പ്രതിദിനം വേണ്ടത് 3 ലക്ഷം ലഡു, വാര്‍ഷിക വരുമാനം 500 കോടി
തിരുപ്പതി ക്ഷേത്രത്തില്‍ ലഡു പ്രസാദം വിതരണം ചെയ്യാന്‍ തുടങ്ങിയിട്ട് 300 വര്‍ഷം പിന്നിടുന്നു. 1715 മുതലാണ് ഭക്തര്‍ക്ക് ലഡു വിതരണം ആരംഭിച്ചത്.
ക്ഷേത്രത്തിലെ അടുക്കളയില്‍ തയ്യാറാക്കുന്ന ലഡു പ്രത്യേകതരം ചേരുവകള്‍ ചേര്‍ത്താണ് തയ്യാറാക്കുന്നത്. ദിട്ടം (dittam) എന്ന പേരിലാണ് ഈ ചേരുവ അറിയപ്പെടുന്നത്. കടലമാവ്, ശര്‍ക്കര പാനി, ബദാം, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ കൃത്യമായ അളവില്‍ ചേര്‍ത്താണ് ലഡു നിര്‍മിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ആറ് തവണ മാത്രമാണ് ചേരുവകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ഓരോ ദിവസവും 15,000 കിലോഗ്രാം പശുവിന്‍ നെയ്യാണ് ലഡു നിര്‍മാണത്തിനായി ഉപയോഗിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
2014ല്‍ തിരുപ്പതി ലഡുവിന് ഭൗമസൂചിക പദവി(Geographical Indication -GI) ലഭിച്ചതോടെ ഈ പേരില്‍ മറ്റാര്‍ക്കും ലഡു നിര്‍മിച്ച് വിതരണം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല.
ഭക്തര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനായി ക്ഷേത്രത്തില്‍ നിന്ന് ലഡു വാങ്ങുന്നു. പ്രതിദിനം മൂന്ന് ലക്ഷം ലഡുവാണ് പ്രസാദമായി തയ്യാറാക്കുന്നത്. ലഡു വിതരണത്തില്‍ നിന്ന് മാത്രം പ്രതിവര്‍ഷം 500 കോടി രൂപയാണ് തിരുപ്പതി ക്ഷേത്രത്തിന് വരുമാനമായി ലഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വിവാദം
ലഡു നിര്‍മാണത്തിനായി മൃഗക്കൊഴുപ്പ് കലര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെയാണ് തിരുപ്പതി ലഡു വാര്‍ത്തകളിലിടം നേടിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരാണ് ഇതിനുപിന്നിലെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു.'തിരുപ്പതി ലഡുപോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് തയ്യാറാക്കിയത്. ലഡു തയ്യാറാക്കുന്നതിന് നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്,' എന്നായിരുന്നു നായിഡുവിന്റെ ആരോപണം.
പിന്നാലെ ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം നടത്തിയിരുന്ന എആര്‍ ഡയറി ഫുഡ്‌സിനെ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) കരിമ്പട്ടികയിലുള്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ ക്ഷേത്രത്തിലേക്കുള്ള നെയ് വിതരണം കര്‍ണാടക മില്‍ക് ഫെഡറേഷനെ ഏല്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ലഡുവിന്റെ ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ 14 ലക്ഷം ലഡുവാണ് വിതരണം ചെയ്തതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.