ജീവനക്കാരുമായി വഴക്കിട്ട യാത്രക്കാരന്‍ വിമാനത്തിലെ ഇന്റര്‍കോമം സംവിധാനത്തിന് തകരാര്‍ വരുത്തി. വിമാനത്തിന്റെ പുറത്തേക്കുള്ള വാതിലുകളിലൊന്ന് തുറക്കാന്‍ ഇയാള്‍ ശ്രമിച്ചതായി സണ്‍ റിപ്പോര്‍ട്ടു ചെയ്തു.
കോക്ക്പിറ്റും പുറത്തേക്കുള്ള വാതിലുകളും തുറക്കാന്‍ ശ്രമിച്ച ഇയാളെ കാബിന്‍ ക്രൂ അംഗങ്ങളും മറ്റു യാത്രക്കാരും ചേര്‍ന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയും യാത്രക്കാരനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഈസിജെറ്റിന്റെ എയര്‍ബസ് എ320ല്‍ ആണ് സംഭവം നടന്നത്. വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിന് പിന്നാലെയാണ് യാത്രക്കാരന്‍ ബഹളം വെച്ചത്. ക്രൂ അംഗങ്ങളുമായി വഴക്കുണ്ടാക്കിയ ഇയാള്‍ പൈലറ്റിനെ ചീത്ത വിളിച്ചു. ഇതിന് പിന്നാലെ കോക്ക്പിറ്റില്‍ ഇടിക്കുകയും വിമാനത്തിന്റെ നിയന്ത്രണം താന്‍ ഏറ്റെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു. ഇയാളെ ക്രൂ അംഗങ്ങള്‍ കീഴടക്കി തറയില്‍ കിടത്തി. തുടര്‍ന്ന് വിമാനം ജര്‍മ്മനിയിലെ മ്യൂണിക്കിലേക്ക് വഴിതിരിച്ചു വിട്ടു. നേരത്തെ വിവരമറിയിച്ചതിന് അനുസരിച്ച് പോലീസ് അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ മദ്യപിച്ച് ബഹളം വെച്ച യാത്രക്കാരനെ പിടികൂടുകയും അറസ്റ്റു ചെയ്യുകയും ചെയ്തു.
advertisement
ജർമനിയിൽ അടിയന്തരലാൻഡിംഗ് നടത്തിയ ശേഷം വിമാനത്തിലുള്ള മറ്റ് യാത്രക്കാരില്‍ പലരും മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനോട് ദേഷ്യപ്പെട്ടു. യാത്ര തുടങ്ങുന്നതിന് മുമ്പ് ഇയാള്‍ വളരെയധികം മദ്യം കഴിച്ചിരുന്നതായി അവര്‍ ആരോപിച്ചു.
ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരത്തിലുള്ള അധിക്ഷേപിക്കുന്നതും ഭീഷണപ്പെടുത്തുന്നതുമായ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും ഈസിജെറ്റ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.