രോഗബാധയുള്ള മനുഷ്യരിൽനിന്ന് വ്യക്തി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ അടുത്തിടപഴകുന്നതുവഴിയാണ് രോഗം പകരാൻ സാധ്യതയുള്ളത്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം എന്നിവ കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. പനിയോടു കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർഛിക്കുന്നത് അനുസരിച്ച് ഛർദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവയുണ്ടാകാം. ചിലരിൽ കാഴ്ചമങ്ങലുമുണ്ടാകാം.
advertisement
എങ്ങനെ നിപയെ പ്രതിരോധിക്കാം എന്നതാണ് പ്രധാനം. പക്ഷികളുടെയും മൃഗങ്ങളുടെയും കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നതു തന്നെ പ്രധാനപ്പെട്ട മുൻകരുതൽ. തുറന്നതും അടച്ചുവയ്ക്കാത്തതുമായ പാത്രങ്ങളിൽ വച്ചിട്ടുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുക. കിണറുകളിലും മറ്റു ജലസ്രോതസുകളിലും വവ്വാലുകളുടെ മൂത്രം, കാഷ്ഠം എന്നിവ വീഴാനുള്ള സാധ്യത തടയുക. വളർത്തു മൃഗങ്ങളുടെ ശരീര സ്രവവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക എന്നിവയും പ്രധാനപ്പെട്ട കാര്യങ്ങളാണ്.
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ നാലു മുതൽ 21 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാക്കും. നിപ വൈറസ് ബാധിച്ചു രോഗാവസ്ഥയിലേക്ക് എത്തിയാൽ അതിവേഗമാണ് ആരോഗ്യം മോശമാവുക. രോഗം വന്ന് ഒന്നു രണ്ടു ദിവസത്തിനുള്ളിൽ തന്നെ രോഗി കോമാ അവസ്ഥയിലേക്ക് പോയേക്കാം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം. രക്തം, മൂത്രം, തൊണ്ടയിൽനിന്നുള്ള സ്രവം, വേണ്ടിവന്നാൽ നട്ടെല്ലിൽ നിന്നുള്ള സ്രവം എന്നിവയാണ് പരിശോധനയ്ക്കായി അയക്കുക. വൈറോളജി ലബോറട്ടറികളിലാണ് പരിശോധന നടത്തുക. രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച് നിർദേശം ആശുപത്രികൾക്കു നൽകിയിട്ടുണ്ട്.
നമ്മൾ കോവിഡ് കാലത്ത് സ്വീകരിച്ച പ്രധാന മുൻകരുതൽ മാർഗങ്ങൾ തന്നെയാണ് നിപ ജാഗ്രതയിലും വേണ്ടത്. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കൈ കഴുകാൻ സാധിച്ചില്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് തുടയ്ക്കുക. പനിയും മറ്റു രോല ലക്ഷണങ്ങളും ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും നിർബന്ധമായും കൈയുറകളും മാസ്കും ധരിക്കണം. എൻ 95 മാസ്ക് തന്നെ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അശ്രദ്ധമായി ഉപയോഗിക്കരുത്. നിപ ബാധിച്ചു മരിച്ചാൽ മൃതശരീരം കൈകാര്യം ചെയ്യുമ്പോഴും സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. പിപിഇ കിറ്റ് നിർബന്ധമാണ്.
Also Read- നിപ സംശയം: സമ്പർക്ക പട്ടികയിൽ 75 പേർ; രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ
നിപയ്ക്ക് ഇതുവരെ കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല. പല രീതിയിലുള്ള ആന്റി വൈറൽ മരുന്നുകളാണ് പ്രധാനമായും രോഗികൾക്കു നൽകുന്നത്. റിബവൈറിനൊപ്പം കോവിഡിന് നൽകിയ ചില മരുന്നുകളും നിപ ചികിത്സയിൽ ഉപയോഗിക്കും. 2018ൽ കോഴിക്കോട് നിപ ബാധയുണ്ടായപ്പോൾ ഈ മരുന്നുകളൊന്നും കേരളത്തിൽ ലഭ്യമായിരുന്നില്ല. ഇന്ന് ഇവ ഇവിടെയും കിട്ടും. നിപ ബാധിച്ചാൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല, മരണ നിരക്ക് കൂടുതലാണെങ്കിലും രോഗവ്യാപന നിരക്ക് വളരെ കുറവുള്ള രോഗമാണിത്. മാത്രമല്ല നമ്മള്‍ എല്ലാവരും കോവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകരിലേക്കോ പൊതുജനങ്ങളിലേക്കോ വലിയ രീതിയില്‍ രോഗം വ്യാപിക്കില്ല. മാത്രവുമല്ല കോവിഡില്‍ നിന്നും വ്യത്യസ്തമായി ഉറവിടം കണ്ടെത്തിയാല്‍ ഒരു പരിധിവരെ നമുക്ക് നിപയുടെ വ്യാപനം തടയുകയും ചെയ്യാം.