മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മെസ്സി വന്‍താരയിലെത്തിയത്. അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും അവിടെ വ്യത്യസ്തവും എന്നാല്‍ വളരെ എളിമയുള്ളതുമായ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. മെസ്സിക്കൊപ്പമുള്ള ചിത്രങ്ങളില്‍ ഇവരുടെ വസ്ത്രങ്ങളിലെ ലാളിത്യവും സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു.
രാധിക മുഴുവന്‍ കറുപ്പ് നിറത്തിലുള്ള ഒരു സ്ലീക് ബ്ലൗസും ട്രൗസറുമാണ് ധരിച്ചിരുന്നത്. ഉയര്‍ന്ന ടര്‍ട്ടില്‍നെക്ക്, ഫുള്‍ സ്ലീവ്, ഫിറ്റഡ് സിലൗട്ട് ബ്ലൗസാണ് രാധിക ധരിച്ചത്. ഇതോടൊപ്പം കണങ്കാല്‍ വരെ നീണ്ടുകിടക്കുന്ന സ്‌ട്രെയിറ്റ് കട്ട് ട്രൗസര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ സിംപിള്‍ ആയിട്ടുള്ള കമ്മലും മോതിരവും മാത്രമാണ് ഇതോടൊപ്പം രാധിക അണിഞ്ഞിരുന്നത്. സാധാരണ കാണുന്നതിലും നിന്നും വ്യത്യസ്ഥമായി വളരെ സിംപിളും സ്റ്റൈലിഷുമായിട്ടുള്ള ലുക്കിലാണ് രാധിക മെസ്സിയെ വരവേറ്റത്. മേക്കപ്പിലും വളരെ ശ്രദ്ധിച്ചിട്ടുണ്ട്. അധികം മേക്കപ്പില്ലാതെ വളരെ സ്വാഭാവികത തോന്നുന്ന രീതിയിലാണ് മേക്കപ്പും ചെയ്തിട്ടുള്ളത്. അതേസമയം, അനന്ത് അംബാനി കറുത്ത ഷെര്‍വാണി ധരിച്ച് രാധിക മര്‍ച്ചന്റിനൊപ്പം ജോഡിയായി. ബന്ദ്ഗല കോളറിലുള്ള ഷെര്‍വാണിയില്‍ അലങ്കരിച്ച ബട്ടണ്‍ ഫാസ്റ്റണിംഗുകള്‍ നല്‍കിയിട്ടുണ്ട്. സില്‍ക്ക് പോക്കറ്റ് സ്‌ക്വയറും ശ്രദ്ധിക്കപ്പെട്ടു.
advertisement
പരമ്പരാഗത ശൈലിയിലാണ് മെസ്സിക്ക് വന്‍താരയില്‍ സ്വീകരണം നല്‍കിയത്. ആചാരപരമായ ആരതിയോടെയും പ്രാര്‍ത്ഥനകളോടെയും മെസ്സിയെ അവിടെ വരവേറ്റു. തുടര്‍ന്ന്, വന്യജീവികളുടെ പരിപാലനത്തിലും സംരക്ഷണത്തിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കികൊണ്ട് അംബാനി ദമ്പതികള്‍ വന്‍താരയുടെ വിശാലതയിലേക്ക് അദ്ദേഹത്തെ നയിച്ചു. ഇന്റര്‍ മിയാമി സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും മെസ്സിയോടൊപ്പം വന്‍താരയിലെത്തിയിരുന്നു. ഇവരും ആരതിയിലും മറ്റ് പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു.
വന്‍താര ചുറ്റികണ്ട മൂവരും മൃഗപരിപാലകരുമായും വിദഗ്ദ്ധരുമായും സംവദിക്കുകയും ചെയ്തു. വന്‍താരയുടെ ആവാസവ്യവസ്ഥയുടെ വ്യാപ്തിയും വൈവിധ്യവും ചുറ്റിനടന്ന് ആസ്വദിക്കുകയും ചെയ്തു. ശേഷം, അനന്ത് അംബാനിക്കും രാധിക മര്‍ച്ചന്റിനുമൊപ്പം ജാംനഗറിലെ ഒരു ക്ഷേത്രത്തിലും മെസ്സി സന്ദര്‍ശനം നടത്തി.
