ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യത്തെപ്പറ്റി സൂചന ലഭിച്ചത്. പഠനത്തിന്റെ ഭാഗമായി ഉദ്ധാരണക്കുറവുള്ള പുരുഷന്‍മാരുടെ മരുന്നുകുറിപ്പടികള്‍ ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. പിന്നീട് മരുന്നുകള്‍ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മില്‍ താരതമ്യപഠനം നടത്തുകയും ചെയ്തു.
നേരത്തേ, മൃഗങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍, വയാഗ്ര തലച്ചോറില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
മരുന്നുകള്‍ കഴിക്കുന്ന വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത അല്‍ഷിമേഴ്‌സ് രോഗികളുടെ കണക്കും മരുന്ന് കഴിക്കാത്ത വിഭാഗത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത അല്‍ഷിമേഴ്‌സ് രോഗികളുടെ കണക്കും തമ്മില്‍ ഗവേഷകര്‍ താരതമ്യം ചെയ്തു. ഇത്തരം മരുന്ന് കഴിക്കാത്ത വിഭാഗത്തില്‍ നിന്നുള്ള അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി പഠനം സൂചിപ്പിക്കുന്നു. ഉദ്ധാരണക്കുറവിനുള്ള മരുന്ന് കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ഈ മരുന്നിന്റെ സ്ഥിരമായ ഉപയോഗം അല്‍ഷിമേഴ്‌സ് രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
advertisement
അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരിലൊരാളായ ഡോ. റൂത്ത് ബ്രയര്‍ പറയുന്നു.'' ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ആഴത്തിലുള്ള പഠനം ആവശ്യമാണ്. ഇത്തരം മരുന്നുകളുടെ നേട്ടത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടത് അത്യാവശ്യമാണ്,'' എന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളിലും പുരുഷന്‍മാരിലും ഈ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാന്‍ ഗവേഷണം നടത്തണമെന്നും വിദഗ്ധര്‍ പറഞ്ഞു. '' ഉദ്ധാരണക്കുറവിനുള്ള മരുന്നുകള്‍ അല്‍ഷിമേഴ്‌സ് രോഗം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് ഈ പഠനം പറയുന്നില്ല'' ,എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ താര സ്‌പെര്‍ജോണ്‍സ് പറഞ്ഞു.
അതേസമയം ഇതൊരു മികച്ച രീതിയിലുള്ള പഠനമാണെന്നും ഇത്തരം മരുന്നുകള്‍ തലച്ചോറില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന കാര്യം കൂടുതല്‍ പഠനവിധേയമാക്കണമെന്നും റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ ഫിസിയോളജിസ്റ്റ് ഡോ. ഫ്രാന്‍സെസ്‌കോ തമാഗ്നി പറഞ്ഞു.