മുട്ടകളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിൻ്റെ വളർച്ചയ്ക്കും മറ്റും ഏറെ ഗുണം ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും മുട്ടയിൽ അടങ്ങിരിക്കുന്നു. പേശികളുടെ ആരോഗ്യം, രോഗപ്രതിരോധ സംവിധാനം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയ്ക്ക് പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. കൂടാതെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ, ഫോളേറ്റ് (Folate), സെലിനിയം, സിങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ ചർമ്മത്തിൻ്റെ ആരോഗ്യം, തലച്ചോറിൻ്റെ ആരോഗ്യം, ശരീരത്തിന്റെ ഊർജ്ജം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്നു.
advertisement
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും മുട്ട പ്രധാന പങ്ക് വഹിക്കുന്നു. ഹൃദയാരോഗ്യത്തിന് ആവശ്യമായ മോണോഅൺസാച്ചുറേറ്റഡ് (Monounsaturated Fat), പോളിഅൺസാച്ചുറേറ്റഡ് ( Polyunsaturated Fat ) എന്നീ കൊഴുപ്പുകൾ മുട്ടയിൽ അടങ്ങിരിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ല്യൂട്ടിൻ (Lutein), സിയാക്സാന്തിൻ ( Zeaxanthin) തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളുടെ സാന്നിധ്യം കണ്ണിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ആൻ്റിഓക്‌സിഡൻ്റുകൾ നമ്മുടെ കണ്ണുകളെ ഹാനികരമായ അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും കണ്ണിന്റെ വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയിലെ കോളിൻ (Choline) എന്ന പോഷക ഘടകത്തിന്റെ സാന്നിധ്യം ശിശുക്കളുടെ മസ്തിഷ്ക വളർച്ചയേയും പ്രവർത്തനത്തെയും സഹായിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു. എല്ലുകളുടെ ആരോഗ്യത്തെയും കാൽസ്യത്തിന്റെ ആഗിരണത്തെയും സഹായിക്കുന്ന വിറ്റാമിൻ ഡിയുടെ സാന്നിധ്യവും മുട്ടയിലുണ്ട്. പ്രായമായവരിൽ ഉൾപ്പെടെ ഓസ്റ്റിയോപൊറോസിസിൻ്റെ സാധ്യതയും ഇത് കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.