പൂനെയിലെ ഖരിഡി മണിപ്പാല്‍ ആശുപത്രിയിലെ ഡോ. വിനയ് കുമാര്‍ ഗൗതം കാല്‍മുട്ടിലുണ്ടാകുന്ന ഈ ശബ്ദം എപ്പോഴാണ് ഗൗരവത്തോടെ കാണേണ്ടത് എന്നതിനെ കുറിച്ച് വിശദമാക്കുന്നു. ഓര്‍ത്തോപീഡിക്‌സ്, ഷോള്‍ഡര്‍, ആര്‍ത്രോസ്‌കോപ്പി ആന്‍ഡ് സ്‌പോര്‍ട്‌സ് ഇന്‍ജുറി, ജോയിന്റ് റീപ്ലേസ്‌മെന്റ് സര്‍ജന്‍ എന്നീ മേഖലകളില്‍ കണ്‍സള്‍ട്ടന്റാണ് ഡോ. വിനയ് കുമാര്‍.
ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ കാൽമുട്ടിൽ നിന്നും കേള്‍ക്കുന്ന ഇത്തരം ക്ലിക്ക് അല്ലെങ്കില്‍ പൊട്ടല്‍ ശബ്ദം ശരീരത്തിന് ഒരു ദോഷവും വരുത്തില്ലെന്നും സ്വാഭാവികമായ ഒന്നാണെന്നും അദ്ദേഹം പറയുന്നു. ടെന്‍ഡോണ്‍ അല്ലെങ്കില്‍ ലിഗമെന്റ് അസ്ഥിക്ക് മുകളിലൂടെ സ്വാഭാവികമായി നീങ്ങുമ്പോഴാണ് ഈ ശബ്ദം ഉണ്ടാകുന്നത്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല.
advertisement
എന്നാല്‍, കാല്‍മുട്ടില്‍ വേദനയോ വീക്കമോ മറ്റെന്തെങ്കിലും മരവിപ്പോ അസ്ഥിരതയോ കുനിയാനുള്ള ബുദ്ധിമുട്ടോ ഇതോടൊപ്പം അനുഭവപ്പെടുകയാണെങ്കില്‍ ഈ ശബ്ദം ശ്രദ്ധിക്കണം. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നും ഡോ. വിനയ് കുമാര്‍ പറയുന്നു.
മനുഷ്യ ശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും പ്രവര്‍ത്തനപരവുമായ സന്ധികളില്‍ ഒന്നാണ് കാല്‍മുട്ട്. ഇത് ശരീരഭാരത്തെ പിന്തുണയ്ക്കുന്നതിനും ചലനം സാധ്യമാക്കുന്നതിനും നിരന്തരം പ്രവര്‍ത്തിക്കുന്നു. കാലക്രമേണ അമിത ഉപയോഗം, പരിക്ക്, തരുണാസ്ഥി തേയ്മാനം അല്ലെങ്കില്‍ വാര്‍ദ്ധക്യസംബന്ധമായ ബലഹീനത എന്നിവ കാല്‍മുട്ടിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഡോക്ടര്‍ പറയുന്നു.
കാല്‍മുട്ടില്‍ നിന്നും വേദനയില്ലാതെ ക്ലിക്ക് ശബ്ദം കേട്ടാല്‍ ആശങ്കപ്പെടേണ്ടതില്ല. നിരുപദ്രവകരമായ ഈ പൊട്ടല്‍ ശബ്ദം വൈദ്യശാസ്ത്രപരമായി ക്രെപിറ്റസ് എന്നാണ് അറിയപ്പെടുന്നത്. സന്ധികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ദ്രാവകത്തിനുള്ളില്‍ രൂപപ്പെടുന്ന ചെറിയ വായു കുമിളകള്‍ മൂലമാണ് ഇത്തരം ശബ്ദം ഉണ്ടാകുന്നത്. ഇത് സാധാരണമായതിനാല്‍ തന്നെ കാല്‍മുട്ടിന് കേടുപാടുകള്‍ വരുത്തുന്നില്ല. ഇതിന് സാധാരണയായി ചികിത്സയും ആവശ്യമില്ല.
ക്ലിക്ക് ശബ്ദത്തിനൊപ്പം വേദനയോ വീക്കമോ നടക്കാന്‍ സാധിക്കാത്ത അവസ്ഥയോ ഉണ്ടായാല്‍ അത് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ്. മെനിസ്‌കസ് കീറല്‍, ലിഗമെന്റ് പരിക്ക്, പാറ്റെല്ലാര്‍ ട്രാക്കിംഗ് ഡിസോര്‍ഡേഴ്‌സ് അല്ലെങ്കില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ അവസ്ഥകള്‍ കാല്‍മുട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചലന സമയത്ത് ശബ്ദം കേള്‍ക്കുകയും ചെയ്യും.
ഇത് സ്ഥിരീകരിക്കാന്‍ എക്‌സ്-റേയോ എംആര്‍ഐ സ്‌കാനോ എടുക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ചികിത്സയുടെ പ്രാരംഭ ഘട്ടത്തില്‍ ഫിസിയോ തെറാപ്പി ചെയ്യാനും ശക്തിപ്പെടുത്തല്‍ വ്യായാമങ്ങള്‍ ചെയ്യാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും. ശരീര ഭാരം ആരോഗ്യകരമായ രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്തുക, ആന്റി ഇന്‍ഫ്ളമേറ്ററി മെഡിക്കേഷന്‍സ്, പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും രോഗികള്‍ക്ക് നല്‍കും.
പ്രശ്‌നം എന്നിട്ടും പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കാല്‍മുട്ട് ശസ്ത്രക്രിയ ദീര്‍ഘകാല ആശ്വാസം നല്‍കിയേക്കാം.
കൂടുതല്‍ ഗുരുതരമായ കേസുകളില്‍ പ്രത്യേകിച്ച് ശക്തമായ വേദന, വൈകല്യം അല്ലെങ്കില്‍ സന്ധികളുടെ ക്ഷയം എന്നിവ ഉണ്ടാകുമ്പോള്‍ ഭാഗികമായോ പൂര്‍ണ്ണമായോ കാല്‍മുട്ട് മാറ്റിവെക്കല്‍ നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. ഈ നടപടികള്‍ രോഗിക്ക് ദീര്‍ഘകാല ആശ്വാസം നല്‍കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വേദനയോ വീക്കമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥതയോ ഉണ്ടാകുമ്പോള്‍ കാല്‍മുട്ടിലെ ക്ലിക്ക് ശബ്ദം അവഗണിക്കരുതെന്ന് ഡോക്ടര്‍ ഗൗതം പറയുന്നു. നേരത്തെയുള്ള രോഗനിര്‍ണ്ണയം സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനും അവസ്ഥ വഷളാകാതിരിക്കാനും സഹായിക്കും. ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളുടെയും മെച്ചപ്പെട്ട മെഡിക്കല്‍ സംവിധാനങ്ങളുടെയും സഹായത്തോടെ രോഗികള്‍ ആത്മവിശ്വാസം വീണ്ടെടുക്കാനും എളുപ്പത്തില്‍ ആശ്വാസം കണ്ടെത്താനും കഴിയും.
