കാല്‍നൂറ്റാണ്ടിലധികമായി ഈ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത ഭാഷ പകര്‍ന്നുനല്‍കുന്നു. വടക്കന്‍ കര്‍ണാടകയില്‍ സംസ്‌കൃതം പഠിപ്പിക്കുന്ന 55-കാരനായ ഷക്കീല്‍ അഹമ്മദ് മൗലാസാബ് അംഗദിയുടെ കഥയാണിത്. 26 വര്‍ഷമായി ഈ മുസ്ലീം അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത ഭാഷ പറഞ്ഞുകൊടുക്കുന്നുണ്ട്. മതമോ പാരമ്പര്യങ്ങളോ സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ ഭാഷാ സ്‌നേഹത്തിന് പരിധി നിശ്ചിയിക്കുന്നില്ലെന്ന് ഷക്കീല്‍ അഹമ്മദ് തന്റെ പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്.
ഇത്തവണ ലോക സംസ്‌കൃത ദിനം ആഘോഷിക്കുമ്പോള്‍ ഷക്കീല്‍ അഹമ്മദും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഓഗസ്റ്റ് 9-ന് എല്ലാ വര്‍ഷവും ലോക സംസ്‌കൃത ദിനം ആഘോഷിക്കുന്നു. ലോക സംസ്‌കൃത ദിനാഷോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി രസകരമായ ഗെയിമുകളും ആകര്‍ഷകമായ മത്സരങ്ങളും അദ്ദേഹം പുരാതന ഇന്ത്യന്‍ ഭാഷയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
advertisement
പത്താം ക്ലാസ് പാസായശേഷം ഷക്കീല്‍ അഹമ്മദ് ഇന്ദി താലൂക്കിലെ ബൊലേഗാവിലുള്ള വൃഷഭ ലിംഗചാര്യ സംസ്‌കൃത പാഠശാലയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഇതാണ് സംസ്‌കൃത ഭാഷയിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന് വഴിത്തിരിവായത്. മഠത്തിലെയും സ്‌കൂളിലെയും എല്ലാ മതപരമായ പരിപാടികളിലും സജീവമായി ഇടപ്പെടുന്ന ഷക്കീലിന്റെ പ്രവൃത്തികള്‍ വൃഷഭ ലിംഗാചാര്യ സ്വാമിജിയുടെ ശ്രദ്ധയാകര്‍ഷിച്ചു. സ്വാമിജി അദ്ദേഹത്തെ സാഹിത്യ കോഴ്സ് പഠിക്കാനായി പ്രോത്സാഹിപ്പിക്കുകയായിരുന്നു.
അങ്ങനെ സ്വാമിജിയുടെ നിർദ്ദേശപ്രകാരം ജംഖണ്ഡിയിലെ ലക്ഷ്മിനരസിംഹ സംസ്‌കൃത പാഠശാലയില്‍ പ്രഹ്ളാദ് ഭട്ടിന്റെ കീഴില്‍ അദ്ദേഹം പിയു സാഹിത്യ കോഴ്‌സ് ചെയ്തു. സ്വാമിജിയുടെ സാംസ്‌കാരിക സ്വാധീനം തനിക്ക് വലിയ പ്രചോദനമായെന്ന് ഷക്കീല്‍ അഹമ്മദ് പറയുന്നു. "ഞാന്‍ 26 വര്‍ഷമായി ബൊലെഗാവ് സംസ്‌കൃത പാഠശാലയില്‍ പഠിപ്പിക്കുന്നു. സംസ്‌കൃതം എനിക്ക് ഒരു ജീവിത ഭാഷയാണ്", അദ്ദേഹം പറഞ്ഞു.
വീട്ടില്‍ ഇസ്ലാമിക പാരമ്പര്യങ്ങളാണ് പിന്തുടരുന്നതെന്നും എന്നാല്‍ തന്റെ സംസ്‌കൃത ഭാഷാ സ്‌നേഹവും അധ്യാപനവും ഒരിക്കലും ഒരു സംഘര്‍ഷത്തിനും കാരണമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാസ്തവത്തില്‍ ഒരു അധ്യാപകനെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനത്തെ നിരവധി ഇസ്ലാമിക മതനേതാക്കള്‍ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളായ അര്‍ഫത്ത്, അര്‍ബാസ്, അല്‍ഫിയ, തസ്ഫിയ എന്നിവരും സംസ്‌കൃതം പഠിക്കുന്നുണ്ട്.
സാമുദായിക ഐക്യത്തിന് ഒരു മാതൃകയാണ് ഷക്കീല്‍ അഹമ്മദിന്റെ പ്രവൃത്തികള്‍. ഒരു ഭാഷയും പഠിക്കുന്നതിന് മതപരമായ തടസ്സമില്ലെന്ന് അദ്ദേഹം കാണിച്ചുതരുന്നു.