അക്കാലത്ത് കുതിരകളെയായിരുന്നു സവാരിക്ക് വേണ്ടി കാര്യമായി ഉപയോഗിച്ചിരുന്നത്. ഫാഷനായിരുന്നില്ല അന്ന് ഹീലുള്ള ചെരിപ്പുകൾ നിർമ്മിച്ചതിന് പിന്നിലെ കാരണം. പട്ടാളക്കാരുടെ സൌകര്യമായിരുന്നു കാരണം. കുതിരപ്പുറത്ത് നന്നായി ബാലൻസ് ചെയ്ത് ഇരിക്കുന്നതിനും മറ്റും ഹൈ ഹീലുള്ള ചെരിപ്പുകൾ പട്ടാളക്കാർക്ക് സഹായമായിരുന്നു.
പേർഷ്യക്കാർ യൂറോപ്പിലേക്ക് കുടിയേറി തുടങ്ങിയതോടെ ഹീലുള്ള ചെരിപ്പുകളും അവർക്കൊപ്പമുണ്ടായിരുന്നു. 16ാം നൂറ്റാണ്ടിൽ പേർഷ്യൻ ഭരണാധികാരി ഷാ അബ്ബാസുമായും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുമായും അടുത്ത ബന്ധം തുടങ്ങിയതോടെയാണ് യൂറോപ്പിലെ പുരുഷൻമാർ ഹൈ ഹീൽ ജീവിതത്തിൻെറ ഭാഗമാക്കിയതെന്ന് ബാറ്റ ഷൂ മ്യൂസിയം ഡയറക്ടറും സീനിയർ ക്യുറേറ്ററുമായ എലിസബത്ത് സെമ്മൽഹാക്ക് ഡെയ‍്‍ലി ആർട്ട് മാഗസിനോട് പറഞ്ഞു. അക്കാലത്ത് ഏറ്റവും വലിയ കുതിരപ്പട്ടാളം ഉണ്ടായിരുന്നത് ഷാ അബ്ബാസിനായിരുന്നു. യുദ്ധമുഖത്ത് പട്ടാളക്കാരുടെ കാലുകളിൽ ഹൈ ഹീലുള്ള ചെരിപ്പുകളാണ് ഉണ്ടായിരുന്നത്.
advertisement
മധ്യകാല പെയിൻറിങ്ങുകളിലും പുരുഷ പ്രഭുക്കൻമാർ ഹൈ ഹീലുളള ചെരിപ്പ് ഉപയോഗിക്കുന്നത് കാണാം. കൂടുതൽ ഉയരം തോന്നിക്കുന്നതിന് കൂടി വേണ്ടിയാണ് അവർ ഇത്തരത്തിലുള്ള ചെരിപ്പുകൾ ഉപയോഗിച്ചത്. ലൂയി പതിനാലാമൻ ഓറഞ്ച് ബ്ലോക്ക് ഹൈ ഹീൽ ചെരിപ്പ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രം പ്രശസ്തമാണ്. ഹൈസിന്തെ റിഗോഡ് എന്ന കലാകാരനാണ് ഈ പെയിൻറിങ് വരച്ചിട്ടുള്ളത്. വെനീസിലെയും ഇറ്റലിയിലെയും പ്രഭുക്കൻമാരും ഹൈ ഹീലുള്ള ചെരിപ്പുകൾ തന്നെയാണ് ധരിച്ചിരുന്നത്.
എന്നാലിപ്പോൾ കാലം മാറി, കഥയും മാറി. ആധുനിക കാലത്ത് ഹൈ ഹീലുകൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യേക ഉപയോഗമൊന്നും പറയാനാവില്ല. അത് ഫാഷൻെറ ഭാഗമായിരിക്കുകയാണ്. പുരുഷൻമാർക്ക് പകരം സ്ത്രീകളാണ് ഹീലുള്ള ചെരിപ്പുകൾ ഇന്ന് ഉപയോഗിക്കുന്നത്. സ്ട്രാപ്പി ഹീലുകളുടെ തിരിച്ചുവരവാണ് 2022ൽ ഫാഷൻ ലോകത്തെ വലിയൊരു മാറ്റം. കിം കർദഷ്യൻ, റിഹാന്ന, ബെല്ല ഹാദിദ്, ഇറിന ഷെയ്ക് എന്നിവരോടെല്ലാം ഈ പുതിയ തരംഗത്തിന് ഫാഷൻ ലോകം കടപ്പെട്ടിരിക്കുന്നു. ആമിന മുവദ്ദി എന്ന ഫൂട്ട‍്‍വെയർ ഡിസൈനർ ചതുരത്തിലുള്ള ഹീലുകളോട് കൂടിയ ചെരിപ്പുകൾ കൂടി ഡിസൈൻ ചെയ്തതോടെ അതും തരംഗമായിരിക്കുകയാണ്. ബ്ലോക്ക് ഹീൽ ചെരിപ്പുകളും വിപണിയിൽ വിറ്റഴിയുന്നുണ്ട്. സ്റ്റൈലും സുരക്ഷിതത്വവും ഒരുപോലെ നൽകാൻ സാധിക്കുമെന്നതാണ് ഇത്തരം ചെരിപ്പുകളുടെ പ്രത്യേകത.
