2006ല്‍ കടുവകളുടെ എണ്ണം വെറും 1411 ആയിരുന്നു. എന്നാല്‍ 2014 ആയപ്പോഴേക്കും കടുവകളുടെ എണ്ണം 2226 ആയി ഉയര്‍ന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം മാത്രമല്ല ഈ വര്‍ധനവിന് കാരണം. നേച്ചര്‍ ടൂറിസവും കടുവകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എങ്ങനെയാണ് കടുവകളുടെ വര്‍ധനവിന് നേച്ചര്‍ ടൂറിസം കാരണമായത് എന്ന് നോക്കാം.
ഇന്ത്യയിലെ കടുവകള്‍
1973ലാണ് കടുവകളെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രൊജക്ട് ടൈഗര്‍ എന്ന പദ്ധതി കൊണ്ടുവന്നത്. അന്ന് ഇന്ത്യയിലെ കടുവകളുടെ എണ്ണം 1827 ആയിരുന്നു. കടുവകളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമായിരുന്നില്ല ഈ പദ്ധതി ലക്ഷ്യം വെച്ചത്. അവയുടെ ആവാസ കേന്ദ്രങ്ങളുടെ സംരക്ഷണം കൂടിയായിരുന്നു.
advertisement
പ്രോജക്ട് ടൈഗര്‍ പദ്ധതിയുടെ അമ്പതാം വാര്‍ഷികം 2023 ഏപ്രിലില്‍ ആയിരുന്നു രാജ്യം ആഘോഷിച്ചത്. പദ്ധതിയിലൂടെ ലോകത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചതെന്നാണ് ഈ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കടുവകളെ സംരക്ഷിക്കുക എന്നത് കൂടാതെ അവയുടെ ആവാസകേന്ദ്രങ്ങളും സംരക്ഷിക്കാന്‍ പദ്ധതിയ്ക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കടുവകളെ സംരക്ഷിക്കുന്ന എന്നത് അത്ര എളുപ്പമുള്ള ദൗത്യമായിരുന്നില്ല. പ്രോജക്ട് ടൈഗര്‍ ആരംഭിച്ചതിന് ശേഷമുള്ള സാവധാന പ്രക്രിയയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ചില രാജ്യങ്ങളില്‍ കടുവകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അവയുടെ എണ്ണം വര്‍ധിക്കുകയാണ്. അതില്‍ നമുക്ക് അഭിമാനിക്കാം. ജനങ്ങളുടെ സഹനശക്തി, രാജ്യത്തെ ഭരണകൂടത്തിന്റെ ഇച്ഛാശക്തി, എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്,’ എന്ന് വന്യജീവി സംരക്ഷകയായ പ്രിയര്‍ണ ബിന്ദ്ര പറഞ്ഞു.
ടൈഗര്‍ ടൂറിസത്തിന്റെ പ്രാധാന്യം
വംശനാശം വന്ന സ്പീഷീസുകളുടെ സംരക്ഷണത്തില്‍ നേച്ചര്‍ ടൂറിസത്തിന് വലിയ പങ്കാണുള്ളത്. വന്യജീവി പ്രേമികള്‍ പലരും രണതംഭോര്‍, പെഞ്ച്, ബാന്ധവ്ഗഢ്, തഢോബ, സരിസ്‌ക തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലേക്ക് പോകുന്നതും ടൂറിസത്തിന്റെ ഭാഗമാണ്. കടുവയെ കാണുക എന്ന ഒറ്റ ലക്ഷ്യമാണ് സഞ്ചാരികളുടെ ഈ യാത്രയ്ക്ക് പിന്നിലെ ഉദ്ദേശം. ഇതിലൂടെ ഇത്തരം വന്യജീവി സങ്കേതങ്ങള്‍ക്ക് മാത്രമല്ല വരുമാനം ലഭിക്കുന്നത്. പ്രാദേശിക സമൂഹങ്ങള്‍ക്കും വരുമാനം ലഭിക്കുന്നു.
ഈ വിലയിരുത്തല്‍ ശരിവെയ്ക്കുന്ന പഠനങ്ങളും പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ദിപ്പൂര്‍, സുന്ദര്‍ബന്‍സ്, കന്‍ഹ കടുവാ സങ്കേതങ്ങളുടെ പ്രധാന ആകര്‍ഷണം കടുവയാണെന്നും അവയെ കാണാനാണ് ഭൂരിഭാഗം വിനോദസഞ്ചാരികളും എത്തുന്നത് എന്നുമാണ് പഠനത്തില്‍ പറഞ്ഞിരുന്നത്.
നേച്ചര്‍ ടൂറിസം നേരിടുന്ന പ്രധാന ആശങ്കകള്‍
നിരവധി ഗുണങ്ങളുണ്ടെങ്കിലും പലരും നേച്ചര്‍ ടൂറിസം നേരിടുന്ന ആശങ്കകളെപ്പറ്റി അധികം സംസാരിക്കാറില്ല. എന്നാല്‍ ഈ പദ്ധതിയും ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്നതാണ് വാസ്തവം. അനിയന്ത്രിതമായ വിനോദ സഞ്ചാരം കടുവകളെ വെറും ”സെല്‍ഫി വസ്തു”ക്കളാക്കി മാറ്റുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. 2019ല്‍ മധ്യപ്രദേശിലെ ബാന്ധവ്ഗഢ്, കന്‍ഹ വന്യജീവി സങ്കേതം എന്നിവയില്‍ നടത്തിയ പഠനപ്രകാരം ടൂറിസം സീസണില്‍ മറ്റ് മൃഗങ്ങളെക്കാള്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന വിഭാഗമാണ് കടുവകളെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം വനത്തെ ആശ്രയിച്ച് കഴിയുന്ന ഗോത്രവിഭാഗങ്ങളെ സംരക്ഷിക്കണമെന്നും വന്യജീവി സംരക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. കന്‍ഹ കടുവാ സങ്കേതത്തില്‍ നിന്ന് നിയമവിരുദ്ധമായ കുടിയൊഴിക്കപ്പെട്ട ബൈഗ, ഗോണ്ട് വിഭാഗത്തിലുള്ള ആയിരക്കണക്കിന് ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി 2015ല്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ചാരിറ്റി സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഇതും നേച്ചര്‍ ടൂറിസം നടപ്പാക്കുന്നതിലെ ആശങ്ക വര്‍ധിപ്പിക്കുന്നു.