നൂതനാശയരൂപീകരണം പ്രോത്സാഹിപ്പിക്കാൻ ചുമതലപ്പെട്ട സര്‍ക്കാരിന്റെ കെ-ഡിസ്കിന്റെ പിന്തുണയോടെ ആദ്യ ഘട്ടമായി ഒന്നരലക്ഷം രൂപ പദ്ധതിക്കായി ലഭിച്ചു കഴിഞ്ഞു. വെബ് ഡൊമൈൻ തയാറാക്കലും ലോഞ്ചിങ്ങും കഴിഞ്ഞു. ഇപ്പോൾ വെബ് ക്രിയേഷൻ നടപടികളാണ് പുരോഗമിക്കുന്നത്. രജിസ്ട്രേഷൻ നടപടികളും ആരംഭിച്ചു. വളർത്തുമൃഗങ്ങളുടെ ഇനം, സെക്സ്, വയസ്, തൂക്കം, വാക്സിനേഷൻ വിവരങ്ങൾ, ഉടമയുടെ വിവരങ്ങൾ എന്നിവയെല്ലാം വെബ്സൈറ്റിൽ ലഭിക്കും. വളർത്തുമൃഗ ഉടമകൾക്ക് കെന്നൽ ക്ലബ് ഓഫ് ഇന്ത്യ നമ്പർ ഉണ്ടെങ്കിൽ അത് ചേർക്കാനും സൗകര്യമുണ്ട്. ഉപഭോക്താക്കൾക്ക് https://vet-igo.in/ എന്ന വെബ് ഐഡിയിലൂടെ ലോഗിൻ ചെയ്യാം.
advertisement
ഇപ്പോൾ വളർത്തുനായകളെ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ. വരും നാളുകളിൽ പൂച്ച ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ കൂടി ഉള്‍ക്കൊള്ളിക്കും. ഇതുകൂടാതെ ഓൺലൈൻ വഴി വെറ്ററിനറി കൺസൾട്ടേഷൻ സൗകര്യവുമുണ്ടാകുമെന്ന് അബിൻ ജോയി ഡെക്കാൻ ക്രോണിക്കിളിനോട് പറഞ്ഞു.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വളർത്തുമൃഗങ്ങൾക്കായി ഇത്തരമൊരു ഓൺലൈൻ 'മാട്രിമോണി പോർട്ടൽ' ഇതാദ്യമായിട്ടാണെന്ന് വെറ്ററിനറി സയൻസ് ബാച്ചിലർ കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പ് ചെയ്യുന്ന ജോയ് പറയുന്നു. ഇണചേരൽ ആവശ്യങ്ങൾക്കായി വളർത്തുമൃഗങ്ങളുടെ ഉടമകളെ ബന്ധിപ്പിക്കുന്നതിന് പ്ലാറ്റ് ഫോമുകളുണ്ട്. എന്നാൽ വളർത്തുമൃഗങ്ങളുടെ വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കില്ല. അതിനാൽ വളർത്തുമൃഗങ്ങളുടെ പ്രൊഫൈലുകളും ചിത്രങ്ങളും നൽകുന്ന ഈ പോർട്ടൽ ഉടമകൾക്ക് അനുയോജ്യമായ ഇണയെ തെരഞ്ഞെടുക്കുന്നത് എളുപ്പമാക്കുന്നു.
ഉടമകൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും അവരുടെ വളർത്തുമൃഗങ്ങളുടെ വിശദാംശങ്ങളും അവയുടെ ചിത്രങ്ങളും പ്രസിദ്ധീകരിക്കാനും കഴിയും. ഉടമകൾക്ക് സൈറ്റിൽ നിന്ന് അനുയോജ്യരായ വളർത്തുമൃഗത്തെ കണ്ടെത്താനും അതിന്റെ ഉടമയുമായി ബന്ധപ്പെടാനും കഴിയും. നിരക്കുകളും മറ്റ് നിബന്ധനകളും വ്യവസ്ഥകളും അവരാണ് തീരുമാനിക്കേണ്ടത്. ഇതുവരെ 50 ഓളം വളർത്തുമൃഗങ്ങളുടെ വിശദാംശങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോർട്ടലിനെക്കുറിച്ച് മതിയായ പ്രചാരണം നൽകിക്കഴിഞ്ഞാൽ കൂടുതൽ രജിസ്ട്രേഷനുകൾ പ്രതീക്ഷിക്കുന്നു- ജോയ് പറഞ്ഞു.
വളർത്തുമൃഗങ്ങളുടെ ഇണചേരൽ സമയത്തിൽ യോജിച്ച വളർത്തുമൃഗങ്ങളെ കണ്ടെത്താൻ വളർത്തുമൃഗ ഉടമകൾക്ക് പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ജോയിയുടെ ഗൈഡും KVASU ടെക്നോളജി ബിസിനസ് ഇൻകുബേഷൻ സെന്ററിലെ അസി. പ്രൊഫസറുമായ ഡോ. ദീപ ആനന്ദ് പറഞ്ഞു. ഇണകളെ വേഗത്തിൽ കണ്ടെത്താൻ വളർത്തുമൃഗങ്ങളുടെ ഉടമകളെ സഹായിക്കുന്ന പോർട്ടൽ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാനാകും.
നിലവിൽ സേവനം സൗജന്യമാണ്. പിന്നീട് സേവനത്തിന് നാമമാത്രമായ ഫീസ് ഈടാക്കുകയും ചെയ്യും.