അസുര രാജാവായ ഹിരണ്യകശ്യപു ലോകം മുഴുവൻ അടക്കി ഭരിച്ചിരുന്ന കാലത്ത് തന്റെ പ്രജകളെല്ലാം തന്നെ മാത്രം ആരാധിക്കണം എന്ന് ഉത്തരവിട്ടു. എന്നാൽ ഹിരണ്യകശ്യപുവിന്റെ മകനായ പ്രഹ്ലാദൻ വിഷ്ണുഭഗവാന്റെ ഭക്തനായിരുന്നു. പ്രഹ്ലാദൻ മാത്രം വിഷ്ണുവിനെ ആരാധിക്കുന്നത് ഹിരണ്യകശ്യപുവിനെ ചൊടിപ്പിച്ചു. രോഷാകുലനായ ഹിരണ്യകശ്യപു പ്രഹ്ലാദനെ പാറക്കെട്ടിൽ നിന്നും എറിഞ്ഞും ആനയെക്കൊണ്ട് ചവിട്ടിയും കൊല്ലാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ വിഷ്ണുവിന്റെ സംരക്ഷണമുള്ളതിനാൽ പ്രഹ്ലാദനെ കൊല്ലാനുള്ള ഹിരണ്യകശ്യപുവിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.
advertisement
തുടർന്ന് ഹിരണ്യകശ്യപു തന്റെ സഹോദരിയായ ഹോളികയോട് സഹായം അഭ്യർത്ഥിച്ചു. ഹോളികയ്ക്ക് അഗ്നിബാധയേൽക്കില്ലെന്ന വരം ലഭിച്ചിരുന്നു. അതിനാൽ പ്രഹ്ലാദനുമായി അഗ്നിയിലേക്കിറങ്ങാൻ ഹോളിക തീരുമാനിച്ചു. എന്നാൽ തനിച്ച് അഗ്നിയിലേക്കിറങ്ങിയാൽ മാത്രമേ പൊള്ളലേൽക്കാതിരിക്കൂ എന്നതായിരുന്നു വരമെന്ന് ഹോളിക മനസ്സിലാക്കിയിരുന്നില്ല. പ്രഹ്ലാദനുമായി അഗ്നിയിലേക്കിറങ്ങിയ ഹോളിക തീയിൽ വെന്ത് മരിയ്ക്കുകയും വിഷ്ണുവിന്റെ നാമം ജപിച്ചുകൊന്നിരുന്ന പ്രഹ്ലാദൻ രക്ഷപെടുകയും ചെയ്തു.
ഹോളികയിൽ നിന്നുമാണ് ഹോളി എന്ന പേരുണ്ടായത്. ഇത് പ്രകാരം തിന്മയുടെ മുകളിൽ നന്മ കൈവരിച്ച വിജയമായി ആളുകൾ ഹോളി ആഘോഷിക്കുന്നു. ഹോളിയ്ക്ക് മുൻപുള്ള ദിവസം രാത്രി അഗ്നിജ്വാല ഒരുക്കി തങ്ങളുടെ മനസ്സിലെ തിന്മകളെ ഇല്ലാതാക്കാൻ ആളുകൾ പ്രാർത്ഥിക്കാറുണ്ട്. ഈ ചടങ്ങ് “ഹോളിക ദഹൻ” എന്നറിയപ്പെടുന്നു. ഹോളി ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പരസ്പരം നിറങ്ങൾ വിതറിയാണ് ഏവരും ഹോളി ആഘോഷിക്കുന്നത്.