ഇത്തരത്തില്‍ വിചിത്രമായി തോന്നുന്ന ഒരു ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നത്. അസമില്‍ നിന്നുള്ള ഒരാള്‍ തന്റെ വിവാഹമോചനം ആഘോഷിക്കുന്നതിന്റെ വ്യത്യസ്ഥമായ വീഡിയോയാണ് വൈറലായിരിക്കുന്നത്. താന്‍ സ്വതന്ത്രനാണെന്ന് ക്യാമറയ്ക്കു മുന്നില്‍ പ്രഖ്യാപിച്ചുകൊണ്ട് 40 ലിറ്റര്‍ പാലില്‍ കുളിച്ചാണ് ആ യുവാവ് തന്റെ വിവാഹമോചനം ആഘോഷിച്ചിട്ടുള്ളത്.
നല്‍ബാരി ജില്ലയില്‍ നിന്നുള്ള മണിക് അലിയാണ് തന്റെ വിവാഹമോചനം ആസാധാരണമായ രീതിയില്‍ ആഘോഷിച്ചത്. 40 ലിറ്റര്‍ പാല്‍ ദേഹത്തൂടെ ഒഴിച്ച് വിവാഹമോചനം ആഘോഷിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
advertisement
അലി തന്റെ വീടിനുമുന്നില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് നാല് ബക്കറ്റില്‍ പാല് നിറച്ച് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഓരോ ബക്കറ്റ് പാലും ദേഹത്തേക്ക് ഒഴിച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആഘോഷത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും അയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
ഇന്നുമുതല്‍ താന്‍ സ്വതന്ത്രനായെന്ന് അയാൾ വീഡിയോയിൽ പറയുന്നു. ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്നും കുടുംബത്തിന്റെ സമാധാനം ഓര്‍ത്ത് താന്‍ മൗനം പാലിക്കുകയാണെന്നും അയാള്‍ വ്യക്തമാക്കുന്നു. തന്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്നും പലതവണ അവര്‍ കാമുകനൊപ്പം ഒളിച്ചോടിയതായും അലി ആരോപിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. മകളുടെ ഭാവിയോര്‍ത്ത് അദ്ദേഹം തന്റെ വിവാഹബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും നേരെയാകാതെ വന്നതോടെയാണ് ദമ്പതികള്‍ വിവാഹമോചനം നേടിയതെന്നാണ് വിവരം.
നിയമപരമായി ബന്ധം വേര്‍പെടുത്തിയ ശേഷം അലി ആ സന്ദര്‍ഭം ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പലതവണ ഒളിച്ചോടിയ ഭാര്യ ഇത്തവണ മകളെയും കൊണ്ടാണ് പോയിരിക്കുന്നതെന്ന് അലി പറയുന്നു. ഇത് തന്നെ വേദനിപ്പിച്ചതായും വിവാഹബന്ധം വേര്‍പെടുത്തിയതോടെ താന്‍ പുതിയ ജന്മം എടുത്തതുപോലെ തോന്നിയെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ടാണ് ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിക്കാന്‍ പാലില്‍ കുളിച്ചതെന്നും മണിക് അലിയെ ഉദ്ധരിച്ച് ഇടിവി റിപ്പോര്‍ട്ട് ചെയ്തു.
എന്തായാലും മണിക് അലിയുടെ വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ രണ്ട് തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് കാരണമായി. ചിലര്‍ ഇതിനെ ശ്രദ്ധപിടിച്ചുപറ്റാനുള്ള തന്ത്രമായി പരിഹസിച്ചു. മറ്റുചിലര്‍ ഇതിനെ അദ്ദേഹത്തിന്റെ വൈകാരിക നടപടിയായി പരിതപിച്ചു. 'നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍', എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. 'ഇന്ത്യ തുടക്കകാര്‍ക്കുള്ളതല്ലെന്ന്' മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം അയാള്‍ സ്വര്‍ഗ്ഗവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം. വിവാഹമേചനം ആഘോഷിക്കുന്ന രീതി കണ്ടാലറിയാം അദ്ദേഹം വളരെ സന്തോഷവാനാണെന്നും നന്നായിരിക്കട്ടെ എന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്.