പ്രതിരോധ വിദഗ്ധനും അവതാരകനുമായ മറൂഫ് റാസയാണ് ഡോക്യുമെന്ററിയുടെ വിവരണം കൈകാര്യം ചെയ്തിരിക്കുന്നത്. യുദ്ധത്തിനിടയിൽ യുക്രൈനിൽ അകപ്പെട്ടു പോയ ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങൾ ഡോക്യുമെന്ററിയിൽ പങ്കുവയ്ക്കും. ഭക്ഷണമോ വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ബങ്കറുകളിൽ തള്ളിനീക്കിയ ദിവസങ്ങളെക്കുറിച്ചുള്ള അവരുടെ നേരിട്ടുള്ള വിവരണവും കേൾക്കാം. സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്നതിനിടയിലും, ഓരോ ഇന്ത്യക്കാരനെയും തിരികെ വീട്ടിലെത്തിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ നടത്തിയ ബൃഹത്തായ രക്ഷാദൗത്യത്തിന്റെ കഥയാണ് ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നീക്കത്തിൽ സർക്കാർ സ്വീകരിച്ച മാർiങ്ങളും നടപടിക്രമങ്ങളും പരിശ്രമങ്ങളുമെല്ലാം സ്ക്രീനിൽ കാണാം.
advertisement
യുക്രൈൻ – റഷ്യ പ്രതിസന്ധി ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയാകുന്നു. യുദ്ധസമാനമായ അന്തരീക്ഷം ഉടലെടുത്തതോടെ, ലോകമെങ്ങും അതിന്റെ പരിണിതഫലങ്ങൾ വ്യാപിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് യുദ്ധഭൂമിയിൽ അകപ്പെട്ടു പോയത്. ജീവനു പോലും ഭീഷണിയുണ്ടായിരുന്ന ആ സാഹചര്യത്തെക്കുറിച്ചും, അവിടെ നിന്നും ഓരോ ഇന്ത്യൻ പൗരനെയും സുരക്ഷിതമായി തിരിച്ച് നാട്ടിലെത്തിക്കണമെന്ന് ദൃഢനിശ്ചയമെടുത്ത സർക്കാരിന്റെ ആർജ്ജവത്തെക്കുറിച്ചുമുള്ള ഒരു രേഖപ്പെടുത്തലായിരിക്കും ദി ഇവാക്വേഷൻ എന്ന ഡോക്യുമെന്ററി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ദൗത്യത്തിന്റെ അമരക്കാരൻ. ഓപ്പറേഷൻ ഗംഗ എന്നു പേരിട്ട രക്ഷാദൗത്യം എങ്ങനെയാണ് ആസൂത്രണം ചെയ്തതെന്നും, തനിക്കും രാജ്യത്തിനും ഓപ്പറേഷൻ ഗംഗ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്.
‘ഓരോ ഇന്ത്യക്കാരന്റെ ഹൃദയത്തിലും ഒരു അടിയുറച്ച വിശ്വാസമുണ്ട്. എത്ര വലിയ വെല്ലുവിളിയുണ്ടായാലും, എത്ര പ്രതിസന്ധിയുള്ള സാഹചര്യമായാലും, തന്റെ സർക്കാർ തന്നോടൊപ്പമുണ്ടെന്നും, തന്നെ ഏതു വിധത്തിലും വീട്ടിൽ തിരിച്ചെത്തിക്കുമെന്നുമുള്ള വിശ്വാസമാണത്. അത് വെറും നയം മാത്രമല്ല, മനുഷ്യത്വത്തിന്റെ അടയാളമാണ്. കാലത്തിനനുസരിച്ച് ശക്തിപ്പെടുന്ന ഒരു ബന്ധമാണത്. നമ്മുടെ രാജ്യത്തിന്റെ ആദർശമാണ് അതിൽ തെളിയുന്നത്.’ പ്രധാനമന്ത്രി പറയുന്നു.
വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ, റൊമാനിയ, മോൾഡോവ, അൽബേനിയ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായ രാഹുൽ ശ്രീവാസ്തവ, പോളണ്ടിലെയും ലിത്വാനിയയിലേയും സ്ഥാനപതി നഗ്മ മല്ലിക്ക്, യുക്രൈനിലെ മുൻ ഇന്ത്യൻ സ്ഥാനപതിയായിരുന്ന പാർത്ഥ സത്പതി എന്നിവരും ഓപ്പറേഷൻ ഗംഗയെക്കുറിച്ച് ഡോക്യുമെന്ററിയിൽ സംസാരിക്കും. രാജ്യത്തെ വിദേശകാര്യ ഉദ്യോഗസ്ഥരുടെ നിരന്തരമായ പരിശ്രമങ്ങളെക്കുറിച്ചും ഡോക്യുമെന്ററിയിൽ നിന്നും അറിയാം.
ഇന്ത്യയുടെ രക്ഷാദൗത്യത്തെക്കുറിച്ച് ഡോ. എസ് ജയ്ശങ്കർ പറയുന്നതിങ്ങനെ: ‘യുക്രൈന്റെ അയൽരാജ്യങ്ങളായ പോളണ്ട്, സ്ലൊവാക്യ, റൊമേനിയ, മോൾഡോവ, എന്നിവയുടെ സഹകരണത്തോടെയാണ് ഞങ്ങളുടെ നിരന്തരമായ പരിശ്രമങ്ങൾ മുന്നോട്ടു പോയത്. രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് വെടിനിർത്തൽ പ്രഖ്യാപിക്കാൻ റഷ്യൻ പ്രസിഡന്റെ പുടിനു മേൽ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയിരുന്നു. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഒന്നോ രണ്ടോ വിമാനങ്ങൾ കൊണ്ട് തീവ്രമായി യത്‌നിക്കുകയായിരുന്നു. അങ്ങിനെയുള്ളപ്പോഴാണ് ഇന്ത്യ 90 വിമാനങ്ങളിലായി ഇന്ത്യൻ വിദ്യാർത്ഥികളെ വിജയകരമായി നാട്ടിലെത്തിച്ചത്.’
പ്രത്യേക സംഘങ്ങളിൽ പ്രവർത്തിച്ചവരും മന്ത്രിമാരും ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. ഇന്ത്യൻ പ്രതിരോധ സേനകളും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും എല്ലാവരും ഒന്നിച്ചു ചേർന്ന് ഒരു ദൗത്യം വിജയിപ്പിച്ച ത്രസിപ്പിക്കുന്ന കഥയാണ് പ്രേക്ഷകർക്കു മുന്നിലെത്തുക. 2022 ഫെബ്രുവരിയിൽ അരങ്ങേറിയ പ്രതിസന്ധിയ്ക്കു മുൻപുള്ള ദിവസങ്ങൾ മുതൽ, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതും അതിനു ശേഷമുണ്ടായ സ്ഥിതിവിശേഷങ്ങളുമടക്കം വിശദമായി ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. ഹിസ്റ്ററി ടിവി 18 അവതരിപ്പിക്കുന്ന ഒറിജിനൽ ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത് കോളോസിയം മീഡിയയാണ്. 2023 ജൂൺ 17 ശനിയാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി 18ൽ ഡോക്യുമെന്ററി കാണാം.