ഒന്നാം ഗ്രൂപ്പിലെ ആളുകളെ സ്ഥിരമായി നടക്കാൻ പ്രേരിപ്പിച്ചും രണ്ടാം ഗ്രൂപ്പിലെ ആളുകൾക്ക് ഫിസിയോതെറാപ്പി സെഷനുകൾ നൽകിയും മൂന്നാം ഗ്രൂപ്പിലെ ആളുകൾക്ക് പ്രത്യേകം വ്യായാമങ്ങൾ ഒന്നും നൽകാതെയുമാണ് തങ്ങൾ പഠനം നടത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ മാര്‍ക്ഹാൻകോക്ക് പറഞ്ഞു. ഇതിൽ സ്ഥിരമായി നടക്കാൻ പോയവർക്ക് തങ്ങളുടെ നടുവേദനയിൽ നിന്നും വലിയ ആശ്വാസം നേടാൻ സാധിച്ചതായും ഗവേഷണത്തിൽ കണ്ടെത്തി.
നടത്തം എന്നത് ചെലവ് ഇല്ലാത്തതും ആർക്കും ചെയ്യാവുന്നതുമായ ഒരു വ്യായാമാണെന്നും ഇത് ഓസിലേറ്ററി ചലനങ്ങളിലൂടെ ശരീരത്തിലെ സുഷുമ്‌നാ ഘടനകളെയും പേശികളെയും ശക്തിപ്പെടുത്തുകയും ഒപ്പം സമ്മർദ്ദവും ഒഴിവാക്കി മാനസിക സന്തോഷം ഉണ്ടാക്കുന്ന എൻഡോർഫിനുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതായി ഹാൻകോക്ക് പറഞ്ഞു. കൂടാതെ, നടത്തത്തിലൂടെ ഹൃദയാരോഗ്യം, എല്ലുകളുടെ ദൃഢത, ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തൽ, മെച്ചപ്പെട്ട മാനസികാരോഗ്യം എന്നിവ ലഭ്യമാകുമെന്നും ഹാൻകോക്ക് ചൂണ്ടിക്കാട്ടി.
advertisement
നടത്തം എന്നത് ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ആശുപത്രി സന്ദർശനത്തിന്റെ എണ്ണം കുറയ്ക്കുകയും ചെയ്തുവെന്ന് ഗവേഷക സംഘത്തിലെ ഡോ നതാഷ പോക്കോവി പറഞ്ഞു. ഫിസിയോതെറാപ്പി സെഷനുകൾക്ക് വിദഗ്ധരുടെ മേൽനോട്ടവും വിലകൂടിയ ഉപകരണങ്ങളും ആവശ്യമാണെന്നിരിക്കെ നടത്തം എന്നത് ഒട്ടും ചെലവില്ലാതെ ആർക്കും ചെയ്യാൻ കഴിയുന്നതാണെന്നും നതാഷ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2050 ആകുമ്പോഴേക്കും സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നവരുടെ എണ്ണം 843 ദശലക്ഷമായി ഉയർന്നേക്കും. പതിവ് നടത്തം പോലെയുള്ളവ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത പഠനം അടിവരയിട്ട് പറയുന്നു.