മിഥ്യാധാരണ 1: മൈഗ്രെയ്ന്‍ എന്നാൽ കടുത്ത തലവേദന മാത്രമാണ്.
വസ്തുത: കടുത്ത തലവേദന മാത്രമല്ല മൈഗ്രെയ്നിന്റെ ലക്ഷണം. തലവേദനയ്ക്കപ്പുറം വിവിധ ലക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ് ഇത്. മനംപുരട്ടല്‍, ഛര്‍ദ്ദി, പ്രകാശത്തോടും ശബ്ദത്തോടുമുള്ള വിരക്തി, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങളും മൈഗ്രെയ്നിനുണ്ട്.
മിഥ്യാധാരണ 2: സമ്മര്‍ദ്ദം മൂലമാണ് മൈഗ്രെയ്ൻ ഉണ്ടാകുന്നത്.
വസ്തുത: സ്ട്രെസ് ചില വ്യക്തികളില്‍ മൈഗ്രെയിനിന് കാരണമാകുമെങ്കിലും, അത് മാത്രമല്ല കാരണം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചില ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ പാനീയങ്ങള്‍, ഉറക്കമില്ലായ്മ മൂലമുള്ള അസ്വസ്ഥതകള്‍, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതക കാരണം എന്നിവയുള്‍പ്പെടെ വിവിധ കാരണങ്ങള്‍ ഉള്‍പ്പെടുന്ന അവസ്ഥയാണ് മൈഗ്രെയ്ന്‍. ഈ കാരണങ്ങള്‍ തിരിച്ചറിയുന്നത് മൈഗ്രെയിനുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും.
advertisement
മിഥ്യാധാരണ 3: മൈഗ്രെയ്ന്‍ സ്ത്രീകളെ മാത്രമേ ബാധിക്കുകയുള്ളൂ.
വസ്തുത: സ്ത്രീകളിലാണ് മൈഗ്രെയ്ന്‍ കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാരേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതൽ സ്ത്രീകളിലാണ് മൈഗ്രെയ്ന്‍ ബാധിക്കുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയിലും മൈഗ്രെയ്ന്‍ അനുഭവപ്പെടാറുണ്ട്. ഹോര്‍മോണ്‍ ഘടകങ്ങള്‍ മൈഗ്രെയ്നിന് കാരണമാകാറുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മിഥ്യാധാരണ 4: മൈഗ്രെയ്ന്‍ ഒരു ഗുരുതരമായ അവസ്ഥയല്ല.
വസ്തുത: ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ വളരെയധികം സ്വാധീനിക്കുന്ന ഒരു ആരോഗ്യാവസ്ഥയാണ് മൈഗ്രെയ്ന്‍. ഇത് കഠിനമായ തലവേദനയുണ്ടാക്കാം, ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ജോലി അല്ലെങ്കില്‍ കുട്ടികൾക്ക് സ്‌കൂളിൽ പോകാനാകാത്ത അവസ്ഥ വരുത്തുകയും ചെയ്തേക്കാം. കൂടാതെ, വിഷാദം, ഉത്കണ്ഠ, ഹൃദയ സംബന്ധമായ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായും മൈഗ്രെയ്ന്‍ ബന്ധപ്പെട്ടിരിക്കുന്നു.
മിഥ്യാധാരണ 5: മൈഗ്രെയ്നിനുള്ള ഏക ചികിത്സ മരുന്നുകള്‍ മാത്രമാണ്.
വസ്തുത: മൈഗ്രെയ്നുകള്‍ നിയന്ത്രിക്കാന്‍ സാധാരണയായി മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതുമാത്രമല്ല ഒരേയൊരു ചികിത്സാ ഉപാധി. കൃത്യമായ ഉറക്കം, സമ്മര്‍ദ്ദം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക എന്നിങ്ങനെയുള്ള ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൈഗ്രെയ്ന്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍, ബയോഫീഡ്ബാക്ക്, അക്യുപങ്ചര്‍, തുടങ്ങിയവയും മൈഗ്രെയ്ന്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
മിഥ്യാധാരണ 6: മൈഗ്രെയ്ന്‍ പൂർണമായും ചികിത്സിച്ച് സുഖപ്പെടുത്താം.
വസ്തുത: നിലവില്‍, മൈഗ്രെയ്ൻ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ പല വ്യക്തികള്‍ക്കും മൈഗ്രെയിന്‍ ഫലപ്രദമായി നിയന്ത്രിക്കാനും അത് അനുഭവപ്പെടുന്ന ആവൃത്തിയും തീവ്രതയും കുറയ്ക്കാന്‍ കഴിയും.
കടുത്ത തലവേദനയേക്കാള്‍ വലുതാണ് മൈഗ്രെയിന്‍ എന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന അവസ്ഥ കൂടിയാണ്. മുകളില്‍ പറഞ്ഞ മിഥ്യാധാരണകൾ പൊളിച്ചെഴുതുകയും ശരിയായ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ, മൈഗ്രെയ്ന്‍ അനുഭവിക്കുന്ന വ്യക്തികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് അവബോധം വളര്‍ത്തിയെടുക്കാന്‍ കഴിയും. നിങ്ങളോ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമോ മൈഗ്രെയിൻ കാരണം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ശരിയായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ഒരു ആരോഗ്യവിദഗ്ധനെ ബന്ധപ്പെടുക.
(ഡോ. സോണിയ താംബെ, എംഡി, ഡിഎം (ന്യൂറോളജി), കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് അപസ്മാരരോഗവിദഗ്ദ്ധന്‍, കാവേരി ഹോസ്പിറ്റല്‍സ്, ഇലക്ട്രോണിക് സിറ്റി ബെംഗളൂരു)