നയതന്ത്രബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതികളെ ബംഗലുരുവിൽ അറസ്റ്റു ചെയ്തുവെന്ന വാർത്ത ന്യൂസ് 18 കേരളം തിരുവനന്തപുരം റിപ്പോർട്ടർ വി എസ് അനു ബ്രേക്ക് ചെയ്ത ദിവസം. അറസ്റ്റിനെത്തുടർന്നുള്ള എൻഐഎയുടെ നീക്കങ്ങളുടെ സൂചനകൾ ബംഗലുരുവിൽ നിന്ന് ആർക്കും ലഭ്യമാകാതിരുന്ന നിമിഷങ്ങളിൽ ഞാൻ ന്യൂസ് 18 കേരളത്തിന്റെ ന്യൂസ് ഡെസ്കിലെ ജോലിയിലായിരുന്നു.
അപ്പോഴാണ് എന്നെത്തേടി ആ കോൾ വന്നത്. അറസ്റ്റിന്റെ വിശദാംശങ്ങളാണ് ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ഹൈദരാബാദും ചെന്നൈയും കൊച്ചിയും ജോലി ചെയ്ത കാലങ്ങളിലെ ബന്ധങ്ങൾ തുണയായി. അറസ്റ്റുനടന്ന സമയവും റോഡ്മാർഗം രണ്ടു വാഹനങ്ങളിലായി ഇരു പ്രതികളെയും എത്തിക്കുമെന്ന വിവരവും വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം നീളുമെന്ന സൂചനകളുമടക്കം വിശദമായ വസ്തുതാ റിപ്പോർട്ടിംഗിലേക്ക് അതു നീണ്ടു.
advertisement
മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ വലിയ വിവാദത്തിന് തുടക്കമായപ്പോൾ ഓർമ്മ ഇരുപതു വർഷം പിറകിലേക്ക് പോയി. ഓർമയിൽ, അന്നത്തെ മുഖ്യമന്ത്രിയെ കുഴപ്പിച്ച വിവാദ കാലത്തെ റിപ്പോർട്ടിംഗും മുഖ്യമന്ത്രിയുടെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവും!
1999 സെപ്തംബർ 11 പാർലമെന്‌റ് തെരഞ്ഞെടുപ്പു ദിനം. പഠനം കഴിഞ്ഞ് ദൃശ്യമാധ്യമ രംഗത്ത് ജോലി തുടങ്ങിയിട്ട് അധികമായില്ല. കണ്ണൂർ കല്യാശ്ശേരിയിലെ ഇ.കെ.നായനാരുടെ വീട്ടിലെത്തി. എത്തിയത് പറഞ്ഞ സമയത്തിനും രണ്ടു മണിക്കൂറോളം മുമ്പേ. കല്യാശ്ശേരി പോളിടെക്നിക്കിലെ പോളിംഗ് ബൂത്തിൽ മുഖ്യമന്ത്രി വോട്ടു രേഖപ്പെടുത്തുന്നത് ഷൂട്ട് ചെയ്യണം. വരാന്തയിലെ കസേരകൾ ചൂണ്ടി ഇരിക്കാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളിലാരോ ഒരാളാണ്.
"ഇന്നലെ ഫോൺ ചെയ്ത സജീവ് ആരാണ്?" ഇരുപതുകളുടെ തുടക്കക്കാരായ രണ്ടു മൂന്നു പയ്യന്മാരിൽ നിന്ന് സാക്ഷാൽ ഞാൻ കയ്യുയർത്തി.
"ഇരിക്കൂ. സി എം റെഡിയായിട്ടുണ്ട്. ഇറങ്ങാൻ ഇനിയുമുണ്ടല്ലോ സമയം. നിങ്ങൾക്ക് തിരക്കുണ്ടോ?"
കണ്ണൂരിലെ മറ്റു പ്രമുഖരെക്കൂടി കവർ ചെയ്യേണ്ടതുണ്ടെന്ന് ഒന്നു സൂചിപ്പിച്ചു. "സഖാവ് നേരത്തെ ഇറങ്ങാൻ തയ്യാറാണെങ്കിൽ സന്തോഷം " എന്നു പറഞ്ഞു വെച്ചു.
നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം അകത്തു പോയി. തുടർന്നുള്ള സംഭാഷണം അത്ര വ്യക്തമല്ലെങ്കിലും കേൾക്കാമായിരുന്നു:
"സഖാവ് റെഡിയായിരിക്കുന്ന സ്ഥിതിക്ക് നമുക്ക് നേരത്തെ ഇറങ്ങാമോ? അവർക്ക് വേറെയും ഷൂട്ട് ഉണ്ടെന്ന് തോന്നുന്നു. പത്രക്കാരെയൊക്കെ അറിയിക്കാം, ബുദ്ധിമുട്ടില്ലെങ്കിൽ....!''
പറഞ്ഞു നിർത്തും മുമ്പേ സഖാവ് ഇ കെ നായനാർ പറഞ്ഞു. ആ ശബ്ദം അത്രമേൽ സുദൃഢമായിരുന്നു; അതിനാൽ ഉമ്മറക്കോലായിലേക്ക് അത്രയേറെ വ്യക്തവുമായിരുന്നു.
"വോട്ട് ന് പോകാനുള്ള സമയം നിയ്യ് ഇന്നലെ വിളിച്ചപ്പ പറഞ്ഞല്ലേ? അവർക്ക് മുല്ലപ്പള്ളിയെയോ പപ്പനാവനെയോ എടുക്കണംന്ന്ണ്ടെങ്കിൽ പോട്ടെ. നമ്മളെ ഷൂട്ട് ചെയ്യണംന്നെങ്ങാൻ നീ വിളിച്ച് പറഞ്ഞിനാ?" (അവർ വിളിച്ചപ്പോൾ വോട്ട് ചെയ്യുന്ന സമയം കൃത്യമായി നീ പറഞ്ഞില്ലേ? മുല്ലപ്പള്ളി രാമചന്ദ്രനേയോ സി കെ പത്മനാഭനേയോ ഷൂട്ട് ചെയ്യണമെങ്കിൽ അവർ പോകട്ടെ. എന്നെ ഷൂട്ട് ചെയ്യണമെന്ന് നീ അവരോട് വിളിച്ചു പറഞ്ഞിരുന്നോ?)
പതിഞ്ഞ മട്ടിൽ ഒരു " ഇല്ലാ" അപ്പുറത്തു നിന്നു വന്നു കാണും. അതിനു പോലും ഇടകൊടുക്കാതെ സഖാവ് തുടർന്നു.
"നമ്മള് കമ്മൂണിസ്റ്റാ ഡോ! ഓന്റെ ടീവീല് വരാൻ വേണ്ടിയല്ല, നമ്മളെ പാർട്ടി ജയിക്കാൻ വേണ്ടിയാ നമ്മള് വോട്ട്ഡ്ന്നത്.'' (ടെലിവിഷനിൽ വരാനല്ല, നമ്മുടെ പാർട്ടി സ്ഥാനാർഥി ജയിക്കാനാണ് ഞാൻ വോട്ട് ചെയ്യുന്നത്)
"എന്നാ വിളിച്ച് ഒരു ടാക്സി ബുക്ക് ചെയ്തോ. സമയം പഴയത് തന്നെ!"
നിരാശയിലായ ഞാൻ മുറ്റത്തു വെറുതേ കിടക്കുന്ന സർക്കാർ കാറിലേക്ക് കണ്ണയച്ചു.
സ്വകാര്യ ടെലിവിഷൻ ചാനലുകളായി മലയാളത്തിൽ അന്ന് ഏഷ്യാനെറ്റും സൂര്യയും മാത്രമുള്ള കാലം. വേറൊരിടത്തു നിന്ന് വിഷ്വൽ ഷെയർ ചെയ്യാനും നിർവ്വാഹമില്ല. എന്തായാലും കാത്തിരിക്കുക തന്നെ. ഒടുവിൽ ഒരു ടാക്സി കടന്നു വന്നു. മുഖ്യമന്ത്രി പൂമുഖത്തേക്കിറങ്ങി വന്നു.
'എന്താടോ കാത്തിരുന്നു മുഷിഞ്ഞോ' എന്ന് സ്വതസിദ്ധമായ ശൈലിയിൽ ഞങ്ങളെ നോക്കി ചോദിച്ചു. ഇല്ലെന്ന് വെറുതെ തലയാട്ടി ഞങ്ങൾ ഞങ്ങളുടെ വണ്ടി ലക്ഷ്യമാക്കി നടന്നു. പുഞ്ചിരി വിടർന്ന മുഖവുമായി സ്റ്റേറ്റുകാർ കടന്ന് ടാക്സിയിൽ കയറുന്ന മുഖ്യമന്ത്രിയെ ഒരു തിരിഞ്ഞു നോട്ടത്തിൽക്കണ്ടു.
സീൻ രണ്ടിൽ പോളിംഗ് ബൂത്താണ്. സഖാവ് നായനാർ വോട്ടിടാനെത്തി. വിരലിൽ മഷി തേച്ച് ബാലറ്റുമായി വോട്ടിംഗ് ടേബിളിലെത്തി. ടേബിളിനെപ്പൊതിഞ്ഞ ഒട്ടേറെ ക്യാമറകൾക്കിടയിൽ ഞങ്ങളുടെ ഒരേയൊരു വീഡിയോ ക്യാമറ ഉയർന്നു നിന്നു. ബൂത്ത് തയ്യാറാക്കിയ ക്ലാസ് മുറിയുടെ ജനാലകളിലും വാതിലിലും നിരവധി കണ്ണുകൾ! ചുരുക്കിപ്പറഞ്ഞാൽ ഒരു തരി വെളിച്ചമില്ല അകത്ത്. പതിവിലും നേരമെടുത്ത് മുഖ്യമന്ത്രി ബാലറ്റിൽ സീൽ കുത്തി.
ഒന്നു പുരികമുയർത്തി പ്രിസൈഡിംഗ് ഓഫീസറെ നോക്കി.
"ഇത് പതിഞ്ഞോഡോ!"
ഭവ്യതയോടെ ഓടിച്ചെന്ന ഉദ്യോഗസ്ഥനോട് വീണ്ടും:
"ഇതു തെളിഞ്ഞോ?"
മുറി മുഴുവൻ ഫ്ലാഷ് ലൈറ്റുകളുടെ തിളക്കം. ബാലറ്റ് പരിശോധിച്ച ഉദ്യോഗസ്ഥൻ സീൽ പതിഞ്ഞെന്ന് ഉറപ്പാക്കി, വോട്ട് പെട്ടിയിലാക്കി. ക്യാമറാമാൻ ബിനു വിയർത്തു കുളിച്ച് പുറത്തു കടന്നു. ഒപ്പം ഞാനും. തെരഞ്ഞെടുപ്പു നാളിലെ തിരക്കിന്റെ ക്ഷീണത്തിൽ ഉറക്കം ഗാഢമായിരുന്നു. ഏലിയാസ് സാറിന്റെ ഫോൺ കോളാണ് ഉണർത്തിയത്. പുറത്തു കിടന്ന പത്രത്തിന്റെ മുൻതാളിൽത്തന്നെ വലിയ പടം! മുഖ്യമന്ത്രി ഇ കെ നായനാർ ബാലറ്റ് ഉയർത്തിക്കാട്ടുന്നു!
ഞങ്ങൾ ടേപ്പ് റിവൈൻഡ് ചെയ്തു. പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുള്ള നടപടിയെന്നും ഗുരുതരമായ ചട്ടലംഘനമെന്നുമൊക്കെ വ്യാഖ്യാനം വന്നു.
അന്ന് ഒരേയൊരു ഫോട്ടോഗ്രാഫർ ഒരു ആംഗിളിൽ എടുത്ത പടം മാത്രമാണ് ബാലറ്റ് ഉയർത്തിക്കാട്ടുന്നുവെന്ന തോന്നലുണ്ടാക്കിയത് എന്ന് ബോധ്യമായി. പിന്നെ സത്യം വെളിപ്പെടുത്താനുള്ള റിപ്പോർട്ടിംഗ്. സൂര്യ ടിവിയിലെ പ്രൈം പ്രോഗ്രാമായ അണിയറയിലൂടെ മലയാളികൾ വസ്തുതകൾ കണ്ടറിഞ്ഞു.
മുഖ്യമന്ത്രി കുറ്റം ചെയ്തിട്ടില്ലെന്ന കോടതി വിധി വരാൻ പിന്നീട് കുറെ നാളെടുത്തു. മുഖ്യമന്ത്രി തെറ്റുകാരനല്ലെന്ന് അന്നുതന്നെ ജനങ്ങൾക്കിടയിൽ ധാരണയുണ്ടാക്കാൻ ഞങ്ങളുടെ റിപ്പോർട്ടിംഗിന് കഴിഞ്ഞുവെന്ന് വേണം കരുതാൻ.
ഏറ്റവും കരുതലോടെ പ്രവർത്തിച്ച ഇ കെ നായനാർ എന്ന മനുഷ്യനെ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച സംഭവത്തിന് സാക്ഷിയായതും അതിൽ ലേഖകൻ എന്ന നിലയിൽ ഇടപെടാനായതും ഒരു നിയോഗമായി കാണുന്നു.