പ്രായമാകുന്തോറും എല്ലുകളുടെ കട്ടികുറഞ്ഞ് ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം. ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു രോഗമാണിത്. ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾ ഈ രോഗത്താൽ കഷ്ടപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ ഇത്തരം രോഗികളിൽ പലരും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും ക്രമേണ നടുവേദന, നട്ടെല്ല് വേദന, ദന്ത പ്രശ്നങ്ങൾ, എന്നീ ലക്ഷണങ്ങളെല്ലാം കാണിക്കാൻ തുടങ്ങുന്നു.
ആരൊക്കെ ശ്രദ്ധിക്കണം?
സാധാരണയായി പ്രായമായവരിലും ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിലുമാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ആർത്തവ വിരാമത്തോടു കൂടി സ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിനു കാരണം. ഈസ്ട്രജൻ കുറയുന്നത് അസ്ഥിയുടെ കട്ടി കുറയാൻ കാരണമാകുന്നു. സ്ത്രീകളിലെ ഇടുപ്പ്, കൈക്കുഴ, നട്ടെല്ല് എന്നീ ഭാഗങ്ങളിലെ വേദനയ്ക്കെല്ലാം ഓസ്റ്റിയോപൊറോസിസ് കാരണമാകാം.
advertisement
ഐടി പ്രൊഫഷണലുകൾ, ഓഫീസ് ജോലിക്കാർ, ചെറുപ്പകാലത്ത് കൂടുതലും വീടിനുള്ളിൽ തന്നെ കഴിഞ്ഞവർ എന്നിവരിലും വീടിനുള്ളിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കൂടുതലാണ്. മതിയായ അളവിൽ സൂര്യപ്രകാശം ലഭിക്കാത്തതാണ് ഇതിനൊരു പ്രധാനകാരണം. വിറ്റാമിൻ-ഡി യുടെ കുറവ് മൂലവും, അസ്ഥികളിൽ ബലക്ഷയം ഉണ്ടാകാം. ഒരു ദിവസം ശരാശരി അയ്യായിരം മുതൽ ആറായിരം ചുവടുകൾ വരെ നടക്കുന്നതും വിറ്റാമിൻ ഡിയുടെ കുറവുള്ള രോഗികൾ സപ്ലിമെനന്റുകൾ കഴിക്കുന്നതും, കാൽസ്യം അടങ്ങിയ പോഷകാഹാരം കഴിക്കുന്നതുമെല്ലാം ഈ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.
ഓസ്റ്റിയോപൊറോസിസും ഓസ്റ്റിയോപീനിയയും (osteopenia) തമ്മിലുള്ള വ്യത്യാസം എന്താണ്?
ഓസ്റ്റിയോപീനിയ ചെറുപ്പക്കാർക്കിടയിലാണ് കൂടുതലായും കാണപ്പെടുന്നത്. ശാരീരിക പ്രവർത്തനങ്ങളുടെ കുറവും കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവുമെല്ലാം ഇതിന് കാരണമാണ്.
ഓസ്റ്റിയോപൊറോസിസ് നിർണയിക്കാൻ സഹായിക്കുന്ന പരിശോധനകൾക്ക് എന്തെല്ലാം?
രോഗിയുടെ പ്രായവും മെഡിക്കൽ ചരിത്രവുമൊക്കെ അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തുന്നത്. രോഗനിർണയം നടത്താൻ സാധാരണയായി ഡെക്സാ (DEXA) സ്കാനിങ്ങ് ആണ് നടത്താറ്. അസ്ഥികളുടെ ആരോഗ്യം നിലനിർത്താനുള്ള മരുന്നുകൾ ഉപയോഗിച്ചാണ് ചികിത്സ. കാൽസ്യം, വൈറ്റമിൻ ഡി തുടങ്ങിയ മരുന്നുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
ഓസ്റ്റിയോപൊറോസിസിനെ എങ്ങനെ പ്രതിരോധിക്കാം?
വ്യായാമം ചെയ്യുക എന്നതാണ് ഇതിനുള്ള പ്രതിരോധ മാർഗങ്ങളിലൊന്ന്. ആരോഗ്യത്തോടെയിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ദിവസേന ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുക. ഒപ്പം, നടത്തവും വ്യായാമവും ആകാം. കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയ പോഷകാഹാരം എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നു. കാൽസ്യം ധാരാളമടങ്ങിയ പാൽ, തൈര്, സോയാബീൻ, ബീൻസ്, ബദാം, മൽസ്യം, ഇലക്കറികൾ, അയല, മുട്ട, കൂൺ, തവിട് കളയാത്ത ധാന്യങ്ങൾ, പഴങ്ങൾ, നട്സ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. സ്ത്രീകൾ ആർത്തവവിരാമത്തിന് ശേഷം പതിവായി പരിശോധന നടത്തുകയും ഓസ്റ്റിയോപൊറോസിസ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറോട് അതേക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്യുക.
(ഡോ. സായ് കൃഷ്ണ ബി നായിഡു, എച്ച്ഒഡി, ഓർത്തോപീഡിക്‌സ്, ജോയിന്റ് സർജറി, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബെംഗളൂരു)