ഉയര്‍ന്ന രക്തസമ്മര്‍ദം, നല്ല കൊളസ്ട്രോളിന്റെ അളവിലെ കുറവ്, അമിതവണ്ണത്തിനുള്ള സാധ്യത എന്നിവ പോലുള്ളഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന വിവിധ ഘടകങ്ങള്‍ക്ക് സമ്മര്‍ദ്ദം കാരണമാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാൽ സമ്മര്‍ദം കുറയ്ക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുകയും നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ദൈനംദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, സമ്മര്‍ദ്ദത്തിന്റെ പ്രതികൂല ആഘാതം ലഘൂകരിക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും നമുക്ക് കഴിയും. അവ എന്തൊക്കെയെന്ന്നോക്കാം:
1. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക: സ്വയം പരിചരണം നിങ്ങളുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറ്റുക. നിങ്ങള്‍ക്ക് സന്തോഷവും വിശ്രമവും മനസ്സമാധാനവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുക. ഹോബികളില്‍ ഏര്‍പ്പെടുക, പ്രകൃതിയില്‍ സമയം ചെലവഴിക്കുക, ധ്യാനം പരിശീലിക്കുക, അല്ലെങ്കില്‍ ഒരു നല്ല പുസ്തകം വായിച്ച് വിശ്രമിക്കുക. ഓര്‍ക്കുക, സ്വയം പരിചരണത്തിന് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പ്രധാന പങ്കുണ്ട്.
advertisement
2. ആരോഗ്യകരമായ ബന്ധങ്ങള്‍ പരിപോഷിപ്പിക്കുക: പ്രിയപ്പെട്ടവരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കുക. ശക്തമായ സാമൂഹിക ബന്ധങ്ങള്‍ വൈകാരിക പിന്തുണയും പ്രോത്സാഹനവും നല്‍കും. ഇവയെല്ലാം ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തും.
3. സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കുക: വിവിധ സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കുക. അതില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്തുക. ശ്വസന വ്യായാമങ്ങള്‍, യോഗ, നടത്തം, അല്ലെങ്കില്‍ ജോഗിംഗ് പോലുള്ള പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും മനസിനെശാന്തമാക്കാനുംസഹായിക്കും.
4. നല്ല ഉറക്കം: മനസ്സിനെയും ശരീരത്തെയും വീണ്ടെടുക്കുന്നതില്‍ ഉറക്കം നിര്‍ണായക പങ്ക് വഹിക്കുന്നു. മികച്ച ഉറക്ക രീതിയും ഉറങ്ങാൻ സുഖപ്രദമായ അന്തരീക്ഷവും സൃഷ്ടിക്കുക, നല്ല ഉറക്കം സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ഹൃദയത്തിന്റെ ആരോഗ്യത്തെ നിലനിര്‍ത്തുകയും ചെയ്യും.
5. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് അനുയോജ്യമായ ജീവിതശൈലി സ്വീകരിക്കുക: ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് നിങ്ങളുടെ ജീവിതശൈലിയില്‍ ഹൃദയാരോഗ്യം പരിപാലിക്കുന്നതിനായുള്ള ശീലങ്ങള്‍ ഉള്‍പ്പെടുത്തുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം കഴിക്കുക. അതേസമയം പ്രോസസ്ഡ് ഫുഡ്, പഞ്ചസാര, അമിതമായ സോഡിയത്തിന്റെ ഉപഭോഗം എന്നിവ പരിമിതപ്പെടുത്തുക. നീന്തല്‍, സൈക്ലിംഗ് അല്ലെങ്കില്‍ നൃത്തം പോലുള്ള പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. മിതമായ വ്യായാമം പോലും നിങ്ങളുടെ ഹൃദയാരോഗ്യത്തില്‍ കാര്യമായ മാറ്റമുണ്ടാക്കും.
സമ്മര്‍ദ്ദം സ്വയം നിയന്ത്രിക്കുന്നത് വെല്ലുവിളിയായി തോന്നുന്നവർ ഒരു പ്രൊഫഷണലിന്റെ സഹായം തേടാന്‍ മടിക്കരുത്. സമ്മർദത്തിന്റെ കാരണങ്ങൾ കൂടുതല്‍ ഫലപ്രദമായി കണ്ടെത്താനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കാനും യോഗ്യതയുള്ള ഒരു തെറാപ്പിസ്റ്റിനോ കൗണ്‍സിലർക്കോ കഴിയുമെന്ന് ഓര്‍ക്കുക. വിശ്രമത്തിനും ശാരീരിക ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിലൂടെ, സമ്മര്‍ദം കുറയ്ക്കാനും നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനും കഴിയും.
(തയ്യാറാക്കിയത്: ഡോ. അഭിജിത് ബോര്‍സ് – മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്. അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ (ഹൃദയാഘാതം), വിട്ടുമാറാത്ത കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയസ്തംഭനം, ആറിഥ്മിയ, വാല്‍വുലാര്‍ ഹൃദ്രോഗം, മുതിര്‍ന്നവരിലെ ഹൃദ്രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ കാര്‍ഡിയാക് രോഗാവസ്ഥകള്‍ കണ്ടുപിടിക്കുന്നതിലും ചികിത്സിക്കുന്നതിലും ഡോ. ബോര്‍സിന് ഒരു ദശാബ്ദത്തിലേറെ പരിചയമുണ്ട്.)