മഴയ്ക്ക് മുമ്പ് തന്നെ ഈയൊരു ഗന്ധം ചില മനുഷ്യർക്ക് അനുഭവപ്പെടാറുണ്ടത്രേ. അതായത് കോരിച്ചൊരിയുന്ന മഴ പെയ്യാൻ പോവുന്നുവെന്ന് അന്തരീക്ഷത്തിലെ ഗന്ധത്തിൽ നിന്ന് തിരിച്ചറിയാൻ കഴിയുന്ന മനുഷ്യരുണ്ടത്രേ. ഈ പറയുന്നത് തമാശയല്ലെന്നാണ് ശാസ്ത്രം പറയുന്നത്. ഇപ്പോൾ മഴ പെയ്യുമെന്ന് പ്രവചിക്കുന്നവരെ അങ്ങനെയങ്ങ് പുച്ഛിച്ച് തള്ളേണ്ടതില്ലെന്ന് സാരം.
ശക്തമായ മഴ പെയ്തതിന് ശേഷം അന്തരീക്ഷത്തിൽ നിന്നുണ്ടാവുന്ന ഗന്ധത്തിന് ശാസ്ത്രലോകം നേരത്തെ തന്നെ ഒരു പേര് കണ്ടുപിടിച്ചിട്ടുണ്ട്. ‘പെട്രിക്കോർ’ എന്നാണ് ഈ ഗന്ധത്തിൻെറ പേര്. 1960കളിൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞരായ ഇസബെൽ ജോയ് ബിയർ, റിച്ചാർഡ് ഗ്രെൻഫെൽ തോമസ് എന്നിവർ ചേർന്നാണ് ഈ ഗന്ധത്തിന് ഇങ്ങനെ പേരിട്ടത്.
advertisement
രണ്ട് ഗ്രീക്ക് പദങ്ങൾ സംയോജിപ്പിച്ചാണ് പെട്രിക്കോർ എന്ന പേര് വന്നിരിക്കുന്നത്. ദൈവങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ദ്രാവകത്തെയാണ് ഗ്രീക്ക് ഇതിഹാസങ്ങളിൽ ‘ഇക്കോർ’ എന്ന് വിളിക്കുന്നത്. ‘പെട്രോസ്’ എന്നാൽ കല്ല് എന്നാണ് അർഥം വരുന്നത്. ഈ രണ്ട് പദങ്ങൾ സംയോജിപ്പിച്ചാണ് പെട്രിക്കോർ എന്ന വാക്ക് ഉണ്ടാക്കിയത്. വായുവും ഭൂമിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാൻ കൂടി വേണ്ടിയാണ് ശാസ്ത്രജ്ഞൻമാർ ഇങ്ങനെയൊരു പേര് ഇട്ടിരിക്കുന്നത്.
മണ്ണിലുള്ള ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവായ ജിയോസ്മിന്നിൽ നിന്നാണ് മഴ പെയ്തതിന് ശേഷമുള്ള ഗന്ധം ഉണ്ടാവുന്നത്. മണ്ണിലുള്ള എല്ലാ ജീവജാലങ്ങളേയും എല്ലാ ഭാഗത്തേക്കും കൊണ്ടു പോവുന്നതിനും മറ്റുമായാണ് ബാക്ടീരിയ ഈ രാസവസ്തു ഉൽപ്പാദിപ്പിക്കുന്നത്. മഴത്തുള്ളികൾ നിലത്ത് പതിക്കുകയും പരന്നുപോകുകയും ചെയ്യുമ്പോൾ വായു അറകളിലേക്ക് ഈ ഗന്ധം കൂടുതലായി എത്തുന്നു. അതിനാലാണ് പുതുമഴയ്ക്ക് ശേഷം മനോഹരമായ ഗന്ധം വായുവിൽ പടരുന്നത്.
അതേസമയം മഴയുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ മറ്റൊരു ഗന്ധം കൂടി ഉണ്ടാവാറുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഇത് മനുഷ്യർക്കും പെട്ടെന്ന് തന്നെ കിട്ടാറുണ്ട്. ഓസോൺ എന്നറിയപ്പെടുന്ന ഈ ഗന്ധം നേരത്തെ പറഞ്ഞ പെട്രിക്കോറിനേക്കാൾ മനസ്സിന് കുളിർമയും സന്തോഷവും നൽകുന്നതാണത്രേ. ഓസോൺ ഗന്ധം ചില ഘട്ടങ്ങളിൽ മഴയുടെ വരവിനെക്കുറിച്ച് സൂചന നൽകാറുണ്ട്. മഴയ്ക്ക് മുൻപുള്ള കാറ്റിൽ വായുവിലൂടെ ഈ ഗന്ധം പടരുകയും അത് മനുഷ്യരിലേക്ക് എത്തുകയും ചെയ്യും.
അതായത് കനത്ത മഴ പെയ്യാൻ പോവുന്നുവെന്ന് ആളുകൾ അന്തരീക്ഷത്തിലെ ഗന്ധം മനസ്സിലാക്കി പ്രവചിക്കുന്നത് വെറുതെ പറയുന്നതല്ല. അതിന് ശാസ്ത്രീയമായ അടിത്തറയുണ്ട്. മണ്ണിൽ നിന്നും വായുവിൽ നിന്നും പടരുന്ന പല രോഗങ്ങളെക്കുറിച്ചും കൂടുതൽ പഠനം നടക്കുന്നുണ്ട്. രോഗം എങ്ങനെ അന്തരീക്ഷത്തിലൂടെ ആളുകളിലേക്കും മൃഗങ്ങളിലേക്കും പടരുന്നുവെന്ന് മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് കരുതുന്നത്.