എന്താണ് മെനോഡിവോഴ്സ്?
സ്ത്രീകളിലെ ആർത്തവവിരാമ കാലഘട്ടം (Menopause) അഥവാ മെനോപോസ് അവരുടെ ദാമ്പത്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനെയാണ് 'മെനോഡിവോഴ്സ്' എന്ന് വിളിക്കുന്നത്. ആർത്തവവിരാമ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഈ ഘട്ടത്തിൽ പങ്കാളിയുമായുള്ള പൊരുത്തക്കേടുകൾ രൂക്ഷമാവുകയും, വർഷങ്ങളായി സഹിച്ചിരുന്ന പ്രശ്നങ്ങൾ ഇനി വേണ്ടെന്ന് സ്ത്രീകൾ തീരുമാനിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം.
പ്രധാന കാരണങ്ങൾ
ഹോർമോൺ വ്യതിയാനങ്ങൾ: ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകളുടെ അളവ് കുറയുന്നത് ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും ദാമ്പത്യത്തിലെ തർക്കങ്ങളിലേക്ക് നയിക്കുന്നു. വർഷങ്ങളായി ദാമ്പത്യത്തിൽ സഹിച്ചിരുന്ന കാര്യങ്ങളിൽ പെട്ടെന്ന് ഒരു മാറ്റം ആഗ്രഹിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നു.
advertisement
സ്വയം തിരിച്ചറിവ്: മക്കളുടെ വിവാഹം കഴിയുന്നതോടെയോ അവർ ജോലി ലഭിച്ച് മാറി താമസിക്കുന്നതോടെയോ, സ്ത്രീകൾ തങ്ങളുടെ ബാക്കി ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ഇത്രയും കാലം ഒരു അമ്മയായും ഭാര്യയായും മാത്രം ജീവിച്ച അവർ, തനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിക്കുന്നത് പുരുഷന്മാർക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നതും വിവാഹമോചനത്തിന് കാരണമാകുന്നു. ദശാബ്ദങ്ങളായി ദാമ്പത്യത്തിൽ അനുഭവിച്ചു വന്ന അവഗണനകളോ വിവേചനങ്ങളോ ഇനി സഹിക്കേണ്ടതില്ലെന്ന ബോധ്യം ഈ ഘട്ടത്തിൽ പല സ്ത്രീകളിലും ശക്തമാകുന്നു.
പുരുഷന്മാരിലെ 'ആൻഡ്രോപോസ്': സ്ത്രീകളിൽ മെനോപോസ് സംഭവിക്കുന്ന അതേ കാലയളവിൽ തന്നെ പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയുന്ന അവസ്ഥ (ഇതിനെ ആൻഡ്രോപോസ് എന്ന് വിളിക്കുന്നു) ഉണ്ടാകാം. ഇത് പുരുഷന്മാരിലും വിഷാദം, തളർച്ച, സ്വഭാവമാറ്റം എന്നിവയ്ക്ക് കാരണമാകാറുണ്ട്. രണ്ടുപേരിലും ഒരേസമയം ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരുമ്പോഴാണ് വിവാഹമോചനം സംഭവിക്കുന്നത്.
മാറുന്ന സാമൂഹിക കാഴ്ചപ്പാട്: പണ്ട് കാലങ്ങളിൽ ബന്ധം വേർപെടുത്തുന്നത് ഒരു മോശം കാര്യമായി കണ്ടിരുന്നെങ്കിൽ, ഇന്ന് പ്രായമേറിയവരും സ്വന്തം സന്തോഷത്തിന് മുൻഗണന നൽകാൻ തയ്യാറാവുന്നുണ്ട്. പങ്കാളിയുമായുള്ള വൈകാരിക ബന്ധം പൂർണ്ണമായും ഇല്ലാതാകുമ്പോൾ, ഒരു വീടിനുള്ളിൽ അപരിചിതരെപ്പോലെ കഴിയുന്നതിനേക്കാൾ നല്ലത് വേർപിരിയുന്നതാണെന്ന് പലരും കരുതുന്നു.
ഈ പ്രവണത ലോകമെമ്പാടും വർധിച്ചുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദാമ്പത്യത്തിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കൃത്യമായ കൗൺസിലിംഗും പങ്കാളിയുടെ മാനസികാവസ്ഥ മനസ്സിലാക്കിയുള്ള പെരുമാറ്റവും അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 'മെനോഡിവോഴ്സ്' എന്ന സാഹചര്യം ഒഴിവാക്കാൻ ദമ്പതികൾക്കിടയിൽ പരസ്പര ധാരണയും കരുതലും അത്യന്താപേക്ഷിതമാണ്. ആർത്തവവിരാമ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് പങ്കാളികൾ രണ്ടുപേരും വ്യക്തമായ അറിവ് നേടിയിരിക്കണം. വീട്ടിലെ ഉത്തരവാദിത്തങ്ങളും ജോലികളും തുല്യമായി പങ്കിടുന്നത് ഈ ഘട്ടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കും. ഒപ്പം, മനസ്സിലുള്ള വിഷമങ്ങളും ആവശ്യങ്ങളും തുറന്നു സംസാരിക്കാനുള്ള ഒരു സാഹചര്യം വീട്ടിലുണ്ടാകണം. കുട്ടികൾ പഠനത്തിനും ജോലിക്കുമായി വീടുവിട്ടു പോകുന്ന ഈ കാലയളവിൽ ദമ്പതികൾക്ക് മാത്രമായി കൂടുതൽ സമയം കണ്ടെത്തുകയും, പുതിയ വിനോദങ്ങളിലോ യാത്രകളിലോ ഏർപ്പെട്ട് തങ്ങളുടെ ബന്ധം ഊഷ്മളമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ശാരീരികമോ മാനസീകമോ അസ്വസ്ഥതകൾ ദാമ്പത്യത്തെ ബാധിക്കുന്നുണ്ടെങ്കിൽ മടിക്കാതെ ഒരു ഡോക്ടറുടെയോ കൗൺസിലറുടെയോ സഹായം തേടുന്നതും ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായിക്കും.
