തെളിഞ്ഞ കാലാവസ്ഥയും സമയവും അനുസരിച്ച് ചന്ദ്രഗ്രഹണം സാധാരണയായി എല്ലായിടത്തും ദൃശ്യമാകും. എന്നാൽ ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. യൂറോപ്പ്, അമേരിക്ക (വടക്ക്, തെക്ക്), ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ ചന്ദ്രഗ്രഹണം കാണാൻ അവസരം ലഭിക്കും.
എന്താണ് ചന്ദ്രഗ്രഹണം?
പൗര്‍ണമിയില്‍ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. ഈ അവസരത്തിൽ ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യും. ഇപ്രകാരം ചന്ദ്രൻ ഭൂമിയുടെ നിഴലിനുള്ളിലാകുന്നതാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസം. എല്ലാ പൗര്‍ണമിയിലും ഭൂമി, സൂര്യന്‍, ചന്ദ്രന്‍ ഇവ കൃത്യം നേര്‍രേഖയില്‍ വരാറില്ല, അപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുക. അതിനാൽ എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാവുകയില്ല.
advertisement
ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ?
നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും ദോഷകരമല്ലാത്തതുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു തടസ്സവുമില്ല.