പുല്‍മേടുകള്‍, ഉഷ്ണമേഖലാ മഴക്കാടുകള്‍, മഞ്ഞുവീഴ്ചയുള്ള കാടുകള്‍, കണ്ടല്‍ ചതുപ്പുകള്‍ തുടങ്ങി വിവിധ പ്രകൃതിദത്ത ആവാസവ്യവസ്ഥകളില്‍ ജീവിക്കാന്‍ കടുവകള്‍ക്ക് കഴിയും. ഇങ്ങനെയൊക്കെ പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയുമെങ്കിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കടുവകളുടെ എണ്ണത്തില്‍ 95 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. വേള്‍ഡ് വൈല്‍ഡ് ലൈഫിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമായി കാട്ടിലുള്ള കടുവകളുടെ എണ്ണം 3900 ആണെന്ന് കണക്കാക്കപ്പെടുന്നു.
കടുവകള്‍ അധിവസിക്കുന്ന സ്ഥലത്തെ പ്രധാന വേട്ടക്കാര്‍ അവരായിരിക്കും. അവ മറ്റ് മൃഗങ്ങളെ വേട്ടയാടുകയും ആവാസവ്യവസ്ഥയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കടുവകളില്ലാതെയായാല്‍ അവ ഭക്ഷിക്കുന്ന ജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അത് പരിസ്ഥിതിയെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയും. അതിനാല്‍, പ്രകൃതിദത്ത ഭക്ഷ്യശൃംഖലയില്‍ കടുവകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
advertisement
കാലാവസ്ഥയിലെ വ്യതിയാനമാണ് കടുവകളുടെ നിലനില്‍പ്പിന് പ്രധാന ഭീഷണിയായി ഉയരുന്നത്. അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതും സമുദ്രജലനിരപ്പ് ഉയരുന്നതും കടുവകളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്നു. ആവാസവ്യവസ്ഥ ചുരുങ്ങുന്നത് മനുഷ്യര്‍ അധിവസിക്കുന്ന ഇടങ്ങളിലേക്ക് എത്തിച്ചേരാന്‍ അവയെ പ്രേരിപ്പിക്കും. ഇത് മനുഷ്യ-മൃഗ സംഘര്‍ഷത്തിന് കാരണമായേക്കാം.
