1. കൗണ്‍സിലിംഗ്: ഗര്‍ഭിണിയാകുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി വിശദമായ ഒരു കൗണ്‍സിലിംഗ് നടത്തുക. ഈ ഘട്ടത്തില്‍ പ്രമേഹം എങ്ങനെ മാനേജ് ചെയ്യണമെന്നും നിങ്ങളുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള വിശദാംശങ്ങളും അവർ നിർദേശം നല്‍കുന്നതായിരിക്കും. കൂടാതെ എങ്ങനെ ഡയബറ്റിസ് നിയന്ത്രിക്കണമെന്ന് അവരോട് ചോദിച്ച് മനസിലാക്കണം. ഗര്‍ഭധാരണ കാലത്ത് നിങ്ങള്‍ക്ക് കഴിക്കാനാകുന്ന മരുന്നുകളും ഡോക്ടർ നിര്‍ദ്ദേശിക്കും.
2. രക്തത്തിലെ ഷുഗര്‍ നില ആരോഗ്യകരമായി നിലനിര്‍ത്തുക: പ്രമേഹമുള്ള സമയത്ത് ഗര്‍ഭിണിയാകുന്നവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അനിവാര്യമാണ്. കൃത്യമായ ഷുഗര്‍ നില പരിശോധന, ഇന്‍സുലിന്‍, മറ്റ് മരുന്നുകളുടെ ശരിയായ ഉപയോഗം, സമീകൃതാഹാരം, സ്ഥിരമായ വ്യായാമം, എന്നിവയെല്ലാം ഗര്‍ഭകാലത്തെ പ്രമേഹം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.
advertisement
3. A1C ലെവലുകള്‍ നിരീക്ഷിക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്യുക: ഒരു രക്തപരിശോധന രീതിയാണ് A1C എന്നത്. ഇതിലൂടെ കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തെ പ്രമേഹനിലയുടെ ശരാശരി കണക്കുകൂട്ടാന്‍ സാധിക്കും. അതിനാല്‍ A1C നിലനിര്‍ത്തുക എന്നത് ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. നിങ്ങളുടെ ഡോക്ടര്‍ പറയുന്ന ടാര്‍ഗറ്റിനുള്ളില്‍ ഇവ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കണം. ഗര്‍ഭധാരണത്തിന് മുമ്പും ഗര്‍ഭകാലത്തും ഇവയുടെ ലെവല്‍ 6.5 ശതമാനത്തിനും 7 ശതമാനത്തിനും താഴെയായി നിലനിര്‍ത്തണം. A1C ലെവല്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. അമ്മയ്ക്കും കുഞ്ഞിനും ഭാവിയിലുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
4.ആരോഗ്യവിദഗ്ധരുടെ സേവനം: ഗര്‍ഭധാരണ കാലത്ത് വിദഗ്ധരായ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ഉറപ്പുവരുത്തണം. പ്രത്യേകിച്ചും ഗര്‍ഭകാലത്തെ പ്രമേഹവുമായി ബന്ധപ്പെട്ട മേഖലയില്‍ അനുഭവജ്ഞാനമുള്ള ആരോഗ്യവിദഗ്ധരെ ആശ്രയിക്കുന്നതാണ് ഉചിതം. എന്‍ഡോക്രൈനോളജിസ്റ്റ്, ഒബ്‌സ്ട്രീഷ്യന്‍, ഡയബറ്റിസ് വിദഗ്ധന്‍, രജിസ്റ്റേര്‍ഡ് ഡയറ്റീഷ്യന്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇവരുമായി സ്ഥിരമായ ഇടവേളകളില്‍ കണ്‍സള്‍ട്ടിംഗ് നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടതാണ്.
5. ആരോഗ്യകരമായ ഡയറ്റ് ശീലിക്കുക: സമീകൃതാഹാരം ഈ ഘട്ടത്തില്‍ പരമപ്രധാനമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണമുള്‍പ്പെട്ട ഡയറ്റായിരിക്കണം പിന്തുടരേണ്ടത്. ഒരു വിദഗ്ധനായ ഡയറ്റീഷ്യന്റെ സേവനം ഈ ഘട്ടത്തില്‍ പ്രയോജനപ്പെടുത്തണം. പോഷകപ്രദമായ ഈ ഭക്ഷണക്രമത്തില്‍ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യം, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുള്‍പ്പെടുത്തണം.
6. സമ്മര്‍ദ്ദം കുറയ്ക്കണം: പ്രമേഹമുള്ളപ്പോഴുള്ള ഗര്‍ഭധാരണത്തില്‍ ശാരീരിക-മാനസിക ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. നല്ലരീതിയില്‍ വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം. യോഗ, ധ്യാനം, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള വ്യായാമം എന്നിവ ശീലിക്കുന്നത് ഉത്തമമാണ്. കൂടാതെ ഗര്‍ഭിണികള്‍ക്ക് പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. അവരുടെ പിന്തുണ ഗര്‍ഭിണികളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായിക്കും.
(ഡോ. റിതു ചൗധരി, സീനിയര്‍ കണ്‍സള്‍ട്ടന്റ്-ഗൈനക്കോളജിസ്റ്റ് ആന്‍ഡ് എഎംപി; ഒബ്‌സ്ട്രീഷ്യന്‍, കാവേരി ഹോസ്പിറ്റല്‍, ഇലക്ട്രോണിക് സിറ്റി, ബംഗളുരു)