advertisement
"ഞങ്ങളുടെ അറിവിൽ, ഇത്തരത്തിലുള്ള എലിയുടെ സ്വഭാവം മുമ്പ് ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടില്ല," ബെർലിനിലെ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ബയോളജിസ്റ്റും റിപ്പോർട്ടിന്റെ പ്രധാന എഴുത്തുകാരനുമായ ഫ്ലോറിയൻ ഗ്ലോസ-റൗഷ് യു കെയിലെ ടെലിഗ്രാഫിനോട് പറഞ്ഞു.
കൊറോണ വൈറസുകൾ മുതൽ പേവിഷബാധ, എബോള വരെയുള്ള മാരകമായ രോഗങ്ങളുടെ വാഹകരാണ് വവ്വാലുകൾ. ഭൂമിയിലെ സസ്തനി വർഗ്ഗങ്ങളിൽ ഏകദേശം അഞ്ചിലൊന്ന് വവ്വാലുകളാണ്. മനുഷ്യരുമായി അടുത്തിടപഴകുന്ന എലികൾ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു.
ദൃശ്യങ്ങളിൽ എന്ത്?
ബാഡ് സെഗെബർഗ് നഗരത്തിലെ ഒരു ഓപ്പൺ എയർ തിയേറ്ററിന് സമീപമുള്ള ഗുഹയുടെ പ്രവേശന കവാടത്തിലും, ലുണെബർഗിലെ ഒരു പൊതു പാർക്കിലെ പാറക്കെട്ടിലുമായി ഗവേഷകർ രാത്രി കാഴ്ചാ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ബാഡ് സെഗെബർഗിലെ ഗുഹയിലേക്ക് വവ്വാലുകൾ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുമ്പോൾ തവിട്ടുനിറമുള്ള എലികൾ അവയെ വേട്ടയാടുന്നത് ഗവേഷകർ കുറഞ്ഞത് 30 തവണ രേഖപ്പെടുത്തി. ഇതിൽ 13 തവണ എലികൾക്ക് വിജയിക്കാനായി. പൂർണമായി ഭക്ഷിച്ചു തീർന്നിട്ടില്ലാത്ത ചിലത് ഉൾപ്പെടെ 50ലധികം വവ്വാലുകളുടെ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി.
യു കെയിലെ ടെലിഗ്രാഫ് "ഒരു പകർച്ചവ്യാധി ദുരന്തചലച്ചിത്രത്തിന്റെ ആരംഭ രംഗം" എന്ന് വിശേഷിപ്പിച്ച ദൃശ്യങ്ങളിൽ, ഒരു എലി ഇരുട്ടിൽ പിൻകാലുകളിൽ ബാലൻസ് ചെയ്ത് നിൽക്കുന്നത് കാണാം. ചുറ്റും പറക്കുന്ന നിരവധി വവ്വാലുകളുടെ സാന്നിധ്യം അതിന് മനസ്സിലാക്കുന്നുണ്ട്.
അവസരം കിട്ടുമ്പോൾ, അത് ഒരു ചെറിയ വവ്വാലിനെ പിടികൂടുകയും ഇരയുടെ മേൽ പല്ലുകൾ താഴ്ത്തി അതിനെ തിന്നാനായി വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു.
എലികൾ "ഗുഹയുടെ പ്രവേശന കവാടത്തിലെ പ്ലാറ്റ്‌ഫോമിൽ പതിവായി റോന്തുചുറ്റുന്നത്" നിരീക്ഷിച്ചതായും ഗവേഷകർ പറഞ്ഞു.
"അവ പിൻകാലുകളിൽ നേരെ നിവർന്നു നിൽക്കുകയും, തുലനാവസ്ഥക്കായി വാലുപയോഗിക്കുകയും, പറക്കുന്ന വവ്വാലുകളെ തടയാൻ മുൻകാലുകൾ ഉയർത്തുകയും ചെയ്തിരുന്നു. വവ്വാലുകളെ അന്തരീക്ഷത്തിൽ വെച്ച് പിടികൂടുകയും ഉടൻ തന്നെ കടിച്ചുകൊണ്ട് കൊല്ലുകയും വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്യുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്," ഗവേഷകർ ചൂണ്ടിക്കാട്ടി.
എലികൾക്ക് കാഴ്ചശക്തി താരതമ്യേന കുറവാണെങ്കിലും, വവ്വാലുകളെ രാത്രിയിലാണ് കൊന്നതെന്നും, വവ്വാലുകളുടെ ചിറകിൽ നിന്നുള്ള വായു പ്രവാഹം തിരിച്ചറിഞ്ഞോ അല്ലെങ്കിൽ മീശ ഉപയോഗിച്ച് സ്പർശിച്ചോ ആവാം എലികൾ ഇരയെ കണ്ടെത്തിയതെന്നും ശാസ്ത്രജ്ഞർ എടുത്തുപറഞ്ഞു.
ലുണെബർഗിലെ സ്ഥലത്ത് വിജയകരമായ വേട്ടയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും, എലികൾ അവിടെയും വവ്വാലുകളെ വേട്ടയാടിയെന്ന് സൂചിപ്പിക്കുന്ന നിരവധി അവശിഷ്ടങ്ങൾ കണ്ടെത്തി.
"ഇത്തരത്തിലുള്ള ഇടപെടലുകൾ വവ്വാലുകളുമായി ബന്ധപ്പെട്ട രോഗാണുക്കളെ എലികളിലേക്ക് പടർത്താൻ സാധ്യതയുണ്ട്. ഇത് രോഗങ്ങളുടെ ഗതി മാറ്റാനും മനുഷ്യരിലേക്കും വളർത്തു മൃഗങ്ങളിലേക്കുമുള്ള പകർച്ചാ സാധ്യതകൾ വികസിപ്പിക്കാനും ഇടയാക്കും," അവർ ചൂണ്ടിക്കാട്ടി.
