സത്യസന്ധമായി ലീവ് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ജീവനക്കാരന്റെ ഇമെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അദ്ദേഹത്തിന്റെ മാനേജര്‍ തന്നെ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നില്‍ പങ്കിട്ടത്. വളരെ പെട്ടെന്നു തന്നെ സംഭവം വൈറലായി. സുതാര്യത, സഹാനുഭൂതി, തൊഴിലിടങ്ങളില്‍ വ്യക്തിപരമായ സമയത്തോടുള്ള മനോഭാവം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് നിരവധി പേര്‍ ഇതിനെ പ്രശംസിച്ച് രംഗത്തെത്തി.
ഇത്രയധികം ശ്രദ്ധയും പ്രശംസയും നേടാന്‍ ആ ഇമെയിലില്‍ എന്തായിരുന്നു എന്നല്ലേ...? സംഭവം വളരെ ലളിതമാണ്.
ഒരു ദിവസത്തെ അവധി ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ ഇമെയില്‍. എന്നാല്‍ അസുഖമോ അവ്യക്തമായ കാരണങ്ങളോ ചൂണ്ടിക്കാണിച്ചല്ല ലീവിന് അപേക്ഷിച്ചിട്ടുള്ളത്. ഡിസംബര്‍ 16-ന് തനിക്ക് അവധി വേണമായിരുന്നുവെന്നും തന്റെ കാമുകി ഉത്തരാഖണ്ഡിലെ സ്വന്തം വീട്ടിലേക്ക് പോകുകയാണെന്നും ഇമെയിലില്‍ ജീവനക്കാരന്‍ പറയുന്നു. അവള്‍ ജനുവരി ആദ്യ വാരം മാത്രമേ തിരിച്ചെത്തുകയുള്ളു. അതിനാല്‍ അവളോടൊപ്പം ചെലവഴിക്കാന്‍ ആ ദിവസം താന്‍ ആഗ്രഹിക്കുന്നതായും ഇത് അനുവദിക്കണമെന്നുമാണ് ജീവനക്കാരന്‍ ഇമെയില്‍ പറയുന്നത്.
advertisement
ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ഇത്തരം സാഹചര്യങ്ങള്‍ മുമ്പ് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും ഈ സമീപനം എന്തുകൊണ്ട് മികച്ചതായി തോന്നി എന്നതിനെ കുറിച്ചുമുള്ള ചിന്തകള്‍ മാനേജര്‍ പങ്കുവെച്ചിട്ടുണ്ട്.
ഇത് തനിക്ക് അടുത്തിടെ ലഭിച്ച ഇമെയില്‍ ആണെന്ന് പറഞ്ഞാണ് മാനേജരുടെ പോസ്റ്റ് തുടങ്ങുന്നത്. ഇത് വളരെ സുതാര്യമായ മുൻകൂറായി അയച്ച ഒരു അഭ്യര്‍ത്ഥനയാണെന്നും കാലം മാറുകയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. "സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് ഈ പതിപ്പാണ് ഇഷ്ടം. പ്രണയത്തോട് നോ പറയാന്‍ കഴിയില്ല. ലീവ് അനുവദിച്ചിരിക്കുന്നു", എന്നായിരുന്നു മാനേജരുടെ പോസ്റ്റ്.
സത്യസന്ധമായ ആ ഇമെയിലും മാനേജരുടെ സമീപനവും ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ചു. കോര്‍പ്പറേറ്റ് ക്രമീകരണങ്ങളില്‍ സത്യസന്ധത അപൂര്‍വ്വവും വളരെ പരിമിതവുമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. മാനേജരുടെ പ്രതികരണം പോസ്റ്റിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. അഭ്യര്‍ത്ഥനകളോടുള്ള വിശ്വാസാധിഷ്ടിത സമീപനത്തെ നിരവധി ഉപഭോക്താക്കള്‍ അഭിനന്ദിച്ചു.
ഇരുവരെയും പ്രശംസിച്ച് നിരവധിയാളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഇത്തരത്തിലുള്ള തുറന്ന സമീപനം വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും ആളുകള്‍ക്ക് കള്ള പറയേണ്ട ആവശ്യമില്ലാത്ത ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുമെന്നും നിരവധി ഉപയോക്താക്കള്‍ പറഞ്ഞു.
എന്നാല്‍, ചിലർ വിരുദ്ധവും വിമർശനാത്മകവുമായ അഭിപ്രായങ്ങളും പോസ്റ്റിനു താഴെ പങ്കുവെച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അവധിയെടുക്കേണ്ടി വരുമ്പോള്‍ കാരണങ്ങള്‍ നല്‍കേണ്ടി വരുന്നത് ദുഃഖകരമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അവധി ന്യായീകരിക്കാന്‍ ഇത്രയധികം ശ്രമം ആവശ്യമില്ലെന്നും ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം ആളുകളെ വിശ്വസിക്കണമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. പോസ്റ്റിലെ സാഹചര്യത്തിൽ അവധി ചോദിക്കാൻ 'തനിക്ക് ഒരു സ്വകാര്യ ദിവസം വേണം' എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും ആ ഉപയോക്താവ് എഴുതി.
