'അമ്രിക് സുഖ്‌ദേവിലെ പൊറോട്ട കഴിക്കാന്‍ ഇന്ന് മൂര്‍ത്തലിലേക്ക് പോകാം', ഡല്‍ഹി എന്‍സിആറില്‍ താമസിക്കുന്നവര്‍ ഈ വരികള്‍ നിരവധി തവണ കേട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. അവിടെ താമസിക്കുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ പലപ്പോഴും ഇങ്ങനെയൊരു നിര്‍ദ്ദേശം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് പിന്നീട് ഹരിയാനയിലെ മൂര്‍ത്തലിലുള്ള അമ്രിക് സുഖ്‌ദേവ് റെസ്റ്റോറന്റിലാണ് പലരെയും കൊണ്ടെത്തിക്കുന്നത്.
ദേശീയ പാതയോരത്ത് (എന്‍എച്ച്-44) സ്ഥിതി ചെയ്യുന്ന ഈ റെസ്‌റ്റോറന്റ് വെറുമൊരു ഭക്ഷണശാല എന്നതിലുപരിയായി മാറിയിരിക്കുന്നു. ആ പ്രദേശത്തിന്റെ തന്നെ ഒരു തിരിച്ചറിയല്‍ മുഖമാണ് ഈ ഹോട്ടലൽ. വര്‍ഷങ്ങളായി എല്ലാ പ്രായത്തിലുള്ള ആളുകളുടെയും ഇഷ്ട കേന്ദ്രമാണ് അമ്രിക് സുഖ്‌ദേവ്. എല്ലാ ദിവസവും ആയിരകണക്കിനാളുകളാണ് ഇവിടുത്തെ രുചി ആസ്വദിക്കാനായി എത്തുന്നത്. പൊറോട്ടയാണ് ഈ റെസ്‌റ്റോറന്റിലെ പ്രധാന ആകര്‍ഷണം. എങ്കിലും മറ്റ് നിരവധി വിഭവങ്ങളും ഇവിടെയുണ്ട്.
advertisement
പകല്‍ സമയത്തും രാത്രിയിലുമെല്ലാം ഈ റെസ്റ്റോറന്റില്‍ ആളുകള്‍ നിറഞ്ഞിരിക്കും. ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തുന്ന ആളുകളുടെ എണ്ണം നോക്കുമ്പോള്‍ ഈ ഹോട്ടലിന്റെ വരുമാനം കേട്ട് ഞെട്ടേണ്ട കാര്യമില്ല. എന്നാല്‍ പലര്‍ക്കും അറിയില്ല ചെറിയ ഒരു ധാബയായിട്ടായിരുന്നു അമ്രിക് സുഖ്‌ദേവിന്റെ തുടക്കമെന്നത്.
റിയല്‍ എസ്റ്റേറ്റ്, ബിസിനസ് ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന റോക്കി സാഗ്ഗൂ ക്യാപിറ്റല്‍ എന്ന ഇന്‍സ്റ്റഗ്രാം ക്രിയേറ്റര്‍ ആണ് അമ്രിക് സുഖ്‌ദേവിലെ ഒരു സന്ദര്‍ശനത്തെ കുറിച്ചുള്ള വീഡിയോ അടുത്തിടെ പങ്കുവച്ചത്. പ്രശസ്തമായ ഭക്ഷണ വിതരണ രംഗത്തെ പങ്കാളിത്ത ബിസിനസിനെ കുറിച്ച് അദ്ദേഹം വീഡിയോയില്‍ സംസാരിക്കുകയും ഹോട്ടലിലെ ശ്രദ്ധിക്കപ്പെടുന്ന ചില കണക്കുകള്‍ പങ്കുവെക്കുകയും ചെയ്തു.
അമ്രിക് സുഖ്‌ദേവ് ഇന്ന് 100 കോടി രൂപയോളം വാര്‍ഷിക വരുമാനം നേടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിമാസം ഏതാണ്ട് എട്ട് കോടി രൂപയിലധികം വരുമാനം. പ്രതിദിനം 5,000-10,000 പേരാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. ഏകദേശം 500 ഓളം ജീവനക്കാര്‍ ഈ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
1956-ല്‍ സര്‍ദാര്‍ പ്രകാശ് സിംഗ് ഒരു ചെറിയ ധാബ ആയിട്ടാണ് ഇത് തുടങ്ങിയത്. അന്ന് വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ധാബയില്‍ ദാല്‍, റൊട്ടി, സബ്‌സി, ചാവല്‍ തുടങ്ങി വടക്കേന്ത്യക്കാരുടെ അടിസ്ഥാന ഭക്ഷണവിഭവങ്ങള്‍ മാത്രമാണ് വിളമ്പിയിരുന്നത്. ഹൈവേയിലൂടെ കടന്നുപോകുന്ന ട്രക്ക് ഡ്രൈവര്‍മാരായിരുന്നു ധാബയിലെ പ്രധാന ഉപഭോക്താക്കള്‍. അവര്‍ ധാബയ്ക്കു മുന്നിലെ കട്ടിലില്‍ തുറന്ന സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നുവെന്നും റോക്കി വിശദീകരിച്ചു.
1990-ല്‍ പ്രകാശ് സിംഗിന്റെ മക്കളായ അമ്രിക്കും സുഖ്‌ദേവും ബിസിനസില്‍ ചേര്‍ന്നു. അവര്‍ പിതാവിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൂടുതല്‍ ആസൂത്രിതമായ സമീപനത്തിലൂടെ ഭക്ഷണശാല മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചു. ക്രമേണ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മെനു വികസിപ്പിച്ചു. വടക്കേന്ത്യന്‍ വിഭവങ്ങള്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ വിഭവങ്ങളും ഉള്‍പ്പെടുത്തി ഉപഭോക്തൃ അടിത്തറ വിശാലമാക്കി.
വര്‍ഷങ്ങളുടെ വളര്‍ച്ചയില്‍ അമ്രിക് സുഖ്‌ദേവിനെ സഹായിച്ച മൂന്ന് പ്രധാന ഘടകങ്ങളെ കുറിച്ചും റോക്കി വീഡിയോയില്‍ പറയുന്നുണ്ട്.
അതില്‍ ആദ്യത്തേത്, ആദ്യകാല ഉപഭോക്താക്കളില്‍ ഉടമകള്‍ വിശ്വാസം വളര്‍ത്തിയെടുത്തു എന്നതാണ്. ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ക്യാബ് ഡ്രൈവര്‍മാര്‍ക്കും അവര്‍ സൗജന്യമായോ വിലക്കുറവിലോ ഭക്ഷണം നല്‍കി. ഇവര്‍ പിന്നീട് ഹോട്ടലിലെ പതിവ് സന്ദര്‍ശകരായി മാറി. ഇത് ഒരു വിശ്വസ്ത ഉപഭോക്തൃ അടിത്തറ രൂപപ്പെടുത്താന്‍ സഹായിച്ചു.
രണ്ടാമത്തെ ഘടകം രുചിയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത കുടുംബത്തിന്റെ സമീപനമാണ്. ഇന്നും മെനുവില്‍ ചേര്‍ക്കുന്നതിന് മുമ്പ് ഉടമകള്‍ തന്നെ ഓരോ പുതിയ വിഭവവും രുചിച്ചറിയുന്നുവെന്ന് ഉറപ്പാക്കുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിലുള്ള അവരുടെ തുടര്‍ച്ചയായ പങ്കാളിത്തവും പരിശ്രമവുമാണ് ഈ രീതി കാണിക്കുന്നത്.
ഭക്ഷണം വിളമ്പുന്നതിലെ വേഗതയും അളവുമാണ് റോക്കി വളര്‍ച്ചയ്ക്കുള്ള ഘടകമായി മൂന്നാമത് എടുത്തുപറഞ്ഞത്. 150 ടേബിളുകളാണ് ഹോട്ടലിലുള്ളത്. ഓരോ ഉപഭോക്താവിനും 45 മിനുറ്റ് സമയമാണ് ഭക്ഷണം നൽകാനും കഴിക്കാനും എടുക്കുന്നത്. ഇത് പ്രതിദിനം 10,000 ഉപഭോക്താക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ അനുവദിക്കുന്നു. പരസ്യങ്ങളിലൂടെയല്ല വാമൊഴിയിലൂടെ വളര്‍ന്ന സംരംഭമാണിത്. ഒരിക്കലും ഈ ഹോട്ടല്‍ പരസ്യങ്ങളില്‍ ശ്രദ്ധനല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ മാത്രമല്ല അമ്രിക് സുഖ്‌ദേവിന്റെ വിജയഗാഥ ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ടേസ്റ്റ്അറ്റ്‌ലസിന്റെ ലോകത്തിലെ ഏറ്റവും വേറിട്ടുനില്‍ക്കുന്ന 100 റെസ്‌റ്റോറന്റുകളുടെ പട്ടികയിലും അമ്രിക് സുഖ്‌ദേവ് ഇടം നേടിയിരുന്നു.