ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഭക്ഷണത്തിലൂടെയും കരളിനെ സംരക്ഷിക്കാനാകും. കരളിന്റെ സംരക്ഷണത്തിന് പാലിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്. മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കുക എന്നതാണ് ആദ്യത്തെ വഴി. സ്ത്രീകള്‍ ഒരു ദിവസം 30 എംഎല്‍ എന്ന നിലയിലും പുരുഷന്‍മാര്‍ ഒരു ദിവസം 60 എംഎല്‍ എന്ന നിലയിലും കഴിച്ച് മദ്യത്തിന്റെ ഉപഭോഗം ക്രമേണ കുറച്ച് കൊണ്ടുവരണം. കരള്‍ രോഗങ്ങള്‍ സ്ഥിരീകരിച്ചവര്‍ മദ്യം പൂര്‍ണ്ണമായും ഒഴിവാക്കണം.
കൃത്യമായ ശരീരഭാരം നിലനിര്‍ത്തുക എന്നതാണ് അടുത്ത വഴി. ഇതിലൂടെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലുള്ള കരള്‍ രോഗങ്ങളെ ചെറുക്കാന്‍ സാധിക്കും. അമിതശരീരഭാരം ഫാറ്റി ലിവര്‍ ഉണ്ടാകാന്‍ കാരണമാകും. പച്ചക്കറികളും, ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. നെയ്യ്, എണ്ണ, ചീസ്, പഞ്ചസാര ഉല്‍പ്പന്നങ്ങള്‍ എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കുക. മലിനമായ ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമല്ല കരള്‍ രോഗമുണ്ടാകുന്നത്.
advertisement
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും രോഗവ്യാപനത്തിന് കാരണമാകാറുണ്ട്. അതിനാല്‍ സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധം ഒഴിവാക്കുക. കൂടാതെ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇവ രണ്ടും സ്ഥിരമാക്കിയവരില്‍ ഹൈപ്പറ്റൈറ്റിസ് ബി, സി രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവ ഒഴിവാക്കുന്നതിലൂടെ ഹൈപ്പറ്റൈറ്റിസ് രോഗത്തെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും. മറ്റൊന്ന് ഹൈപ്പറ്റൈറ്റിസ് ബിയ്ക്കുള്ള വാക്‌സിനേഷനാണ്. അവ കൃത്യസമയത്ത് തന്നെ സ്വീകരിക്കണം. ഇന്ന് ഹൈപ്പറ്റൈറ്റിസ് എയ്ക്കും വാക്‌സിന്‍ ലഭ്യമാണ്.
വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് അടുത്ത വഴി. ശൗചാലയത്തില്‍ പോയശേഷം കൈകകള്‍ സോപ്പിട്ട് കഴുകണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും, കഴിച്ചശേഷവും കൈ വൃത്തിയായി കഴുകണം. നന്നായി വേവിച്ച ആഹാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ഇതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കാന്‍ സാധിക്കും. ഇതിനെല്ലാം പുറമെ കരളിന്റെ ആരോഗ്യം പരിശോധിക്കാന്‍ കൃത്യമായ ഇടവേളകളില്‍ ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക. പാരമ്പര്യ കാരണങ്ങള്‍, അമിത വണ്ണം, മദ്യപാനം, പ്രമേഹം എന്നിവ മൂലം കരള്‍ രോഗം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവർ എത്രയും വേഗം ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
(തയ്യാറാക്കിയത്: ഡോ. അനുരാഗ് ഷെട്ടി, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, കെഎംസി ഹോസ്പിറ്റല്‍, മംഗളൂരു)