10000 ചുവടുകളെന്ന ലക്ഷ്യത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും നിരുത്സാഹപ്പെടരുതെന്ന് നിര്‍ദേശിക്കുകയാണ് ഡോക്ടര്‍മാര്‍. പകരം ഘട്ടം ഘട്ടമായി ചുവടുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കാനും വേഗത്തില്‍ നടക്കാന്‍ ശീലിക്കാനും അവര്‍ എടുത്തു പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് അത് നിയന്ത്രിക്കാനും ഇത് ഗുണകരമാകുമെന്ന് അവര്‍ പറയുന്നു.
നടക്കുമ്പോള്‍ 10000 ചുവടിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ആരോഗ്യഗുണങ്ങള്‍ ആരംഭിച്ചു തുടങ്ങിയതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ പറഞ്ഞു. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഇദ്ദേഹം 10000 ചുവടിലേക്ക് എത്തുന്നതിനായി ഓരോ ദിവസവും 1000 ചുവടുവയ്ക്കുന്നത് ഹൃദ്രോഗ സാധ്യതയും അനുബന്ധ പ്രശ്‌നങ്ങളും ഗണ്യമായി തന്നെ കുറയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. യുകെ ബയോബാങ്ക് പഠനത്തിലെ കണ്ടെത്തലുകളാണ് അദ്ദേഹം ഇതിന് ആധാരമായി ചൂണ്ടിക്കാട്ടയത്.
advertisement
ദിവസം 1000 ചുവടുകള്‍ വീതം കൂടുതലായി നടക്കുന്നത് വളരെയധികം ആരോഗ്യഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. ഹൃദയസംബന്ധമായ പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളില്‍ 17 ശതമാനം കുറവ്, ഹൃദയസ്തംഭനം സംഭവിക്കാനുള്ള സാധ്യതയില്‍ 22 ശതമാനം കുറവ്, ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യതയില്‍ 9 ശതമാനം കുറവ്, പക്ഷാഘാതം സംഭവിക്കാനുള്ള സാധ്യതയില്‍ 24 ശതമാനം കുറവ് എന്നീ നേട്ടങ്ങള്‍ നടക്കുന്നതിലൂടെ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആളുകള്‍ ഒരു ദിവസം അരമണിക്കൂര്‍ നടക്കുന്നത് അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഡോ. കുമാര്‍ നിരീക്ഷിച്ചു. ദിവസത്തിലെ ഏറ്റവും സജീവമായ അരമണിക്കൂറില്‍ വേഗത്തില്‍ നടക്കുന്നത് ഹൃദ്രോഗത്തിനെതിരേ സംരക്ഷണം നല്‍കുന്നതായി കണ്ടെത്തി. "മൊത്തത്തിലുള്ള ചുവടുകളുടെ എണ്ണം കണക്കാക്കാതെ തന്നെ വലിയ ആരോഗ്യഗുണങ്ങളാണ് ഇതിലൂടെ ലഭിച്ചത്. വേഗതയേറിയ നടത്തത്തില്‍ ചെറിയ ഇടവേളയെടുക്കുന്നത് സാവധാനത്തിലും സ്ഥിരമായതുമായ നടത്തത്തേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കിയേക്കാമെന്നാണ് ഇത് സൂജിപ്പിക്കുന്നത്," അദ്ദേഹം പറഞ്ഞു.
10000 ചുവടുകളെന്നത് മികച്ച ആരോഗ്യം കെട്ടിപ്പടുക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്നത് തുടരുകയാണ്. എന്നാല്‍ ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചുവടുകള്‍ മാത്രമാണ് ഒരു ദിവസം നടക്കുന്നതെങ്കില്‍ പോലും അത് ഹൃദയസംബന്ധമായ രോഗങ്ങള്‍ പിടിപെടുന്നത് കുറയ്ക്കുമെന്ന് പഠനത്തിലെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ഒരു ദിവസം 2500 മുതല്‍ 4000 ചുവടുകള്‍ മാത്രം നടന്നാലും അത് മരണനിരക്ക് കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങളുടെ സങ്കീര്‍ണത കുറയ്ക്കുന്നതിനും സഹായിക്കുന്നതായി കണ്ടെത്തി.
രക്താതി സമ്മര്‍ദ്ദമുള്ളവര്‍ക്ക് ചുവടുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവ് വരുത്തുന്നത് പോലും ഗുണകരമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിദിനം 1000 ചുവടുകള്‍ മാത്രം കൂട്ടിച്ചേര്‍ക്കുന്നത് ഹൃദയാരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൊന്നാണ് നടത്തമെന്ന് ഡോക്ടര്‍മാര്‍ ഊന്നിപ്പറഞ്ഞു. ലോകമെമ്പാടുമായി പ്രായപൂര്‍ത്തിയായ 130 കോടി ജനങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നതിനാല്‍ ഈ നിര്‍ദേശത്തിന് വലിയ പ്രധാന്യമുണ്ട്, പ്രത്യേകിച്ച് വലിയ തോതില്‍ വ്യായാമം ചെയ്യാത്ത ആളുകള്‍ക്ക്. കുറഞ്ഞ അളവില്‍ ചുവട് വെച്ചുവേണം ഈ വ്യായാമ പ്രക്രിയ തുടങ്ങാന്‍. ഒരു ദിവസം 500 മുതല്‍ 1000 ചുവടുകള്‍ വരെ വെച്ച് ക്രമേണ ശേഷി വര്‍ധിപ്പിക്കണം. കൂടാതെ വേഗത നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
10000 ചുവടുകളെന്ന നിര്‍ദേശം സൗകര്യപ്രദമായ ഒരു മാനദണ്ഡമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഓരോ അധിക ചുവട് എടുക്കുമ്പോൾ ആരോഗ്യഗുണങ്ങൾ വർധിക്കുകയും ചെയ്തതായി മെഡിക്കല്‍ വിദഗ്ധര്‍ കണ്ടെത്തി. ചെറിയ ഇടവേളകളില്‍ പോലും വേഗത്തില്‍ നടക്കുന്നത് ഹൃദയത്തിന് അധിക സംരക്ഷണം നല്‍കുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു.